Monday, August 06, 2018

ശിവലിംഗം: ശൂന്യതയിലേക്കുള്ള കവാടം
സദ്ഗുരു: ആദ്യമായി, ഒരു ലിംഗം എന്നാല്‍ എന്താണ്? അക്ഷരാര്‍ത്ഥത്തില്‍, ലിംഗം എന്ന വാക്കിന്‍റെ അര്‍ത്ഥം 'രൂപം' എന്നാണ്. ഇന്ന്, ആധുനിക ശാസ്ത്രം പറയുന്നത് മുഴുവന്‍ അസ്തിത്വവും ഊര്‍ജമാണെന്നാണ്. ഒരേ ഊര്‍ജം, മുഴുവന്‍ അസ്തിത്വവും, ലക്ഷോപലക്ഷം തരത്തില്‍, ഒരേയൊരു ഊര്‍ജത്തില്‍നിന്നും ആവിഷ്കാരം കൊണ്ടതാണെന്നാണ് ആധുനിക ശാസ്ത്രം സംശയാതീതമായി തെളിയിക്കുന്നത്. നിങ്ങള്‍ ഏതു മതത്തിലുള്‍പ്പെടുന്നവരാണെങ്കിലും, നിങ്ങളുടെ മതങ്ങള്‍ എപ്പോഴും ഊന്നിപ്പറയുന്നുണ്ട്, ഈശ്വരന്‍ സര്‍വവ്യാപിയാണെന്ന്.
 
 
ദൈവം സര്‍വവ്യാപിയാണെന്നു പറയുന്നതിലോ, അല്ലെങ്കില്‍ എല്ലാം ഒരേ ഊര്‍ജമാണെന്നു പറയുന്നതിലോ, എന്തെങ്കിലും വ്യത്യാസമുണ്ടോ? യാഥാര്‍ത്ഥ്യം ഒന്നുതന്നെ, അല്ലേ? E=mc2 എന്ന് ഐന്‍സ്റ്റീന്‍ പറയുമ്പോള്‍, അത് അദ്ദേഹം നിങ്ങള്‍ക്ക് തെളിയിച്ചുതരുന്നു, മുഴുവന്‍ നിലനില്‍പ്പും ഒരേ ഊര്‍ജമാണെന്ന്. അദ്ദേഹം അതിനെ 'E' എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു; നാം അതിനെ 'ഈശ്വരന്‍' എന്നു വിളിക്കുന്നു. അദ്ദേഹം അതിനെ ചുരുക്കപ്പേരില്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നു; നാമതിന് ഒരു പേരു നല്‍കുന്നു! പക്ഷേ നമ്മളെല്ലാം പറയുന്നത് ഒരേ കാര്യമാണ്.
ഇപ്പോള്‍, പരോക്ഷമായിരിക്കുന്ന ഈ ഊര്‍ജം, പ്രത്യക്ഷീകരിക്കപ്പെടുമ്പോള്‍, അത് സ്വീകരിക്കുന്ന ആദ്യരൂപം ഒരു സമ്പൂര്‍ണദീര്‍ഘവൃത്താകൃതിയാണ് (ellipsoid). എന്താണ് ദീര്‍ഘവൃത്താകൃതി എന്ന് നിങ്ങള്‍ക്കറിയാമോ? ഒരു അണ്ഡാകൃതി(ellipse)യുടെ ത്രിമാനരൂപമാണ് ദീര്‍ഘവൃത്താകൃതി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലിംഗനിര്‍മ്മാണം നിലവില്‍വന്നത്, 'ലിംഗം' എന്നാല്‍ ഒരു സമ്പൂര്‍ണ ദീര്‍ഘവൃത്തം എന്നാണര്‍ത്ഥം. യോഗശാസ്ത്രപ്രകാരം, നമുക്കെപ്പോഴും അറിയാമായിരുന്നു, ആദിരൂപം ഒരു ലിംഗമാണെന്ന്, അന്തിമരൂപവും ഒരു ലിംഗമാണെന്ന്.
നിങ്ങള്‍ക്കുള്ളില്‍, നിങ്ങള്‍ ധ്യാനത്തിന്‍റെ ഒരു പ്രത്യേക ഉച്ചസ്ഥായിയിലേക്ക് ഉയരുകയാണെങ്കില്‍, ഒരു അലിഞ്ഞുചേരലിന്‍റെ വക്കിലെത്തുന്ന സമയത്ത്, നിങ്ങള്‍ സ്വീകരിക്കുന്ന അവസാനരൂപവും ഒരു ദീര്‍ഘവൃത്തത്തിന്‍റേതായിരിക്കും, അതും ഒരു ലിംഗം തന്നെ. അതിനാല്‍ ലിംഗം എന്നത് രണ്ടുവശത്തുനിന്നുമുള്ള ഒരു പ്രവേശനമുഖമാണ്: പരോക്ഷതയില്‍ നിന്ന് പ്രത്യക്ഷതയിലേക്കും, പ്രത്യക്ഷതയില്‍നിന്ന് പരോക്ഷതയിലേക്കും. സൃഷ്ടിയിലെ ആദ്യത്തെയും അവസാനത്തെയും രൂപം ലിംഗമാണ്. ഇന്ന് ആധുനിക പ്രപഞ്ചശാസ്ത്രജ്ഞര്‍ പല ക്ഷീരപഥങ്ങളുടെയും ചിത്രങ്ങളെടുത്തിട്ടുണ്ട്, അവര്‍ പറയുന്നതും എല്ലാ ക്ഷീരപഥങ്ങളുടെയും കാതല്‍(സത്ത) ദീര്‍ഘവൃത്താകൃതിയിലുള്ളതാണെന്നാണ്, കാരണം ആദിരൂപവും അന്തിമരൂപവും എല്ലായ്പ്പോഴും ദീര്‍ഘവൃത്താകൃതിയിലുള്ളതായിരിക്കും. ഇതാണ് ലിംഗമെന്ന് അറിയപ്പെടുന്നത്. നോക്കൂ, ഉദാഹരണമായി, ഈ കടലാസ് - നിങ്ങള്‍ ഈ കടലാസ് നിങ്ങളുടെ കൈയില്‍ പിടിക്കൂ, എന്നിട്ട് എനിക്കു തരൂ. ഞാനത് പത്തിരുപത് സെക്കന്‍റുകള്‍ എന്‍റെ കൈയില്‍ പിടിച്ചശേഷം, നിങ്ങള്‍ക്കു തിരികെ തരാം. അതേ കടലാസുകഷണം നിങ്ങളുടെ കൈയില്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നതായി നിങ്ങള്‍ക്കു കാണാം. ഞാന്‍ ഈ കടലാസുകഷണത്തെ നിങ്ങളുടെ കൈകളില്‍ വളരെ വ്യത്യസ്തമായി തോന്നത്തക്കവിധത്തില്‍ ചൈതന്യവത്താക്കാം, പക്ഷേ കുറച്ചു മിനിട്ടുകള്‍ക്കകം, വീണ്ടും അത് വെറും ഒരു കഷണം കടലാസ് ആയി മാറും. ഇതുപോലെ, നിങ്ങള്‍ക്ക് ഏത് വസ്തുവിനെയും ശാക്തീകരിക്കാം, പക്ഷേ വീണ്ടുമത് പഴയതുപോലെയാകും. എന്നാല്‍ ലിംഗത്തിന്‍റെ രൂപം, അത് നിങ്ങള്‍ ശരിയായ വസ്തുകൊണ്ട്, അതെന്താണെന്ന് ശരിയായി മനസ്സിലാക്കി, അതിനെ ശാക്തീകരിച്ച് ഉണ്ടാക്കുകയാണെങ്കില്‍, അത് ഊര്‍ജജ്ജത്തിന്‍റെ ഒരു ശാശ്വതമായ ഭണ്ഡാരമാകുകയും, അത് മനുഷ്യന് അവന്‍റെ പല തലങ്ങളിലുള്ള ക്ഷേമത്തിനായി ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.
ധ്യാനലിംഗം അതുല്യമാണ്, കാരണം അതില്‍ ജീവിതത്തിന്‍റെ ഏഴ് അടിസ്ഥാന ആവിഷ്കരണങ്ങളും ഉണ്ട്. അത് ജീവനുള്ള ഒരു വ്യക്തിയെപ്പോലെയാണ്. അത് ഒരു ജീവനുള്ള വ്യക്തിയുടെ ഊര്‍ജശരീരം ആണ്. ഭൗതികശരീരം മാത്രമാണ് ഇല്ലാത്തത്. ധ്യാനലിംഗക്ഷേത്രം നൂറു ശതമാനം നിശബ്ദതയിലാണ്. അവിടെ ആചാരാനുഷ്ഠാനങ്ങളില്ല; പൂജകളില്ല; വിശ്വാസപ്രമാണങ്ങളില്ല. നിങ്ങള്‍ അവിടെ വെറുതെ ഇരിക്കുക. നിങ്ങള്‍ അവിടെ വെറുതെ നിശബ്ദരായി ഇരുന്നാല്‍, ധ്യാനം എന്തെന്ന് അറിയില്ല എങ്കില്‍ പോലും, ഒരു നിര്‍ദ്ദേശം പോലുമില്ലാതെ, നിങ്ങള്‍ ധ്യാനനിരതരാകും. അത് വളരെ ശക്തിയേറിയ ഒരു സ്ഥലമാണ്, അത് നിങ്ങളുടെ നട്ടെല്ലിന്‍റെ വേര് മുതല്‍ നിങ്ങളെ ഉലയ്ക്കും. വാസ്തുപരമായിട്ടായാലും, പല തരത്തിലും അതൊരു അതുല്യമായ സ്ഥലമാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും, എല്ലാ മതവിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ ഇവിടെ വരുന്നു, കാരണം അത് തികച്ചും ഒരു ധ്യാനസ്ഥലമാണ്. എങ്ങനെയെന്നാല്‍, നിങ്ങള്‍ ആരുതന്നെയായാലും, എന്തുതന്നെയായാലും, ധ്യാനലംഗത്തിനു സമീപത്തിലിരുന്നാല്‍ മാത്രം മതി, ഒരു ബാഹ്യ നിര്‍ദ്ദേശവുമില്ലാതെതന്നെ നിങ്ങള്‍ക്ക് ആത്മീയപ്രക്രിയയുടെ ഒരു ബീജം അവിടെ നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയും.
നിങ്ങള്‍ക്കുള്ളില്‍, നിങ്ങള്‍ ധ്യാനത്തിന്‍റെ ഒരു പ്രത്യേക ഉച്ചസ്ഥായിയിലേക്ക് ഉയരുകയാണെങ്കില്‍, ഒരു അലിഞ്ഞുചേരലിന്‍റെ വക്കിലെത്തുന്ന സമയത്ത്, നിങ്ങള്‍ സ്വീകരിക്കുന്ന അവസാനരൂപവും ഒരു ദീര്‍ഘ വൃത്തത്തിന്‍റേതായിരിക്കും, അതും ഒരു ലിംഗം തന്നെ.
ഇപ്പോള്‍, ഇതെങ്ങിനെ സൃഷ്ടിക്കാം എന്നതിന് ഒരു മുഴുവന്‍ ശാസ്ത്രംതന്നെയുണ്ട്. നമ്മുടെ സംസ്കാരം നല്ലതുപോലെ മനസ്സിലാക്കിയിരുന്നതും, ശീലിച്ചിരുന്നുതമായ ഒരു ശാസ്ത്രമാണിത്. പക്ഷേ ഭക്തിപ്രസ്ഥാനം നമ്മുടെ രാജ്യത്തില്‍ അലയടിച്ചപ്പോള്‍ അതിന് ഭംഗം വന്നു. മുന്‍കാലങ്ങളില്‍, ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നത് ഒരു ശാസ്ത്രമായാണ്, നിങ്ങള്‍ക്ക് പോകാനും, ഇരിക്കാനും, നിങ്ങളുടെ നډയ്ക്കായി ഉപയോഗിക്കാനും പറ്റുന്ന ഒരു സ്ഥലമായി. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ഒരിക്കലും പ്രാര്‍ത്ഥനാസ്ഥലങ്ങളായിരുന്നില്ലെന്ന് നിങ്ങള്‍ക്കറിയാമെന്നു തോന്നുന്നില്ല. അവിടെ ആരും പ്രാര്‍ത്ഥന നയിച്ചിരുന്നില്ല. നിങ്ങള്‍ അതിനുള്ളില്‍ കുറച്ചുസമയം ഇരിക്കുകമാത്രമാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങളോടിത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? പാരമ്പര്യമനുസരിച്ച്, നിങ്ങള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍, നിങ്ങള്‍ കുറച്ചുസമയം അവിടെ ഇരിക്കേണ്ടതുണ്ട്. കാരണം, നിങ്ങള്‍ ചില ഘടകങ്ങള്‍ - ആരാധാനാവിഗ്രഹത്തിന്‍റെ വലിപ്പവും ആകൃതിയും, വിഗ്രഹം പിടിച്ചിരിക്കുന്ന മുദ്ര, നിങ്ങളതിനുപയോഗിക്കുന്ന മന്ത്രം, ഗര്‍ഭഗൃഹത്തിന്‍റെ വലിപ്പവും ആകൃതിയും, ചുറ്റമ്പലത്തിന്‍റെ വലിപ്പവും ആകൃതിയും, ഇവയെല്ലാം - ശരിക്കും സംയോജിപ്പിച്ചാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളതെങ്കില്‍, ആ സ്ഥലം ഊര്‍ജത്തിന്‍റെ ശക്തമായ ഒരു ഭണ്ഡാരമായിത്തീരുന്നു.
