Thursday, August 02, 2018

ഇന്ന്ഒരു കരുണാകാടക്ഷത്തിന്റെ കഥ പറയാം .

തമിഴ്നാട്ടിലെ ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ വിപ്രനാരായണന്‍ എന്നൊരു ഭക്തനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛനമ്മമാർ കുഞ്ഞിന് ശ്രീരംഗനാഥനിൽ ഭക്തിയുണ്ടണ്ടാവണേ എന്ന് സദാ പ്രാർത്ഥിച്ചു.

അവരുടെ ഇച്ഛപോലെ ഭഗവത് കൃപയാല്‍  ഒരു ശ്രീരംഗനാഥ ഭക്തനായി കുഞ്ഞ് വളര്‍ന്നു.  അദ്ദേഹം സദാ സര്‍വഥാ ശ്രീരംഗനാമം ചൊല്ലിക്കൊണ്ടിരിക്കും. വേദമെല്ലാം നന്നായി പഠിച്ചു.  ഭഗവാന് അർച്ചന ചെയ്യാനും മാലകെട്ടാനും വേണ്ടി അദ്ദേഹം ഒരു നന്ദവനം ഉണ്ടാക്കി. നിറയെ പുഷ്പങ്ങൾ ഉളള ആ ഉദ്യാനത്തിൽ നിന്ന് പൂക്കൾ പറിച്ച് എന്നും മാല കെട്ടി ശ്രീരംഗനാഥന് സമർപ്പിക്കും. സദാ ഭഗവത് കൈങ്കര്യം ചെയ്ത് അദ്ദേഹം ജീവിച്ചു പോന്നു. എല്ലാവരും വിപ്രനാരായണന്റെ ഭക്തിയെ വാഴ്ത്തി. അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും രംഗനാഥനിലായിരുന്നു. ഭക്തികൊണ്ട് പക്വമായ അദ്ദേഹത്തിന്റെ തേജോരൂപം ആരും നോക്കി നിന്നുപോകും.

ഒരു ദിവസം ദേവദേവി എന്ന ഒരു ദേവദാസി കൂട്ടുകാരുമായി അതു വഴി വന്നു.  വിപ്രനാരായണന്റെ പൂന്തോട്ടം  അവളെ വല്ലാതെ ആകർഷിച്ചു. അല്പസമയം അവിടെ വിശ്രമിച്ചിട്ട് പോകാം എന്നു കരുതി അകത്തു കയറി.  ആ സമയം വിപ്രനാരായണന്‍  ചെടികൾ നനയ്ക്കുകയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീ അവിടെ കയറി വന്നിട്ടും അദ്ദേഹത്തിന്‍റെ ശ്രദ്ധ അവളിൽ പതിഞ്ഞില്യ. ശ്രീരംഗനാഥന്റെ നാമം ഉരുവിട്ട് കൊണ്ടു തന്‍റെ കൈങ്കര്യത്തില്‍ നിമാഗ്നനായിരുന്നു.  ദേവദേവിക്ക് വളരെ ആശ്ചര്യം തോന്നി. തന്റെ സൌന്ദര്യത്തിൽ മയങ്ങാത്ത ആരും തന്നെയില്ല. ഇദ്ദേഹം സുന്ദരനായ ഒരു യുവാവ് എന്നീട്ടും തന്നെ ശ്രദ്ധിക്കുന്നതേ ഇല്ലല്ലോ!
കൂടെ ഉണ്ടായിരുന്ന അവളുടെ തോഴിയോട് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം ശ്രീരംഗനാഥന്റെ പരമഭക്തനും മഹാജ്ഞാനിയും ആണ്, രംഗനാഥനല്ലാതെ അദ്ദേഹത്തെ വേറെ ആർക്കും ആകർഷിക്കാനാവില്ല എന്നു പറഞ്ഞു. ദേവദേവിക്ക്  അത് കേട്ട് പരിഹാസം തോന്നി. അവൾ പറഞ്ഞു.

ഹും!  എന്‍റെ സൌന്ദര്യം കണ്ട് മയങ്ങാത്തവരായിട്ട് ഒരു പുരുഷനും ഇല്ല. വയോവൃദ്ധരായവർ പോലും തന്റെ ഒരു പുഞ്ചിരിയിൽ മയങ്ങുന്നു. എന്നീട്ടാണോ ഈ യുവാവ്."  ഇതുകേട്ട തോഴി  പറഞ്ഞു
"ഇദ്ദേഹം കാമം തീണ്ടിയിട്ടില്ലാത്ത സാത്വികനായ പരമഭക്തനാണ്. അദ്ദേഹത്തിന്റെ പ്രേമം രംഗനാഥനോടാണ്."  ദേവദേവി ഉടനെ പുച്ഛത്തോടെ പറഞ്ഞു.  "ഓഹോ അങ്ങിനെ എങ്കിൽ ഈ മഹാനെ ഞാൻ ദാസനായി മാറ്റി എന്റെ ഗൃഹകവാടത്തിൽ കാവൽനായയെപ്പോലെ കിടത്തും. അല്ലാത്തപക്ഷം എന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നിനക്ക് നലകാം"

അല്പം കഴിഞ്ഞ് ദേവദേവി ഒരു സാധാരണ സ്ത്രീയുടെ വേഷത്തില്‍  സമീപിച്ച് വിപ്രനാരായണന്റെ കാൽക്കൽ നമസ്ക്കരിച്ചു. അദ്ദേഹം അവളെ എഴുന്നേല്പിച്ചു. അവൾ
കള്ളക്കണ്ണീര്‍ ഒഴുക്കി കൊണ്ട് പറഞ്ഞു. "സ്വാമീ ഞാന്‍ ഒരു ദാസി കുലത്തില്‍ ജനിച്ചവാളാണ്. എന്റെ കുലവൃത്തിയിൽ എനിക്ക് തീരെ മനസ്സില്ല.  കഴിഞ്ഞ രാത്രി  ശ്രീരംഗനാഥന്‍ സ്വപ്നത്തില്‍ വന്ന് അങ്ങയോടൊപ്പം അദ്ദേഹത്തിന് കൈങ്കര്യം ചെയ്യണം എന്നു ആജ്ഞാപിച്ചു "
ശ്രീരംഗനാഥന്‍ എന്നു കേട്ടതോടെ അദ്ദേഹത്തിനു എല്ലാം പൂർണ്ണസമ്മതമായി. ഭക്തന്മാരെ ചേർത്തു വയ്ക്കുന്നത് ഭഗവാന്റെ ലീലയാണല്ലോ?

അവള്‍ പല പല നുണകൾ പറഞ്ഞു അദ്ദേഹത്തെ മയക്കി.  നല്ല മഴ പെയ്ത ഒരു ദിവസം ദേവദേവി മഴയില്‍ നനഞ്ഞു പുറത്തു നില്ക്കുന്നതു കണ്ട് അദ്ദേഹം കരുണയോടെ അവളെ അകത്തേയ്ക്ക് വിളിച്ചു തന്‍റെ വസ്ത്രങ്ങൾ കൊടുത്തു. ഈ സന്ദര്‍ഭം മുതലെടുത്ത് അവൾ അദ്ദേഹത്തെ തോല്‍പ്പിച്ചു. പതുക്കെ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്നും ശ്രീരംഗനാഥനെ മാറ്റി ആ സ്ഥാനം അവള്‍ കയ്യടക്കി. മുൻപ് ശ്രീരംഗനാഥൻ എങ്ങിനേയോ അതുപോലെ ആയി അദ്ദേഹത്തിന് ദേവദേവി. ഇപ്പോള്‍ നന്ദവനത്തിലെ പുഷ്പങ്ങള്‍ ദേവദേവിയെ അലങ്കരിക്കാനായി തീര്‍ന്നു. രംഗനാമം ദേവദേവിയുടെ നാമത്തിനായി വഴി മാറി.
ഇതറിഞ്ഞ അദ്ദേഹത്തിന്‍റെ അഭ്യുതയകാംക്ഷികളെല്ലാം അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. അതൊന്നും അദ്ദേഹം കേട്ടതേ ഇല്യ. അവളെ കൂടാതെ ഒരു നിമിഷം പോലും കഴിച്ചു കൂടുവാന്‍ പ്രയാസമായി അദ്ദേഹത്തിനു  തോന്നിത്തുടങ്ങി എന്ന് ദേവദേവി മനസ്സിലാക്കി. അവള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു തിരിച്ചു പോയി.

 അവളെ പിരിയാൻ കഴിയാതെ വിപ്രനാരായണന്‍ അവളുടെ ഗൃഹത്തില്‍ പോയി. എന്നാൽ 'എന്റെ സൌന്ദര്യം ആസ്വദിക്കണമെങ്കിൽ ധനം വേണം. എനിക്ക് നല്‍കാന്‍ ധനം ഉണ്ടെങ്കില്‍ കൊണ്ടുവരൂ' എന്നു പറഞ്ഞ് അവള്‍ അദ്ദേഹത്തിന്‍റെ മുഖത്തിന്‌ നേരെ കതകടച്ചു ആട്ടിപായിച്ചു.  ശ്രീരംഗനാഥനു  വേണ്ടി കരഞ്ഞിരുന്ന ഒരു ജീവന്‍ ഇപ്പോള്‍ ഒരു വേശ്യയുടെ ശരീരത്തിന് വേണ്ടി വീട്ടിന്‍റെ തിണ്ണയില്‍ കിടന്നു കരയുന്നു. അദ്ദേഹത്തെ പൂജിച്ചിരുന്ന നാരട്ടുകാരെല്ലാരും അവജ്ഞയോടെ അദ്ദേഹത്തെ നോക്കിച്ചിരിച്ചു. എല്ലാരും ഉപേക്ഷിച്ച വിപ്രനാരായണന്‍ ഒരു യാചകനെ പോലെ അവളുടെ വീട്ടിന്‍റെ മുന്നില്‍ കരഞ്ഞു കൊണ്ടു കിടന്നു.

ശ്രീരംഗനാഥനും ആണ്ടാളും കൂടി രാത്രിയിൽ
വീഥിസഞ്ചാരം ചെയ്യുമ്പോൾ വിപ്രനാരായണന്‍ ദേവദേവിയ്ക്കായി കരഞ്ഞു കൊണ്ടു കിടക്കുന്നത് കണ്ടു.  ആണ്ടാൾ അത്ഭുതത്തോടെ" അങ്ങയുടെ പരമ ഭക്തനായ വിപ്രനാരായണനു ഇങ്ങനെ ഒരു കഷ്ടമോ?" എന്നു ചോദിച്ചു. ഭഗവാന്‍ പുഞ്ചിരിയോടെ പറഞ്ഞു.    അദ്ദേഹം ഇപ്പോള്‍ എന്നെ മറന്ന് ആ വേശ്യാസ്ത്രിയുടെ പിറകെ നടക്കുകയാണ്. " ഇതു കേട്ട അമ്മയ്ക്ക് സങ്കടം വന്നു. ഭഗവാനോട് 'നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റു ചെയ്താല്‍ അവരെ തിരുത്തേണ്ട ചുമതല നമുക്കില്ലേ' എന്നു ചോദിച്ചു.

രംഗനാഥന്‍ പറഞ്ഞു.  'അദ്ദേഹം എന്നെ ഉപേക്ഷിച്ചു സ്വയം പോയതല്ലേ? തീയ്യുടെ അടുത്തിരുന്നാൽ ചൂട് അനുഭവിക്കേണ്ടി വരും.
മഞ്ഞിൽ ഇരുന്നാൽ തണുപ്പും. ഇതിന് നാം എന്തു ചെയ്യാനാണ് ' എന്നു ചോദിച്ചു. എന്നാൽ ആണ്ടാളുടെ മാതൃഹൃദയം ആ മറുപടി സ്വീകരിച്ചില്ല. കാരുണ്യമയിയായ അമ്മ പറഞ്ഞു ." ഇതു കലിയുഗമല്ലേ! അദ്ദേഹം. അങ്ങയുടെ പരമഭക്തനും. ഏതെങ്കിലും പ്രകാരത്തില്‍ അങ്ങയെ ആശ്രയിക്കുന്നവന് നാശമില്ല എന്നല്ലേ അങ്ങയുടെ വ്രതം. അതിനാല്‍  വിപ്രനാരായണനെ രക്ഷിക്കേണ്ടത് അങ്ങു തന്നെയാണ് ".  രംഗനാഥന്‍ ആണ്ടാളെ നോക്കി പുഞ്ചരിച്ചു. ഉടനെ ശ്രീരംഗനാഥൻ തന്‍റെ ഒരു സ്വര്‍ണ്ണ പാത്രം എടുത്ത്  ഒരു ബ്രാഹ്മണവേഷം ധരിച്ചു കൊണ്ടു ദേവദേവിയുടെ ഗൃഹത്തിന്റെ കതകില്‍  മുട്ടി വിളിച്ചു.

"ആരാണ്?"
"ഞാൻ വിപ്രനാരായണന്‍റെ ദാസനായ അഴകിയ മണവാളനാണ്".
എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ടു വന്നത്. ?
"കുറച്ചു ദിവസം ഞാൻ ശ്രദ്ധയോടെ ഭഗവാനു മാല കെട്ടി കൊടുത്തതിനു പകരമായി ഭക്തന്‍റെ ദാസത്വം സ്വീകരിച്ചു. എന്റെ യജമാനന്‍ ഒരു സ്വര്‍ണ്ണ പാത്രം ദേവദേവിക്കായി തന്നയച്ചീട്ടുണ്ട്. അത് കൊണ്ടുവന്നതാണ്. "

അവള്‍ അത്ഭുതപ്പെട്ട് കതകു തുറന്നു നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണന്‍ സ്വര്‍ണ്ണ പാത്രവുമായി നില്‍ക്കുന്നുത് കണ്ടു. അവള്‍ ആര്‍ത്തിയോടെ പാത്രം വാങ്ങിച്ചു കൊണ്ടു പറഞ്ഞു. ഈ ദേവദേവി വിപ്രനാരായണനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് പോയി പറയൂ."
 ഭഗവാന്‍ അത് സമ്മതിച്ചുകൊണ്ട് ദേവദേവിയുടെ  തോഴിയുടെ രൂപം സ്വീകരിച്ചു വിപ്രനാരായണന്‍റെ അടുത്തേയ്ക്കു പോയി. അങ്ങയുടെ വിഷമം മനസ്സിലാക്കി ദേവദേവി അങ്ങയെ തരിച്ചു വിളിച്ചിരിക്കുന്നു എന്നറിയിച്ചു.  വിപ്രനാരായണൻ അതിയായ സന്തോഷത്തോടെ ഉടനെ എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് ഓടി. 

പിറ്റേ ദിവസം രാവിലെ രംഗനാഥന്റെ  ക്ഷേത്രനട തുറന്നപ്പോൾ നേദ്യത്തിനുള്ള ഒരു പൊന്‍പാത്രം കാണാനില്ല  ആകെ ബഹളമായി. രാജഭടന്മാർ എത്തി. എല്ലായിടത്തും അന്വേഷിച്ചീട്ടും പാത്രം ലഭിച്ചില്ല. ആ സമയം കാലിമേയ്ക്കുന്ന ഒരു പയ്യൻ അവിടെ എത്തി. അവൻ പറഞ്ഞു. " ഇന്നലെ രാത്രിയിൽ എന്റെ പൈക്കിടാവ് കയറഴിഞ്ഞു പോയി. പശുവിന്റെ കരച്ചിൽ കേട്ട് ആലയിൽ നോക്കിയപ്പോള്‍ കിടാവിനെ കണ്ടില്യ. അതിനെയും അന്വേഷിച്ചു പോകുമ്പോൾ ഒരാൾ ഒരു പാത്രവുമായി ദേവദേവിയുടെ വീട്ടിൽ നില്ക്കുന്നതു കണ്ടു." ഇത് കേട്ട് രാജഭടന്മാരും മറ്റുള്ളവരും കൂടി ദേവദേവിയുടെ അടുത്തെത്തി. അവളുടെ വീട്ടിൽ നിന്നും പാത്രം കണ്ടെടുത്തു. അവൾ ഭയത്തോടെ പറഞ്ഞു.

"എനിക്ക് ഇത് വിപ്രനാരായണന്‍ തന്നതാണ്"
വിപ്രനാരായണൻ പറഞ്ഞു.
ഇങ്ങനെ ഒരു പാത്രം എന്‍റെ പക്കല്‍ ഇല്ല. ഇത് ഞാൻ നല്കിയതല്ല" 
ഇദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഒരു അഴകിയ മണവാളനാണ് ഇത് ഇന്നലെ രാത്രിയിൽ ഇവിടെ കൊണ്ടുവന്നു തന്നത്." "എനിക്കു അങ്ങനെ ഒരു ശിഷ്യനേ  ഇല്ല"
എല്ലാവരും പരിഹസിച്ചു ചിരിച്ചു. ശ്രീരംഗനാഥന്റെ ഭക്തൻ അവിടുത്തെ പാത്രം മോഷ്ടിച്ചു ദാസിക്കു നല്കി. കഷ്ടം! ഇതെല്ലാം കേട്ട രാജ ഭടന്മാര്‍  വിപ്രനാരായണനെ തടവിലാക്കി. വിപ്രനാരായണന് അതിയായ ദുഃഖം തോന്നി. അദ്ദേഹം അറിയാതെ വിളിച്ചു .

 ശ്രീരംഗനാഥാ........... ആ വിളി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ കൊളുത്തി വലിച്ചു. പശ്ചാത്താപം കൊണ്ട് അദ്ദേഹത്തിന്റെ ഉള്ളു നീറി.  രംഗനാഥന്‍റെ നാമം അദ്ദേഹത്തിന് എന്തെന്നില്ലാത്ത ആശ്വാസം നല്കി. വിപ്രനാരായണന്‍ പഴയതുപോലെ നാമം ജപിക്കാൻ ആരംഭിച്ചു.  ഒരു പ്രാവശ്യം പഴയതുപോലെ സ്വപ്നത്തിലെങ്കിലും തനിക്കു ദര്‍ശനം നല്‍കണം എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കാരുണ്യ നിധിയായ ആണ്ടാൾ വീണ്ടും രംഗനാഥനോട് ഭക്തനിൽ കരുണ കാണിക്കണം എന്ന് പറഞ്ഞു.  ഭഗവാന്‍ തന്റെ ഭക്തനായ  മഹാരാജവിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.  ' ഭക്താ വിപ്രനാരായണൻ നിരപരാധിയാണ്.
ഇതെല്ലാം എന്‍റെ ലീലയാണ്. എന്റെ ഭക്തന് ഉണ്ടായ ച്യുതിയിൽ നിന്ന് ഉയർത്താനായി ഞാൻ തന്നെയാണ് അഴകിയ മണവാളനായത്.

നിങ്ങള്‍ക്ക് വഴികാട്ടിയായ ആ ഗോപാലനും ഞാൻ തന്നെയായിരുന്നു. എന്നിൽ മനസ്സുവച്ച സാംസാരിയായ ജീവൻ കാലഗതികൊണ്ട്
കാമത്തില്‍ കുടുങ്ങിയാലും ഭഗവത് പ്രാപ്തിക്കു അര്‍ഹതയുണ്ട്  എന്നു കാണിക്കുവാനാണ് വിപ്രനാരായണനെ ഞാന്‍ ഉപയോഗിച്ചത്"
ഇത് പറഞ്ഞ് ഭഗവാൻ അഴകിയ മണവാളന്റേയും, ഗോപാലന്റേയും വേഷത്തിൽ രാജാവിന് ദർശനം നല്കി മറഞ്ഞു. 

സത്യം മനസ്സിലാക്കിയ രാജാവ് സത്യം എല്ലാവരേയും ബോധ്യപ്പെടുത്തി വിപ്രനാരായണനെ മോചിപ്പിച്ചു, ഭഗവാന്റെ കാരുണ്യം ഓർത്ത് വിപ്രനാരായണന്‍ ഭഗവാനെ വിളിച്ചു പൊട്ടിക്കരഞ്ഞു. '

ഹേ! പ്രഭോ! അങ്ങയിൽ കറയറ്റ ഭക്തിയുള്ളവൻ എന്ന് ഞാന്‍ ഏറെ അഹങ്കരിച്ചു. എന്റെ അഹങ്കാരമാണ് എന്നെ ഇത്രത്തോളം ഞാന്‍ അധഃപതിപ്പിച്ചത്.

നാമം ജപിക്കുവാൻ കഴിയുന്നതുപോലും അവിടുത്തെ കൃപകൊണ്ടു മാത്രമാണ്. അത് എന്റെ സ്വന്തം കഴിവാണ് എന്ന് തെറ്റിധരിച്ചു.  എന്റെ കാലിടറിയപ്പോൾ കാരുണ്യം കൊണ്ട് അഭ്യുതകാംക്ഷികളെ അങ്ങ് എന്റെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. അങ്ങയുടെ ആ കരങ്ങൾ ഞാൻ തട്ടിമാറ്റിയപ്പോൾ ശ്രീരംഗനാഥാ കാരുണ്യക്കടലേ അങ്ങ് തന്നെ വന്ന് എന്റെ കൈ പിടിച്ചുവല്ലോ? ഇനി ഒരിക്കലും ഞാൻ അങ്ങയെ മറക്കാതിരിക്കാൻ, അവിടുത്തെ നാമം നാവിൽ നിന്ന് പിരിയാതിരിക്കാൻ ആ തൃപ്പാദകമലങ്ങളില്‍ ഞാൻ ശരണാഗതി ചെയ്യുന്നു.

എന്നെ അവിടുത്തെ ഭക്തന്മാരുടെ ദാസാനുദാസനായി ജീവിക്കാൻ അനുഗ്രഹിക്കണേ! എന്നു പറഞ്ഞു ശ്രീരംഗനാഥനിൽ സർവ്വ സമർപ്പണം ചെയ്തു. അങ്ങിനെ പൂര്‍ണ്ണ രംഗനാഥ ഭക്തിയില്‍  അദ്ദേഹം അലിഞ്ഞു ചേർന്നു.
രാധേ കൃഷ്ണാ

      🙌ഭഗവത് കൃപ 🙌

No comments: