ശ്രീകൃഷ്ണന്റെ വംശത്തില്‍പ്പെട്ട സത്രാജിത്ത് എന്നൊരു യാദവന്‍ ഉണ്ടായിരുന്നു. അയാള്‍ തന്റെ മകള്‍ സത്യഭാമയെ വിവാഹം കഴിക്കാന്‍ പണം ഇല്ലാത്തതിനാല്‍ സൂര്യനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. സത്രാജിത്തിന് സൂര്യന്‍ കനിഞ്ഞു നല്‍കിയതാണ് സ്യമന്തകം എന്ന അത്ഭുത രത്‌നമണി. ഈ രത്‌നം ശുദ്ധമായ സ്ഥലത്തുവച്ച് ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഐശ്വര്യവും സമ്പത്തും നല്‍കിക്കൊണ്ടിരിക്കും. മറ്റാരും ഇത് ശരീരത്തില്‍ ധരിക്കരുത് എന്ന് സൂര്യന്‍ താക്കീത് നല്‍കിയിരുന്നു. സ്യമന്തകമണിയുടെ സഹായത്താല്‍ സത്രാജിത്ത് സമ്പന്നനായി. ഒരിക്കല്‍ കൃഷ്ണന്‍ സത്രാജിത്തിനോട് പറഞ്ഞു, വിശേഷപ്പെട്ട വസ്തുക്കള്‍ രാജകൊട്ടാരത്തില്‍ ആണ് സൂക്ഷിക്കേണ്ടത്. ആയതിനാല്‍ സ്യമന്തകം കൊട്ടാരത്തിലേക്ക് ഏല്‍പ്പിക്കുക. പകരം ആവശ്യത്തിന് പണം അവിടെനിന്നും വാങ്ങിക്കൊള്‍ക. എന്നാല്‍ സത്രാജിത്ത് പറഞ്ഞു. ഞാന്‍ വളരെ കഷ്ടപ്പെട്ട് സൂര്യനില്‍നിന്നും സമ്പാദിച്ചതാണ്. അത് ആര്‍ക്കും കൊടുക്കുകയില്ല. ശ്രീകൃഷ്ണന്‍ മറുത്തൊന്നും പറയാതെ പോയി. അങ്ങനെയിരിക്കെ ഒരു ദിവസം സത്രാജിത്തിന്റെ അനുജന്‍ പ്രസേനന്‍ സ്യമന്തക മണി കഴുത്തില്‍ അണിഞ്ഞുകൊണ്ടു കാട്ടിലേക്ക് നായാട്ടിനായിപ്പോയി. പിന്നെ തിരികെ വന്നില്ല. സത്രാജിത്ത് കൃഷ്ണന്റെ പേരില്‍ കുറ്റാരോപണം നടത്തി. കൃഷ്ണന്‍ പണ്ടേ കള്ളനാണ്. സ്യമന്തകം ചോദിച്ചിട്ട് ഞാന്‍ കൊടുത്തില്ല. ഇപ്പോള്‍ പ്രസേനനെക്കൊന്ന് സ്യമന്തകം സ്വന്തമാക്കി. കൃഷ്ണന് ഈ ആരോപണം സഹിച്ചില്ല. കൃഷ്ണന്‍ കുറെ അനുയായികളുമായി കാട്ടിലേക്കു പോയി. കുറെ ചെന്നപ്പോള്‍ പ്രസേനന്‍ വഴിയില്‍ മരിച്ച് കിടക്കുന്നു. കുറച്ചകലെയായി കുതിരയും ചത്തുകിടക്കുന്നു. സ്യമന്തകം കാണുന്നില്ല. അന്വേഷണത്തില്‍ ഒരു സിംഹത്തിന്റെ കാല്‍പ്പാട് കണ്ടു. അതു നോക്കിയപ്പോള്‍ സിംഹവും ചത്തുകിടക്കുന്നു. മണിയില്ല. അപ്പോള്‍ ഒരു വാനരന്റെ കാല്‍പ്പാട് കണ്ടു. അത് നോക്കിയപ്പോള്‍ ഒരു ഗുഹയുടെ വക്കില്‍ എത്തി. ഭയം തോന്നിയ അനുയായികളെ അവിടെ നിറുത്തി ശ്രീകൃഷ്ണന്‍ ഒറ്റക്ക് ഗുഹയില്‍ ഇറങ്ങി. ഇരുട്ടില്‍ കുറെ നടന്നപ്പോള്‍ ഒരു വെളിമ്പ്രദേശവും ഒരു കുടിലും കണ്ടു. കുടിലിന്റെ മുന്‍പില്‍ ഇരുന്ന് ഒരു കുട്ടിവാനരന്‍ സ്യമന്തകമണി തട്ടിക്കളിക്കുന്നു. അസാധാരണമായി ഒരു മനുഷ്യനെ കണ്ട കുട്ടി ബഹളം കൂട്ടി. ഒച്ചകേട്ട് ഒരു വൃദ്ധവാനരന്‍ ഇറങ്ങിവന്നു. തുടര്‍ന്ന് വാനരന്‍ കൃഷ്ണനുമായി മല്‍പ്പിടുത്തം നടത്തി. കൃഷ്ണന്‍ ആ വൃദ്ധവാനരനെ തൂക്കിയെടുത്തു ദൂരേക്ക് എറിഞ്ഞു കളഞ്ഞു. ദൂരെ വീണ വാനരന്‍ അവിടെക്കിടന്ന് ചിന്തിക്കാന്‍ തുടങ്ങി. ചിരഞ്ജീവിയായ ജാംബവാനെ പരാജയപ്പെടുത്താന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ജാംബാവാനെ കൃഷ്ണന്‍ മനസ്സിലാക്കിയെങ്കിലും ജാംബവാന് കൃഷ്ണനെ മനസ്സിലായില്ല. ജാംബവാന്‍ കൃഷ്ണന്റെ അടുത്ത് തൊഴുകൈയോടെ ചെന്ന് പറഞ്ഞു അങ്ങ് ആരാണ്. എന്നെ തോല്‍പ്പിക്കാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ല. ത്രേതായുഗത്തില്‍ ലങ്കയില്‍ വച്ചുണ്ടായ രാമരാവണ യുദ്ധത്തിനുശേഷം രാമന്‍ എന്നോടു പറഞ്ഞിരുന്നു അടുത്ത അവതാരകാലത്ത് കാണാമെന്ന്.' 'ഞാന്‍ ദ്വാരകയിലെ ശ്രീകൃഷ്ണന്‍ ആണ്. ഈ മണിയുടെ പേരില്‍ എനിക്ക് ദുഷ്‌പേരു വന്നത് തീര്‍ക്കണം. അതിനാണ് ഞാന്‍ വന്നത്.' എന്ന് പറഞ്ഞു കൃഷ്ണന്‍ ശ്രീരാമന്റെ രൂപത്തില്‍ ജാംബവാന് ദര്‍ശനം നല്‍കി. ജാംബവാന്‍ സ്യമന്തകത്തോടൊപ്പം തന്റെ മകള്‍ ജാംബവതിയേയും കൃഷ്ണന് നല്‍കി. കൃഷ്ണന്‍ സ്യമന്തകം സത്രാജിത്തിന് കൊടുക്കാന്‍ വേണ്ടതായ ഏര്‍പ്പാടാക്കി. കാര്യം അറിഞ്ഞ്‌സത്രാജിത്തിന് വിഷമമായി. വെറുതെ കൃഷ്ണന്റെ പേരില്‍ ആരോപണം നടത്തി. അതിന് പരിഹാരം എന്ന നിലയില്‍ സ്യമന്തക മണിയോടൊപ്പം തന്റെ മകള്‍ സത്യഭാമയെയും കൃഷ്ണന് നല്‍കി. പണ്ടുണ്ടായ വൈരം മറക്കണമെന്ന് പറഞ്ഞു. കൃഷ്ണന്‍ പറഞ്ഞു എനിക്ക് മുന്‍പും വിരോധം ഒന്നുമില്ല. താങ്കള്‍ക്ക് വിഷമം വേണ്ട സത്യഭാമയെ ഞാന്‍ സ്വീകരിക്കുന്നു. മണി നിങ്ങള്‍ തന്നെ സൂക്ഷിക്കുക. ശ്രീകൃഷ്ണന്റെയും സത്രാജിത്തിന്റെയും കാലശേഷം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആയിരക്കണക്കിന് കൈകളില്‍ മാറി മാറി എങ്ങനെയോ ഹൈദരാബാദ് നൈസാമിന്റെ അധീനതയില്‍ വന്നുചേര്‍ന്നു. പില്‍ക്കാലത്ത് അത് കോഹിനൂര്‍ രത്‌നം എന്നും അറിയാന്‍ തുടങ്ങി. കാലപ്പഴക്കത്താലും കൈമാറ്റങ്ങളാലും സ്യമന്തകമണി രൂപത്തിലും ഭാവത്തിലും വ്യതിയാനപ്പെട്ടിരിക്കണം. പിന്നീട് എപ്പോഴൊ എങ്ങനെയോ ഈ രത്‌നം ബ്രിട്ടീഷുകാരുടെ കൈയില്‍ വന്നുചേര്‍ന്നു. ഇപ്പോള്‍ ലണ്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള കോഹിനൂര്‍ രത്‌നം യഥാര്‍ത്ഥ സ്യമന്തകമണി തന്നെയാണ്. ചരിത്രപരമായി ഭാരതത്തിന്റെ പൈതൃക സ്വത്താണ് അത്. എങ്ങനെയായാലും അത് ഭാരതത്തിന് തിരികെ കിട്ടിയേ തീരൂ. janmbhumi
No comments:
Post a Comment