ഹഠയോഗ പ്രദീപിക
Saturday 11 August 2018 2:43 am IST
ഉത്താനൗ ചരണൗ കൃത്വാ
ഊരുസംസ്ഥൗ പ്രയത്‌നതഃ
ഊരുമധ്യേ തഥോത്താനൗ
പാണീ കൃത്വാ തതോ ദൃശൗ 1- 45
കാലുകള്‍ (ചരണൗ) തുടകളുടെ മേലേ(ഊരു) സംസ്ഥൗ മലര്‍ത്തിവെച്ച് (ഉത്താനൗ കൃത്വാ
) കൈകള്‍ (പാണി) തുട മേലെ ( ഊരു മധ്യേ) മലര്‍ത്തിവെച്ച ശേഷം ദൃഷ്ടികള്‍...
നാസാഗ്രേ വിന്യസേദ് രാജ
ദന്തമൂലേ തു ജിഹ്വയാ
ഉത്തംഭ്യ ചിബുകം വക്ഷ
സ്യുത്ഥാപ്യ പവനം ശനൈഃ 1- 46
ദൃഷ്ടികള്‍ നാസാഗ്രത്തില്‍ ചേര്‍ത്ത്, നാക്ക് മേല്‍പ്പല്ലിനടിയില്‍ ചേര്‍ത്ത്, താടി നെഞ്ചോടു ചേര്‍ത്ത്, പ്രാ
ണനെ സാവധാനത്തില്‍ മേലോട്ടുയര്‍ത്തണം.
സാധാരണ പത്മാസനമാണ് ഇവിടെ രണ്ടു ശ്ലോകങ്ങള്‍ കൊണ്ട് വിവരിക്കപ്പെട്ടത്. സാധാരണയില്‍ പ്രാണന്റെ ഗതി താഴോട്ടാണ്. അതിനെ മേലോട്ടാക്കുകയും പുറത്തേക്കു പോകുന്നതിനു മുമ്പ് താഴോട്ടമര്‍ത്തി സമാന പ്രാണന്റെ സ്ഥാനമായ നാഭീ ദേശത്തു കേന്ദ്രീകരിക്കുകയും ചെയ്യും.
ഇത് പ്രാണന്റെ പ്രവര്‍ത്തനത്തില്‍ ഒരു സൂക്ഷ്മ ശക്തിയെ ഉണര്‍ത്തും. അതിനെ സുഷുമ്‌നയിലൂടെ ഉയര്‍ത്തുന്ന തരം പ്രാണായാമമുറകള്‍ ഗുരുമുഖത്തില്‍ നിന്നറിയേണ്ട വിഷയമാണ്. പത്മാസനം കൊണ്ടു മാത്രം ഇതു സാധ്യമാവില്ല. പ്രാണായാമം മാത്രം കൊണ്ടും സാധ്യമാവില്ല. ബന്ധം, മുദ്ര ഇവയും ചേര്‍ക്കണം.
സിദ്ധാസനവും പത്മാസനവും ധ്യാനാസനങ്ങള്‍ തന്നെ. ധാരണാ ധ്യാന സമാധികള്‍ തന്നെയാണ് രണ്ടിന്റെയും പ്രയോജനം. എന്നാല്‍ സിദ്ധാസനത്തില്‍ വജ്രനാഡിയില്‍ കാലിന്റെ ഉപ്പൂറ്റിയുടെ മര്‍ദ്ദം ലഭിക്കും എന്ന പ്രത്യേകതയുണ്ട്. പ്രാണപ്രവാഹത്തെ തിരിച്ചുവിടാന്‍ ഇതു കാരണമാകും.
ഇദം പത്മാസനം പ്രോക്തം
സര്‍വവ്യാധി വിനാശനം
ദുര്‍ലഭം യേന കേനാപി
ധീമതാ ലഭ്യതേ ഭുവി 1- 47
സര്‍വരോഗനാശകമാണ് ഈ പത്മാസനം. ദുര്‍ലഭമായ ഈ ആസനം ഭൂമിയില്‍ എല്ലാവര്‍ക്കും ലഭ്യമല്ല; ബുദ്ധിമാന്മാര്‍ക്കേ ലഭിക്കൂ.
പത്മാസനത്തിന് സര്‍വവ്യാധിവിനാശമെന്ന ഒരു ഫലശ്രുതി കൊടുത്തിട്ടുണ്ട്. പത്മാസനം നമ്മുടെ പചനക്രമത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ക്രമീകരിച്ച് മൊത്തം ശരീരത്തിന് ഒരു സന്തുലനം സാധ്യമാക്കും. പാദത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. അതിനെ ഉദരഭാഗത്തേക്ക് തിരിച്ചുവിടും. സ്വാഭാവികമായും അതിന്റെ ഗുണം അവിടെ ലഭിക്കും.
പത്മാസനത്തില്‍ 'അങ്ങിനെയിങ്ങനെ' യുള്ളവര്‍ക്കൊന്നും ( യേന കേനാപി ) സിദ്ധിലഭിക്കില്ല. എന്നു വെച്ചാല്‍, ശരാശരിക്കാര്‍ക്ക് എന്നര്‍ഥം. കൂടുതല്‍ പേരും ഈ വിഭാഗത്തില്‍ പെടും. കൃത്യമായ പത്മാസനം ചെയ്യുന്നവര്‍ കുറവാണ്. സ്ഥിരമായ അഭ്യാസമുള്ളവര്‍ക്ക്, ശ്രദ്ധയും ബുദ്ധിയും ഉള്ളവര്‍ക്ക് ഇത് വഴങ്ങും. അങ്ങനെയുള്ളവര്‍ ചുരുക്കമാണ് എന്നാണ് ഗ്രന്ഥകാരനായ യോഗി സ്വാത്മാരാമന്റെ അഭിപ്രാ
യം.
കൃത്വാ സംപുടിതൗ കരൗ ദൃഢതരം
ബദ്ധ്വാ തു പത്മാസനം
ഗാഢം വക്ഷസി സന്നിധായ ചിബുകം
ധ്യായംശ്ച തച്ചേതസി
വാരം വാരമപാനമൂര്‍ധ്വമനിലം
പ്രോത്സാരയന്‍ പൂരിതം
ന്യഞ്ചന്‍ പ്രാണ മുപൈതി ബോധമതുലം
ശക്തിപ്രഭാവാന്നരഃ 1- 48
പത്മാസനം നന്നായി ബന്ധിച്ച ശേഷം കൈപ്പത്തികള്‍ മടിയില്‍ ഒന്നിനു മേല്‍ ഒന്നായി വെച്ച്. താടി നെഞ്ചില്‍ ചേര്‍ത്ത്, മനസ്സില്‍ ഈശ്വരനെ ധ്യാനിച്ചുകൊണ്ട് അപാന വായുവിനെ മേലോട്ടു വലിക്കുകയും പൂരകം ചെയ്ത പ്രാണനെ താഴോട്ടു തള്ളുകയും ചെയ്യണം. അപ്പോള്‍ സാധകന് ശക്തിപ്രഭാവത്താല്‍ അതുല്യമായ ജ്ഞാനം ലഭിക്കും.
താടി നെഞ്ചില്‍ ചേര്‍ക്കുക എന്നതു ശരിയാണോ? സാധ്യമാണോ? വ്യാഖ്യാതാവായ ബ്രഹ്മാനന്ദന്‍ പറയുന്നു, നെഞ്ചിനടുത്തു കൊണ്ടുവന്നു എന്നു കരുതിയാല്‍ മതിയെന്നും. നെഞ്ചില്‍ നിന്ന് നാലംഗുലം അകലത്തില്‍ എന്നെടുത്താല്‍ മതിയെന്ന്. യോഗി സമ്പ്രദായം എന്നാണിതിനു പറയുക. ജാലന്ധരബന്ധം എന്നെടുത്താല്‍ മതിയാകും. ധ്യാനിക്കുന്നതാരെ? തന്റെ ഇഷ്ടദേവതയെ ആയാല്‍ മതി. ശക്തി എന്നു വെച്ചാല്‍ കുണ്ഡലിനീ ശക്തി തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പ്രാണാപാനങ്ങള്‍ ഐക്യപ്പെട്ടാല്‍ കുണ്ഡലിനി ഉണരും. അപ്പോള്‍ അത് സുഷുമ്‌ന വഴി ബ്രഹ്മരന്ധ്രത്തിലേക്ക് ഉയരും. അപ്പോള്‍ ചിത്തത്തിനു സ്ഥൈര്യം ഉണ്ടാകും. അതില്‍ നിന്ന് സംയമവും ആത്മസാക്ഷാത്കാരവും ലഭിക്കുമെന്ന് താല്പര്യം. ശരിയായ ഇരുത്തം മറ്റു ക്രിയകള്‍ക്കൊക്കെയുള്ള അടിസ്ഥാന മുന്നൊരുക്കമാണ്.
പത്മാസനേ സ്ഥിതോ യോഗീ
നാഡീദ്വാരേണ പൂരിതം
മാരുതം ധാരയേത് യസ്തു
സ മുക്തോ നാത്ര സംശയഃ 1- 49
പത്മാസനത്തിലിരുന്നു കൊണ്ട്, നാഡീദ്വാരത്തിലൂടെ പൂരകം ചെയ്ത വായുവിനെ കുംഭകം ചെയ്യുന്ന യോഗി മുക്തനാകും, സംശയമില്ല.
മുക്തനാകും എന്നതിന് പൂരണത്തിലൂടെ ഉള്ളിലെടുത്ത പ്രാണനെ സുഷുമ്‌നാ മാര്‍ഗേണ മൂര്‍ധാവിലേക്കെത്തിക്കുമെന്ന് അര്‍ഥമെടുക്കണം. ധാരയേത് എന്നതിന് ഉറപ്പിക്കുന്നവന് മോക്ഷാര്‍ഹത ഉണ്ടെന്നറിയണം.
മാരുതന്‍, എന്നത് വായുവിന്റെയും പ്രാണന്റെയും പര്യായമാണ്. 49 മരുത്തുക്കളുണ്ടെന്ന് ശാസ്ത്രാന്തരങ്ങളില്‍ പറയുന്നു. നായകന്‍ ഇന്ദ്രനും. ഇന്ദ്രന്‍ തന്നെയാണ് മനസ്സിന്റെ ദേവതയും ഇന്ദ്രിയങ്ങളുടെ നിയന്ത്രകനും. മനസ്സിന്റെ 49 തരം ശക്തിവിശേഷങ്ങളാണ് മരുത്തുക്കള്‍. അവ 49 അക്ഷരങ്ങളുടെ രൂപത്തില്‍ ശരീരത്തിലെ ഓരോ അവയവത്തിലും ഇരിക്കുന്നുണ്ടത്രെ. മാരുതനെ ഉള്ളിലേക്കെടുക്കുക എന്നു വെച്ചാല്‍ 49 തരത്തില്‍ പുറത്തേക്കു പോകുന്ന ശക്തിയുടെ ഒഴുക്കിനെ തടയുക എന്നു തന്നെ അര്‍ത്ഥം.
രാജയോഗിയും ധ്യാനയോഗിയും മനസ്സിന്റെ കേന്ദ്രീകരണത്തിലൂടെ മോക്ഷത്തിലേക്കു മുന്നേറുമ്പോള്‍, ഹഠയോഗി പ്രാണാപാനന്മാരെ യോജിപ്പിക്കുന്നു. അപ്പോള്‍ മനസ്സ് നിഷ്പന്ദമാവുന്നു.
വ്യാഖ്യാനം:
കൈതപ്രം വാസുദേവന്‍ നമ്പൂതിരി
No comments:
Post a Comment