അതിനാല്‍, രാവിലെ ആദ്യം കുളി കഴിഞ്ഞ്, അമ്പലത്തിനുള്ളില്‍ പോയിരിക്കുക, അതിനുശേഷം സമൂഹത്തിലേക്കിറങ്ങുക. അതൊരു പൊതുവായ ബാറ്ററി-ചാര്‍ജിംഗ് (ഊര്‍ജസമാഹരണം) സ്ഥലംപോലെയാണ്. പാരമ്പര്യം പറയുന്നത്, ഒരിക്കല്‍ നിങ്ങള്‍ ആത്മീയപാതയിലായാല്‍ പിന്നെ, എല്ലാ ദിവസവും ക്ഷേത്രത്തില്‍ പോകേണ്ടതില്ല എന്നാണ്. നിങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണോ? ഒരു ഗൃഹസ്ഥന്‍ എല്ലാ ദിവസവും ക്ഷേത്രത്തില്‍ പോകണം. എന്നാല്‍ ആത്മീയപാതയിലുള്ള ഒരു വൃക്തി എല്ലാ ദിവസവും ക്ഷേത്രത്തില്‍ പോകേണ്ടതില്ല, കാരണം, ഇപ്പോള്‍ അയാള്‍ക്ക് അയാളുടേതായ സ്വയം ചാര്‍ജു ചെയ്യുന്ന രീതികളുണ്ട്. നിങ്ങള്‍ക്ക് സ്വയം ചാര്‍ജു ചെയ്യുന്ന രീതികളില്ലെങ്കില്‍, സ്വയം ചാര്‍ജു ചെയ്യാന്‍ പറ്റുന്ന പൊതുസ്ഥലമായിരുന്നു അത്.
പക്ഷേ ഭക്തന്മാര്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍, അതു മാറി. ഒരു ഭക്തന്‍ ശാസ്ത്രത്തെ കാര്യമാക്കുന്നില്ല; ഒരു ഭക്തന്‍ വളരുന്നത് തന്‍റെ വികാരത്തിന്‍റെ മാത്രം ബലത്തിലാണ്, അയാളുടെ വികാരമാണ് അയാള്‍ക്കെല്ലാം. അങ്ങനെ ഈ ഭക്തന്മാര്‍ അവര്‍ക്കിഷ്ടപ്പെട്ട രീതികളില്‍ ക്ഷേത്രങ്ങള്‍ പണിയാന്‍ തുടങ്ങി. ഒരു ഭക്തന്‍ ഒരു കാമുകനെപ്പോലെയാണ്; അയാളുടെ ദൈവത്തോട് അയാള്‍ക്ക് തോന്നുന്നതൊക്കെ ചെയ്യണം. അതുകൊണ്ട് അവര്‍ തങ്ങള്‍ക്ക് തോന്നുന്ന രീതിയിലെല്ലാം ക്ഷേത്രങ്ങള്‍ നിര്‍മിച്ചുതുടങ്ങി. ഒരു കഷണം കല്ലും ഒരു ഉളിയും ഉള്ള എല്ലാവരും ലിംഗങ്ങളുണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ അവ ധാരാളമുണ്ടായി. അല്ലെങ്കില്‍, തികച്ചും വ്യത്യസ്തമായ തലത്തില്‍ മനുഷ്യക്ഷേമം സൃഷ്ടിക്കുന്ന ആഴമേറിയ ഒരു ശാസ്ത്രമാണിത്.

No comments: