Thursday, August 02, 2018

യ്യായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം. ഇതിനു തുടക്കം കുറിച്ചതോ ചെറിയൊരു കുടുംബ കലഹം. അതും അസൂയയില്‍നിന്നും അധികാരമോഹത്തില്‍നിന്നും ഉളവായത്. പാരമ്യത്തിലെത്തിച്ചേര്‍ന്നപ്പോള്‍ അതൊരു മഹായുദ്ധമായി- മഹാഭാരതയുദ്ധം. കുരുക്ഷേത്രത്തില്‍ വച്ച് പാണ്ഡവ കൗരവന്മാര്‍ തമ്മില്‍. ഉറ്റവരും ഉടയവരും തമ്മില്‍, സ്വന്തക്കാരും ബന്ധുക്കളും തമ്മില്‍. ശിഷ്യന്മാരും ഗുരുക്കന്മാരും തമ്മില്‍. അതവസാനിച്ചതോ ലക്ഷക്കണക്കിനു മനുഷ്യരുടെ ചോരക്കളത്തില്‍, മനുഷ്യര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ആനകളും കുതിരകളും ചത്തുവീണു.
എന്നാല്‍, ഈ യുദ്ധാരംഭത്തിനു തൊട്ടുമുന്‍പ് വേറൊരു മഹാസംഭവവും നടന്നു; നൂറ്റാണ്ടുകളിലൂടെ സഹസ്രാബ്ദങ്ങളിലൂടെ അതിജീവിച്ച്, ലോകമെമ്പാടും മനുഷ്യരാശിയെ മുഴുവന്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന, ഉണര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മഹത് സന്ദേശത്തിന്റെ ജന്മം- കുരുക്ഷേത്രത്തില്‍വച്ച് പാര്‍ത്ഥസാരഥിയായി വര്‍ത്തിച്ച സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനു നല്‍കിയ സന്ദേശം. അര്‍ജ്ജുനനെ വിഷാദരോഗത്തില്‍നിന്നും കര്‍മയോഗത്തിലേക്കുയര്‍ത്തിയ മാന്ത്രിക സന്ദേശം. മരണഭയമുള്‍പ്പെടെയുള്ള എല്ലാ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും ആന്തരിക സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ആത്യന്തികമായി അറുതിവരുത്തുന്ന ഒരേയൊരു മറുമരുന്ന്. അനന്തവും അപാരവുമായ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ആനന്ദസ്രോതസ്സായിരിക്കുന്ന ആത്മസ്വരൂപത്തെ അനാവരണം ചെയ്യുന്ന ഒരു അഭൗമ ജ്ഞാനം വെളിപ്പെടുത്തുന്ന, അമൃതസ്യന്ദീസന്ദേശം.
1940കളില്‍ ഒരു യുവ പത്രപ്രവര്‍ത്തകന്‍, തനിക്കു ലഭിച്ച ആംഗലേയ വിദ്യാഭ്യാസത്തിന്റെയും ഉള്‍ക്കൊണ്ട പാശ്ചാത്യ സംസ്‌കാരത്തിന്റെയും ഔന്നിത്യത്തില്‍ ഭാരതത്തിലെ സന്ന്യാസി സമൂഹത്തിന്റെ ചൂഷണ വഴികളെപ്പറ്റി ഒരു ലേഖനം തയ്യാറാക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തു. അതിനായി അവരുടെ സങ്കേതമായ ഋഷികേശിലേക്കു പോയി. പ്രശസ്തമായ ശിവാനന്ദാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. തന്റെ അദമ്യമായ വിമര്‍ശനബുദ്ധിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ അവിടെ ഏതാനും ദിവസം തങ്ങി. പ്രശസ്ത സന്ന്യാസിവര്യനും ശിവാനന്ദാശ്രമ സ്ഥാപകനുമായിരുന്ന ശിവാനന്ദസ്വാമികളെ കാണുകയും അദ്ദേഹത്തിന്റെ സേവനതല്‍പരവും എന്നാല്‍ ലളിതവും തപോമയവുമായ ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയും പലതവണ സ്വാമികളുമായി അഭിമുഖവും തുറന്ന സംവാദങ്ങളും നടത്തുകയുമുണ്ടായി. തന്റെ ഉള്ളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരുന്ന എല്ലാ സമസ്യകള്‍ക്കും പക്വവും ബുദ്ധിപൂര്‍വവുമായ ഉത്തരം കിട്ടി. കടുത്ത വിമര്‍ശകനായെത്തിയ ബാലകൃഷ്ണ മേനോന്‍ വിനയാന്വിതനായ ഒരു ആത്മീയ സത്യാന്വേഷിയായി രൂപാന്തരപ്പെട്ടു.
ബാലകൃഷ്ണ മേനോന്‍ സ്വാമി ചിന്മയാനന്ദനായി. സത്യാന്വേഷണ പാതയില്‍ മേനോനില്‍ കണ്ട തീവ്രേച്ഛ അദ്ദേഹത്തെ ശിവാനന്ദ സ്വാമികളുടെ നിര്‍ദേശപ്രകാരം തപോവന സ്വാമികളുടെ സന്നിധിയില്‍ എത്തിച്ചു. മഹാത്യാഗിയും തപസ്സില്‍ അദ്വിതീയനും ഹിമാലയത്തില്‍ അന്ന് ഹിമവദ്‌വിഭൂതിയെന്ന ഖ്യാതി ആര്‍ജിച്ചിരുന്ന തപോവന സ്വാമികള്‍ വേദാന്ത സമാരാധ്യ ഗുരുവായിരുന്നു. ശ്രോത്രിയത്വവും ബ്രഹ്മനിഷ്ഠയും സമഞ്ജസമായി സമ്മേളിച്ച ഒരു അതുല്യപ്രതിഭ. തന്റെ അറിവിന്റെയും അനുഭവത്തിന്റെയും പ്രഭാവത്താല്‍, യോഗ്യരായ ശിഷ്യരെ സ്ഫുടം ചെയ്‌തെടുക്കാന്‍ ശേഷിയുള്ള ഒരു ഋഷിശ്രേഷ്ഠന്‍.
തപോവന മുഖത്തുനിന്നും ചിന്മയാനന്ദസ്വാമികള്‍ക്ക് ലഭിച്ചത് അറിവിന്റെ ഒരു ഗംഗാപ്രവാഹമായിരുന്നു. അതില്‍ കുളിച്ചുണരുകയും ഉയരുകയും ചെയ്യുകയായിരുന്നു ആ യുവസന്ന്യാസി. ആഴത്തിലും പരപ്പിലും നേടിയ ആ അറിവിന്റെ നിസീമ സാധ്യതകള്‍ സ്വാമികളുടെ മനോമുകരത്തില്‍ തെളിഞ്ഞു. നമുക്ക് മഹത്തായ പൈതൃക സംസ്‌കാരത്തിന്റെ ശോചനീയമായ അപചയം ഭാരതത്തിലെങ്ങും പ്രകടമായിരുന്നു. സ്വന്തം സംസ്‌കൃതിയുടെ മഹത്വം എന്തെന്നറിയാത്ത, അതറിയാന്‍ അവസരം ലഭിക്കാത്ത വിദ്യാഭ്യാസ വ്യവസ്ഥിയിലൂടെ വളര്‍ന്ന ഒരു തലമുറ ആധുനിക വിദ്യാഭ്യാസം തേടി അഭ്യസ്തവിദ്യരെന്നഭിമാനിച്ച്, തന്റെ സ്വന്തം സംസ്‌കാരത്തെ ഇടിച്ചുതാഴ്ത്താന്‍ കിട്ടുന്ന അവസരമെല്ലാം വിനിയോഗിച്ച് മുന്നോട്ടുനീങ്ങുന്ന ഒരു തലമുറ. ആര്‍ഷ സംസ്‌കാരത്തോട് അവഗണനയും പുച്ഛവും കാണിക്കുന്ന യുവതലമുറ. ഇവിടെയാണ് ഈ യുവസന്ന്യാസി ഗുരുവില്‍നിന്നു താന്‍ നേടിയ അറിവിന്റെയും അനുഭവത്തിന്റെയും പുതിയ വെളിച്ചത്തില്‍ തന്റെ ക്രാന്തദര്‍ശിത്വം പ്രകടിപ്പിക്കാന്‍ തുനിഞ്ഞത്. ഈ അറിവ് തനിക്ക് മറ്റുള്ളവരുമായി പങ്കിട്ടുകൂടെ? സ്വന്തം സാംസ്‌കാരിക പൈതൃകത്തെ പൂജിക്കുന്ന ഒരു ജനതയെ, പ്രത്യേകിച്ച് അവരില്‍ അഭ്യസ്തവിദ്യരായവരെ (അവരാണല്ലോ മറ്റുള്ളവരെ നയിക്കുന്നത്) യഥോചിതമായ ഈ പൈതൃകത്തിന്റെ സമാനതയില്ലാത്ത മഹത്വത്തെ ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണര്‍ന്നു. അത്ര ശക്തമായ പ്രഭാവമായിരുന്നു അദ്ദേഹം തന്റെ ഗുരുവില്‍നിന്നും വേദോപനിഷത്തുക്കളില്‍നിന്നും ഏറ്റുവാങ്ങിയത്.
ആദ്ധ്യാത്മിക മണ്ഡലത്തില്‍ പില്‍ക്കാലത്ത് വ്യാപകമായ ഒരു വിപ്ലവത്തിന് നാന്ദികുറിച്ച ഈ പ്രചോദനം ഉണര്‍ന്നത് പവിത്രനദിയായ ഗംഗയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള ഗംഗോത്രിയില്‍, ഗംഗാതീരത്ത് ധ്യാനമഗ്നനായിരുന്ന ഒരു വേളയിലാണ്. ഉടന്‍തന്നെ അദ്ദേഹം തന്റെ ഗുരുവിനടുത്തു ചെന്ന് നമസ്‌കരിച്ച്, ഈ വിഷയം അവതരിപ്പിച്ചു. ഉപനിഷത്തിലും ഭഗവദ്ഗീതയിലും അന്തര്‍ഹിതമായ അറിവിന്റെ അമൂല്യഖനിയെ എന്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൂടാ. ആരംഭത്തില്‍ ഗുരു തന്റെ ശിഷ്യനെ ഈ സംരംഭത്തില്‍ നിരുത്സാഹപ്പെടുത്തി. അദ്ദേഹം പറഞ്ഞു: വേദാന്ത വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവില്ല. വളരെ ശുഷ്‌ക്കമായ സദസ്സായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ ആ യുവസന്ന്യാസിയില്‍ നിറഞ്ഞുനിന്ന ആത്മവിശ്വാസത്തിനു മുന്‍പില്‍ ഗുരു തന്റെ അനുമതിയും അനുഗ്രഹവും നല്‍കി.
അങ്ങനെ 1951-ല്‍ ആദ്യത്തെ ജ്ഞാനയജ്ഞം പൂനെയില്‍ ഒരു വിനായക മന്ദിരത്തില്‍ ആരംഭിച്ചു. ഒരു മഹാവിപ്ലവത്തിന്റെ ആരംഭം. ഉപനിഷത്തായിരുന്നു വിഷയം. തുടക്കത്തില്‍ ശുഷ്‌ക്കമായിരുന്ന സദസ്സ് പിന്നീട് നിറഞ്ഞുകവിഞ്ഞു. അത്ര ഹൃദ്യവും സുഗ്രാഹ്യവുമായിരുന്നു ചിന്മയാനന്ദസ്വാമികളുടെ വിശദീകരണ ശൈലി. ഇടയ്ക്കിടയ്ക്ക് നര്‍മരസം കലര്‍ത്തി, സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സ്വാമിജിയുടെ പ്രഭാഷണം. നഗരത്തിലെ അഭ്യസ്തവിദ്യരുടെ സംസാരവിഷയമായി. ആംഗലേയ ഭാഷയിലുള്ള വാഗ്‌ധോരണി ശ്രോതാക്കള്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവമായി. ആയിരങ്ങള്‍, പതിനായിരങ്ങള്‍ അതു കേള്‍ക്കാന്‍ സദസ്സുകള്‍ നിറച്ചു.
പ്രാരംഭഘട്ടത്തില്‍ ഉപനിഷത്തുക്കള്‍ മാത്രമായിരുന്നു പ്രഭാഷണ വിഷയങ്ങള്‍. ക്രമേണ അത് ഭഗവദ്ഗീതയിലേക്കും കടന്നു. കുരുക്ഷേത്രത്തില്‍, പോര്‍ക്കളത്തില്‍ വച്ച് ഭഗവാന്‍ അര്‍ജ്ജുനനുപദേശിച്ച, ഉപനിഷത്തുക്കളുടെ സാരസര്‍വ്വസ്വമായ ഗീത തന്നെയാണ്, ജീവിതായോധനത്തില്‍ പോരാടുന്ന സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രസക്തവും പ്രയോജനകരവുമെന്ന ബോധ്യമാണ് സ്വാമിജിയെ ഇതിനു പ്രേരിപ്പിച്ചത്. ഇത് ചരിത്രപ്രധാനമായ ഒരു വഴിത്തിരിവുമായിരുന്നു. ഇന്ന് ഗീത കൈവരിച്ച ആഗോളവ്യാപകമായ സ്വീകാര്യത ഇതിനു തെളിവാണ്. ഭഗവദ്ഗീത ഇന്ന് ആശ്രമങ്ങളിലോ, പണ്ഡിതന്മാരുടെയും കുറെ ഭക്തരുടെയും കയ്യിലോ മാത്രം പരിമിതപ്പെടുന്നില്ല. അതിന്റെ വ്യാപ്തി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. വിദേശ സര്‍വകലാശാലകളില്‍ ഗീത പാഠ്യവിഷയമായിക്കഴിഞ്ഞു. കോര്‍പ്പറേറ്റു ഹൗസുകളില്‍ ആധുനിക മാനേജ്‌മെന്റ് ഗുരുക്കന്മാര്‍ ഗീതാശ്ലോകങ്ങള്‍ ഉദ്ധരിച്ച്, വ്യാഖ്യാനിച്ച് അവരുടെ മാനേജ്‌മെന്റ് സിദ്ധാന്തങ്ങള്‍ സംസ്ഥാപിക്കുന്നു. ചില വിദേശ സ്‌കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധ വിഷയമാക്കിയിരിക്കുന്നു.
എന്താണിതില്‍ നിന്നുമൊക്കെ മനസ്സിലാക്കേണ്ടത്? ഗീത കേവലം പുജാമുറിയില്‍വച്ച് ആരതി ഉഴിയേണ്ട, പൂജിക്കേണ്ട ഒരു പുണ്യഗ്രന്ഥമല്ല. മറിച്ച്, അത് നല്‍കുന്ന സന്ദേശം-ജീവിത സ്പര്‍ശിയും ജീവിത ഗന്ധിയുമായ സന്ദേശം നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമുക്ക് പ്രേരണയും പ്രചോദനവുമാണ്. ഗീതാസന്ദേശം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ ജീവിതം സഫലമാകുന്നുവെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം മാത്രമല്ല, അവാന്തരലക്ഷ്യങ്ങളും സഫലീകരിക്കുന്നതിന് ഗീതാസന്ദേശം അനിവാര്യമാണെന്ന് ഗീതാപ്രയോക്താക്കളായ മഹത്തുക്കള്‍ സമര്‍ത്ഥിക്കുന്നു. വാസ്തവത്തില്‍ ഒരു ജീവിത കൈപ്പുസ്തകം തന്നെയാണ്. ഗീത അതില്‍ മതമില്ല, വിശ്വാസപ്രമാണങ്ങളോ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ വിഷയങ്ങളല്ല. തികച്ചും പ്രായോഗികമായ തത്വചിന്തയാണ.് ജീവിത വിജയത്തിനുള്ള സിദ്ധാന്തവും പ്രയോഗശാസ്ത്രവും അതിലടങ്ങിയിരിക്കുന്നു.
ചിന്മയാനന്ദസ്വാമികള്‍ സൃഷ്ടിച്ച ആ വിപ്ലവതരംഗം ഇന്ന് ലോകത്തെയാകെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം സ്ഥാപിച്ച ചിന്മയമിഷനിലൂടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും പ്രശിഷ്യന്മാരും അനുയായികളുമെല്ലാം ഗീതാ സന്ദേശപ്രചാരണത്തില്‍ വ്യാപൃതരായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ വ്യാഖ്യാനം മികവുറ്റ, പ്രായോഗികമായ, ജീവിതകലയുടെ ഒരു കൈപ്പുസ്തകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ മുന്‍ അധ്യക്ഷനായിരുന്ന രാംനാഥ് ഗോയങ്ക ആ വ്യാഖ്യാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ''ഞാന്‍ ഭഗവദ്ഗീതയുടെ അനവധി വ്യാഖ്യാനങ്ങള്‍ വായിച്ചിട്ടുണ്ട്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് സ്വാമി ചിന്മയാനന്ദന്റേതാണ്. ഗീതാസന്ദേശത്തിന്റെ സുഗ്രാഹ്യത, തെളിമ, പ്രയോഗികത. ജാതി, മത, വര്‍ഗ, വംശ, ദേശ, ഭാഷാ ദേഭദങ്ങള്‍ക്കൊക്കെ അതീതമായുള്ള ഗീതയുടെ പ്രസക്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു വ്യാഖ്യാനമാണത്.
(ചിന്മയാമിഷന്‍ സംസ്ഥാന മേധാവിയാണ് ലേഖകന്‍

No comments: