ഗീതാദര്‍ശനം
Tuesday 14 August 2018 2:48 am IST
(അധ്യായം18, ശ്ലോകം-48)
കര്‍മാനുഷ്ഠാനങ്ങളുടെ അന്തിമലക്ഷ്യം ജ്ഞാനം ലഭിക്കുക എന്നതാണല്ലോ. എങ്കില്‍ പിന്നെ ഹിംസ, കള്ളം മുതലായ ദോഷങ്ങളുള്ള കര്‍മങ്ങള്‍ ചെയ്യാതെ, ജ്ഞാനത്തിനുവേണ്ടി പരിശ്രമിക്കുകയല്ലേ വേണ്ടത്. ഈ കര്‍മാനുഷ്ഠാനം കൊണ്ട് എന്തു ഫലം?
കഴിഞ്ഞ ജന്മങ്ങളിലെ കര്‍മങ്ങളുടെ സംസ്‌കാരമാണ് ഈ ജന്മത്തിലെ പ്രവര്‍ത്തികള്‍ക്ക് രൂപംകൊടുക്കുന്നത്. അതുകൊണ്ടാണ്- ''സഹജം കര്‍മ'' എന്ന് പറയുന്നത് അവ ''സദോഷം-ത്രിഗുണങ്ങളില്‍നിന്ന് ഉദ്ഭവിക്കുന്നതുകൊണ്ട്, ഏതു കര്‍മത്തിന് ദോഷങ്ങള്‍ ഉണ്ടാവും എന്നും പറയുന്നു. വേദത്തില്‍ വിധിച്ച അശ്വമേധാദി കര്‍മങ്ങളില്‍, ഹിംസ എന്ന ദോഷം ഉണ്ട്. ദാനം എന്ന കര്‍മത്തില്‍ ദാനം ചെയ്യുന്ന വസ്തുവിന്റെ യോഗ്യതയില്ലായ്മയും, ദാനം വാങ്ങുന്ന വ്യക്തിയുടെ യോഗ്യതയില്ലായ്മയും ദോഷങ്ങളാണ്. ക്ഷത്രിയന്റെ പ്രജാപാലനത്തിലും കുറ്റം ചെയ്തവരെ വധശിക്ഷയ്ക്ക് വിധേയരാക്കുക ജയിലില്‍ പാര്‍പ്പിക്കുക മുതലായ ദുഷ്ടകര്‍മങ്ങള്‍ ചെയ്യേണ്ടിവരും. എന്നുവച്ച് ആ കര്‍മങ്ങള്‍ ചെയ്യാതിരിക്കരുത്. മനസ്സിലെ കാമം, ക്രോധം മുതലായ മാലിന്യങ്ങള്‍ നശിച്ച്, പരമജ്ഞാനം നേടാന്‍ വേണ്ടി കര്‍മം ചെയ്യുക തന്നെ വേണം.
സര്‍വാരംഭാഃ ദോഷേണ ആവൃതാഃ
(അധ്യായം 18 ശ്ലോകം 8)
എല്ലാവിധ ലൗകിക, വൈദിക കര്‍മങ്ങളും എന്തെങ്കിലും ദോഷങ്ങള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്നവയാണ്. കര്‍മത്തിന്റെ തുടക്കം (ആരംഭം) മുതല്‍ തന്നെ, പാപമോ, ദുഃഖമോ തടസ്സങ്ങളോ ഉണ്ടായേക്കാം.
''എല്ലാ കര്‍മങ്ങളും ഭഗവാന്റെ ആരാധനയായി തന്നെ ചെയ്യുന്നുവെങ്കില്‍ ദോഷമില്ല''
പരമേശ്വരാരാധനാവ്യതിരിക്താഃ
എന്ന് ആചാര്യന്‍ പറയുന്നു. കര്‍മയോഗമോ ജ്ഞാനയോഗമോ അഷ്ടാംഗയോഗമോ മറ്റേത് സാധനാനുഷ്ഠാനങ്ങളും ഭഗവദ് ആാരാധനയായി ചെയ്യുന്നില്ല എങ്കില്‍ ദോഷാവൃതങ്ങള്‍ തന്നെയാണ്.
ഉദാഹരണം പറയുന്നു-
അഗ്നി-ധൂമേന ഇവകത്തിജ്വലിക്കുന്ന അഗ്നി നമ്മുടെ തണുപ്പ് അകറ്റും ഇരുട്ടുനീക്കും. പക്ഷേ ജലസ്പര്‍ശം ഉള്ള വിറകാണ് കത്തുന്നതെങ്കില്‍ പുക(ധൂമം) ഉണ്ടാകും. പ്രകാശത്തിനും ചൂടിനും കുറവുണ്ടാകും. എന്നുവച്ച് അഗ്നി ജ്വലിപ്പിക്കാതിരുന്നാല്‍ തണുപ്പ് ഒട്ടും തന്നെ കുറയുകയില്ല; ഇരുട്ടും നീങ്ങുകയില്ല. അതുപോലെ കര്‍മം ചെയ്തു മനസ്സു ശുദ്ധീകരിച്ചില്ലെങ്കില്‍, ഹൃദയം ശുദ്ധമാവുകയില്ല, യഥാര്‍ഥ ജ്ഞാനവും ഉണ്ടാവുകയില്ല.
അതിനാല്‍ സഹനങ്ങളായ ലൗകിക, വൈദികകര്‍മങ്ങളും വര്‍ണധര്‍മങ്ങളും ആശ്രമധര്‍മങ്ങളും ഭഗവാന് ആരാധനയാവും വിധം അനുഷ്ഠിച്ച്, കര്‍മശുദ്ധിയും ഹൃദയശുദ്ധിയും നേടി, ജ്ഞാനയോഗമോ ഭക്തിയോഗമോ അനുഷ്ഠിച്ച്, പരമപദത്തിലെത്താം എന്ന് ഭഗവാന്‍ പറയുന്നു.
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment