Saturday, August 18, 2018

നമ്മുടെ സംസ്ഥാനം അഭൂതപൂർവമായ പ്രളയക്കെടുതി അനുഭവിക്കുകയാണല്ലോ. പ്രളയക്കെടുതി ശമിക്കുന്നതിനും ഈ പ്രളയഫലമായി ഉണ്ടാകാവുന്ന സകലവിധ ദുരിതങ്ങൾ, രോഗങ്ങൾ, ദാരിദ്ര്യം, ക്ഷാമം, തിന്മകൾ എന്നിവ ഒഴിവാകുന്നതിനുമായി എല്ലാവരും പ്രയത്നിക്കുന്നതിനോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യേണ്ട സമയമാണിത്.  ഈ അവസരത്തിൽ മതങ്ങൾക്കും ആചാരങ്ങൾക്കും അതീതമായ യൂണിവേഴ്സലായ ചില ഉപനിഷദ് പ്രാർത്ഥനാ ശ്ലോകങ്ങൾ താഴെ കൊടുക്കുന്നു. ഇവ ഏതെങ്കിലും പ്രത്യേക ദൈവസങ്കല്പവുമായും ബന്ധപ്പെട്ടുള്ളതല്ല.
ഇവയുടെ അർത്ഥങ്ങൾ മനസ്സിലാക്കി കേരളത്തിന്റെയും കേരളീയരുടെയും നന്മയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.

ദുരിതശമനപ്രാർത്ഥന

സ്വസ്തി: പ്രജാഭ്യ: പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാ:
ഗോബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ: സമസ്താ സുഖിനോ ഭവന്തു

ജനങ്ങൾക്കു നന്മ ഉണ്ടാകട്ടെ.  മഹീശന്മാർ (ഭരണാധികാരികൾ) ഭൂമിയേ (രാജ്യത്തെ) ന്യായമാർഗത്തിൽ പരിപാലിക്കട്ടെ (രാജാവ് അധർമം ചെയ്യുകയും അധർമത്തിനു കൂട്ടു നിൽക്കുകയും ചെയ്താൽ പ്രകൃതിക്ഷോഭം ഉണ്ടാകുമെന്നു പൂർവികരുടെ വിശ്വാസം).  ഗോക്കൾക്കും ബ്രാഹ്മണർക്കും എന്നും ശുഭം ഭവിക്കട്ടെ. (ബ്രഹ്മജ്ഞാനതല്പരൻ അതായത് ഈശ്വരാന്വേഷണം നടത്തുന്ന ആൾ ബ്രാഹ്മണൻ, അല്ലാതെ ബ്രാഹ്മണജാതി എന്നല്ല. എന്തെന്നാൽ ഇത് ഉപനിഷദ് മന്ത്രമാണ്.  ഉപനിഷത്തിൽ ജാതിമതപരിഗണനകൾ ഇല്ല. ബ്രാഹ്മണർ എന്നതിന് സജ്ജനങ്ങൾ എന്നു മാത്രം അർഥം കല്പിച്ചാൽ മതിയാകും. ഗോക്കൾ = പശുക്കൾ, മൃഗങ്ങൾ).
സമസ്ത ലോകങ്ങളും (യാതൊരു  വിവേചനവും കൂടാതെ സകല ജീവജാലങ്ങളും)  സുഖികളായിത്തീരട്ടെ.

കാലേ വർഷതു പർജന്യ:
പൃഥിവീ സസ്യശാലിനീ
ദേശോऽയം ക്ഷോഭരഹിത:
ബ്രാഹ്മണാ: സന്തു നിർഭയാ:

കാലാനുസരണം മഴ പെയ്യട്ടെ. (അനവസരത്തിൽ പെയ്യാതിരിക്കട്ടെ). ഭൂമി സസ്യപൂർണയായിഭവിക്കട്ടെ.  ഈ ദേശം പ്രകൃതിക്ഷോഭരഹിതം ആയിത്തീരട്ടെ.  സജ്ജനങ്ങൾ ഭയപ്പെടേണ്ടി വരാതിരിക്കട്ടെ.  (ഇന്നു സജ്ജനങ്ങൾക്കു യാതൊരു voice ഉം ഇല്ലാത്ത കാലമാണല്ലോ)

സർവേഷാം സ്വസ്തിർ ഭവതു
സർവേഷാം ശാന്തിർ ഭവതു
സർവേഷാം പൂർണം ഭവതു
സർവേഷാം മംഗളം ഭവതു

എല്ലാവര്ക്കും നന്മ ഉണ്ടാകട്ടെ.  എല്ലാവര്ക്കും ശാന്തി ഉണ്ടാകട്ടെ.  എല്ലാവര്ക്കും പൂർണത (യാതൊരു കുറവും ഇല്ലാത്ത അവസ്ഥ) ഉണ്ടാകട്ടെ. എല്ലാവര്ക്കും മംഗളം ഭവിക്കട്ടെ.

സർവേ ഭവന്തു സുഖിന:
സർവേ സന്തു നിരാമയാ:
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദു:ഖഭാഗ്  ഭവേത്

എല്ലാവരും സുഖികളായി ഭവിക്കട്ടെ.  എല്ലാവരും രോഗരഹിതരായിത്തീരട്ടെ.  എല്ലാവരും ഐശ്വര്യങ്ങളെ (മാത്രം) കാണട്ടെ.  ഒരാൾ പോലും ദു:ഖപാത്രം ആകാതെ ഇരിക്കണമേ.

ഓം ശാന്തി: ശാന്തി: ശാന്തി:

ആധിഭൗതികം, ആധ്യാത്മികം, ആധിദൈവികം എന്നിങ്ങനെയുള്ള മൂന്നു വിധ ദു:ഖങ്ങളിൽ നിന്നും ശാന്തി ഉണ്ടാകട്ടെ.

No comments: