ഏഴരവെളുപ്പിനെണീറ്റ് കുളിച്ച് പതിവായി തേവാരം കഴിക്കുന്നതെന്തിനെന്ന് അകവൂര്‍ നമ്പൂതിരിപ്പാടിനോട് ഒരിക്കല്‍ ചാത്തന്‍ ചോദിച്ചു. ഞാന്‍ പരബ്രഹ്മത്തെ സേവിക്കുന്നുണ്ടെന്നായിരുന്നു നമ്പൂതിരിപ്പാടിന്റെ മറുപടി. പരബ്രഹ്മം എങ്ങനെയിരിക്കും എന്നായി ചാത്തന്‍. നമ്മുടെ മാടന്‍ പോത്തിനെ പോലെയിരിക്കും എന്ന് നമ്പൂതിരിപ്പാട് പരിഹാസത്തോടെ പറഞ്ഞു. തുടര്‍ന്നങ്ങോട്ട് ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. നാല്‍പ്പതു ദിവസം പിന്നിട്ടപ്പോള്‍ പരബ്രഹ്മം മാടന്‍ പോത്തിന്റെ രൂപത്തില്‍ ചാത്തനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് പരബ്രഹ്മം ചാത്തന്റെ സന്തതസഹചാരിയായി. അയാള്‍ പറയുന്ന ജോലികളും ചെയ്യുമായിരുന്നു. മാടന്‍ പോത്ത് അരൂപിയായിരുന്നതിനാല്‍ നമ്പൂതിരിപ്പാട് ഇക്കാര്യമൊന്നും അറിഞ്ഞിരുന്നില്ല.
ഒരിക്കല്‍ നമ്പൂതിരിപ്പാടിന് തെക്കേദിക്കിലേക്ക് ഒരു യാത്രയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാണ്ഡമെടുപ്പിക്കാന്‍ ചാത്തനേയും കൂടെ കൂട്ടി. ചാത്തന്‍ ആ ഭാണ്ഡം മാടന്‍ പോത്തിന്റെ പുറത്തു കെട്ടി ചുമപ്പിച്ചു. യാത്രയ്ക്കിടെ പ്രസിദ്ധമായ ഓച്ചിറപ്പടനിലം എന്ന സ്ഥലത്തെത്തിയപ്പോള്‍ വിസ്താരം കുറഞ്ഞൊരു വാതിലിലൂടെ കടന്നു പോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാടും ചാത്തനും വാതിലിലൂടെ കടന്നെങ്കിലും പോത്തിന്റെ കൊമ്പുകള്‍ വാതില്‍ക്കല്‍ തടഞ്ഞു. ഇതുകണ്ട ചാത്തന്‍ മാടന്‍ പോത്തിനോട് 'ചരിച്ചു കടത്തൂ' എന്ന് പറഞ്ഞു. നമ്പൂതിരിപ്പാടു തിരിഞ്ഞുനോക്കിയെങ്കിലും മാടന്‍ പോത്തിനെ ദൃശ്യമാകാത്തതു കാരണം ചാത്തന്‍ സംസാരിക്കുന്നത് ആരോടാണെന്ന് മനസ്സിലായില്ല. നീ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച നമ്പൂതിരിപ്പാടിനോട് മാടന്‍ പോത്തിനോടെന്ന് ചാത്തന്‍ പറഞ്ഞു. ഏതു മാടന്‍ പോത്തെന്നായി നമ്പൂതിരിപ്പാട്. അങ്ങു പറഞ്ഞതു പ്രകാരം അടിയന്‍ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയ പോത്തെന്ന് ചാത്തന്‍ വീണ്ടും പറഞ്ഞു. ഇതുകേട്ട നമ്പൂതിരിപ്പാട് ചാത്തനെ തൊട്ടുകൊണ്ടു നോക്കിയപ്പോള്‍ മാടന്‍ പോത്തിന്റെ രൂപത്തില്‍ നില്‍ക്കുന്ന പരബ്രഹ്മത്തെ കണ്ടു. എന്നേക്കാള്‍ ഭക്തി നിനക്കു തന്നെയാണെന്നു പറഞ്ഞ നമ്പൂതിരിപ്പാട് ചാത്തനേയും പരബ്രഹ്മത്തെയും തൊഴുതു. അതോടെ മാടന്‍ പോത്ത് ഭൂമിയിലേക്ക് താണു. അടിയന്റെ പോത്തില്ലാതെ അടിയന്‍ വരികയില്ലെന്നു പറഞ്ഞ ചാത്തനും അവിടെ ഇരിപ്പായി. അപ്പോള്‍ പിന്നെ എനിക്കെന്താണു ഗതിയെന്നു ചോദിച്ച നമ്പൂതിരിപ്പാടിനോട് മേലോട്ട് കയറുണ്ടല്ലോ, അതു പിടിച്ച് കേറിക്കോളണം എന്നു ചാത്തന്‍ മറുപടി നല്‍കി. വേദം കൊണ്ട് മോക്ഷത്തെ പ്രാപിക്കുക എന്നായിരുന്നു ആ പറഞ്ഞതിന് അര്‍ഥം.
കുറച്ചു കാലം കൂടി പരബ്രഹ്മത്തെയും ധ്യാനിച്ചു കഴിഞ്ഞു കൂടിയ ചാത്തന്‍ ഒടുവില്‍ അവിടെ ആണ്ടുതോറും പതിവുള്ള പടയില്‍ ചേര്‍ന്ന് മരിച്ചു.
പന്തിരുകുലത്തിലൊരാളായ പെരുന്തച്ചനും അനേകം ദിവ്യകര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. സ്വന്തം ദേശത്തെ ക്ഷേത്രത്തില്‍ ഒരിക്കല്‍ ഊരാണ്‍മക്കാരുടെ ആവശ്യപ്രകാരം പെരുന്തച്ചന്‍ ഒരു കുളം പണിതു. കുളം കുഴിച്ച് കല്ലു പണിതു തുടങ്ങിയപ്പോള്‍ ഊരാണ്‍മക്കാരില്‍ ചിലര്‍ കുളം നീളത്തിലിരിക്കണമെന്നും ചിലര്‍ ചതുരത്തില്‍ വേണമെന്നും വാദിച്ചു. വട്ടത്തിലാവണമെന്നായിരുന്നു ചിലരുടെ വാദം. ഒടുവിലത് തര്‍ക്കമായി. നിങ്ങളാരും തര്‍ക്കിക്കേണ്ട, കുളം വട്ടത്തില്‍, നീളത്തില്‍, സമചതുരത്തില്‍, ത്രികോണമായിട്ട് കോഴിമുട്ട രൂപത്തില്‍ ഉണ്ടാക്കാം എന്നായി പെരുന്തച്ചന്‍.
കുളത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍, കുളത്തിന്റെ ഓരോരോ ഭാഗത്തു നിന്നും നോക്കുമ്പോള്‍ അത് ചതുരത്തിലും വട്ടത്തിലും നീളത്തിലുമെല്ലാം ദൃശ്യമായി. പക്ഷേ ദിക്കറിയാന്‍ പ്രയാസമായതിനാല്‍ ബ്രാഹ്മണര്‍ ആ കുളത്തില്‍ കുളിച്ച് നിത്യകര്‍മങ്ങള്‍ക്ക് വരാതെയായി.
janmabhumi
No comments:
Post a Comment