Friday, August 10, 2018

സത്യാനന്ദ സുധ-26
Saturday 11 August 2018 2:45 am IST
അറിവുമായി ബന്ധപ്പെട്ട് വിദ്യയെന്നും അവിദ്യയെന്നും രണ്ടുകാര്യങ്ങളെപ്പറ്റി വേദാന്തശാസ്ത്രം എപ്പോഴും പ്രതിപാദിക്കുന്നതു കേള്‍ക്കാം. മനുഷ്യമനസ്സിനെ ബന്ധനങ്ങളില്‍നിന്നും പരിമിതികളില്‍നിന്നും മോചിപ്പിച്ച് പരമാത്മാവിലേക്കു നയിക്കുന്ന അറിവാണു വിദ്യ. അതിനു നേരെ വിപരീതമായി കാമക്രോധഭരിതമായ ആഗ്രഹങ്ങള്‍ വളര്‍ത്തി മനുഷ്യമനസ്സിനെ ഭൂമണ്ഡലത്തില്‍ തളച്ചിടുന്ന അറിവെല്ലാം അവിദ്യയാകുന്നു. അവിദ്യ വര്‍ധിച്ചാല്‍ മനുഷ്യന്റെ ബോധമണ്ഡലം പാതാളത്തിലേക്കു താണുപോ
യെന്നും വരാം. വേദവേദാംഗ വേദാന്താദികളെല്ലാം വിദ്യയാകുന്നു. അതെല്ലാം തന്റെ ബോധമണ്ഡലത്തില്‍ തെളിഞ്ഞു പ്രകാശിച്ചു തുണയ്ക്കണമെന്ന ഈ അഭ്യര്‍ത്ഥന ജീവിതവിജയത്തിന്റെ രഹസ്യം നമുക്കു വ്യക്തമാക്കിത്തരുന്നു. ശ്രീരാമായണം പരമമായ വിദ്യയാണ്. അതു മധുരമായി പാടണമെങ്കില്‍ വേദാദികളെല്ലാം നന്നായുള്‍ക്കൊണ്ടിരുന്നാലേ സാധിക്കൂ.
വേദങ്ങളും വേദാംഗങ്ങളും വേദാന്തവും ശൂദ്രനു മകനായി പിറന്നവനു പഠിക്കാനവകാശമില്ലെന്നു പ്രചരിപ്പിച്ച് ഒരു പിടിയാളുകള്‍ സര്‍വവും കുത്തകയാക്കിത്തീര്‍ത്തു മദിക്കുമ്പോള്‍ അതിനെതിരേ തൊടുത്തുവിട്ട ശക്തമായ സാത്വിക പ്രതിഷേധമാണ് ഈ അഭ്യര്‍ത്ഥന. ബ്രാഹ്മണ്യവും ശൂദ്രത്വവുമെല്ലാം ജന്മംകൊണ്ടുണ്ടാകുന്നതല്ല മറിച്ച് കര്‍മവും സ്വഭാവവുമനുസരിച്ചു സിദ്ധിക്കുന്നതു മാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലൊ. ഏറെക്കാലം ഭാരതത്തില്‍ അതായിരുന്നു വ്യവസ്ഥ. പക്ഷേ കാലമേറെച്ചെന്നപ്പോള്‍ അധികാര ദുര്‍മോഹികളായിത്തീര്‍ന്ന ഒരു കൂട്ടം ആളുകള്‍ ക്രമേണ ബ്രാഹ്മണ്യാദികളെ ജന്മംകൊണ്ടുകിട്ടുന്ന സ്ഥാനമാനാദികളായി നടപ്പിലാക്കിയെടുത്തു. സമൂഹത്തിലുള്ള വലിയൊരു വിഭാഗത്തെ അകലങ്ങളില്‍ നിര്‍ത്തി സ്വന്തം സമ്പത്തും അധികാരവും സുരക്ഷിതമാക്കിത്തീര്‍ക്കുന്നതിനായിരുന്നു അവരുടെ പ്രസ്തുത പരിശ്രമം. അതിനായി വേദവിരുദ്ധമായ അനേകം കള്ളത്തരങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് ജന്മശൂദ്രനു വേദാധികാരമില്ലെന്ന വാദം. ഹൈന്ദവ ധര്‍മത്തിനേറ്റ കനത്ത ആഘാതമായിരുന്നു അത്. കേരളക്കരയില്‍ ഇതു വേരുറയ്ക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെയായിരുന്നു. അപ്പോള്‍ മുതല്‍  അതിനെതിരെ ശക്തമായ പ്രതികരണങ്ങളുമാരംഭിച്ചു. അത്തരം പരിശ്രമങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിച്ചേര്‍ന്നത് വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും വിവേകാനന്ദ സ്വാമികളുടെയും മഹാത്മജിയുടെയും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളോടെയാണ്.
സാത്വിക ഗുണ സമൃദ്ധിയുള്ള ആരുടെ ചേതസ്സിലും തെളിഞ്ഞുണര്‍ന്നു വിലസുന്ന മഹാനുഗ്രഹമാണ് വേദവേദാംഗ വേദാന്താദി വിദ്യകള്‍. തെളിവുകള്‍ മനസ്സുകളുടെ ഉടമകളായിരുന്ന പ്രാചീന ഋഷികളില്‍ അതു പ്രകാശിപ്പിച്ചു. കാലദേശപരിമിതികളില്ലാത്ത പ്രസ്തുതവിദ്യ എവിടെയും ഏതുകാലത്തും ആരിലും സൂര്യനെപ്പോലെ ഉദയംകൊള്ളാന്‍ സാമര്‍ത്ഥ്യമുണ്ട്. ഏതാനും 
ചിലരില്‍ മാത്രമായി ഒതുങ്ങുന്ന മഹാസത്യമല്ല ഈ വിദ്യ അതിനാല്‍ ലൗകികമായ ചട്ടക്കൂടുകള്‍കൊണ്ടു കുറേപ്പേര്‍ക്ക് അതു നിഷേധിച്ചുകളയാമെന്ന വിചാരം വെറും വ്യാമോഹം മാത്രമായിരിക്കും. ഈ പ്രഖ്യാപനമാണ് ബ്രഹ്മപാദജനായ തന്റെ ഉള്ളില്‍ പ്രകാശിച്ചരുളണമെന്നു വേദാദിവിദ്യകളോടു ചെയ്യുന്ന പ്രാര്‍ത്ഥനയുടെ വ്യംഗ്യം. വേദാദികള്‍ എവിടെനിന്നുണ്ടാകുന്നു എന്നു ചിന്തിച്ചാല്‍ ഇതിന്റെ സാംഗത്യം എളുപ്പത്തില്‍ പിടികിട്ടും. വേദവേദാംഗ വേദാന്താദി വിദ്യകളെല്ലാം പരമാത്മാവില്‍നിന്ന് അഥവാ ശ്രീരാമചന്ദ്രനില്‍ നിന്നാണ് ഉണ്ടാകുന്നത്. പരമാത്മാവില്‍നിന്നും അഥവാ ശ്രീരാമചന്ദ്രനില്‍ നിന്നുമാണുണ്ടാകുന്നത്. പരമാത്മാവാകട്ടെ ജീവനുള്ളവയെന്നും ജീവനില്ലാത്തവയെന്നും നാം വിലയിരുത്തി വച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയും നാം വിലയിരുത്തിവച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയുമെല്ലാം ഉള്ളിലിരിക്കുന്നു. ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രാദികളെന്നോ പക്ഷിമൃഗാദികളെന്നോ ഭേദം പരമാത്മാവിനില്ല. ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ആത്മാക്കളുമില്ല.  ബ്രാഹ്മണനിലിരിക്കുന്ന  അതേ പരമാത്മാവുതന്നെയാണ് ചണ്ഡാളനിലുമിരിക്കുന്നത്. അതിനാല്‍ ഹൃദയശുദ്ധി നേടിയാല്‍ വേദവിദ്യ ആരിലും പ്രകാശിക്കും. ഉള്ളിന്റെ ഉള്ളില്‍ നിന്നു ചേതസ്സിലേക്കു- മനോമണ്ഡലത്തിലേക്കു തള്ളിക്കയറിവരുന്ന അറിവിന്റെ മഹാഗംഗയെ തടഞ്ഞുനിര്‍ത്താന്‍ ലൗകിക നിയമങ്ങള്‍ക്കോ അധികാരകേന്ദ്രങ്ങള്‍ക്കോ സാധ്യമല്ല. കാട്ടാളന്‍ കവീശ്വരനായി രാമായണം പാടിയതും, മുക്കുവ സ്ത്രീയുടെ മകന്‍ മഹാഭാരതം ആലപിച്ചതും വേദം പകുത്തതും എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണ രചന ചെയ്തതുമെല്ലാം അതിനുള്ള ഉത്തമദൃഷ്ടാന്തങ്ങളാകുന്നു.
അദ്ധ്യാത്മ രാമായണത്തില്‍ വര്‍ണിച്ചിട്ടുള്ള അനേക സംഭവങ്ങള്‍ ജ്ഞാനോദയത്തോടെ അവരവരുടെ ഉള്ളില്‍ നിന്നുദ്ഗമിക്കുന്ന മഹാമന്ത്രങ്ങളാണു വേദാദിവിദ്യകളെന്ന് ഉദ്‌ഘോഷിക്കുന്നു. ഇക്കാര്യത്തില്‍ മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ രാക്ഷസനെന്നോ ദേവാദികളെന്നോ ഭേദമില്ലെന്നും അവ തന്നെ പഠിപ്പിക്കുന്നു. ആകെ വേണ്ടുന്ന കൈമുതല്‍ തെളിഞ്ഞ, നിസ്വാര്‍ത്ഥമായ ഹൃദയം മാത്രം. അവിടെ ഭഗവാന്റെ മഹനീയ കളേബരം പൂര്‍ണപ്രഭയോടെ തിളങ്ങും. ഭഗവന്‍ മഹിമാനം വാക്കുകളും ഛന്ദസ്സുകളുമായി പ്രവഹിക്കുകയും ചെയ്യും. ശരഭംഗനും സുതീക്ഷനും അഗസ്ത്യനും നാരദനും വായുദേവനും മാത്രമല്ല ഗുഹനും ശബരിയും ഹനുമാനും സുഗ്രീവനും
വിഭീഷണനും ജടായുവും സമ്പാതിയും വിരാധനും കബന്ധനും ഖരദൂഷണാദികളും ശുകനും മാരീചനും കാലനേമിയുമെല്ലാം അതുതന്നെ പാടിക്കേള്‍പ്പിച്ചു. വേദം ഇന്നു കാണുന്ന രീതിയില്‍ ക്രമീകരിച്ചുതന്ന വ്യാസന്‍ മാത്രമല്ല മന്ത്രദ്രഷ്ടാക്കളായ ഋഷിമാരില്‍പോലും പലരും ശൂദ്രാദികളുടെ സന്താനങ്ങളാണ്. പരമാത്മ കാരുണ്യത്താലും പരമാത്മസ്വരൂപനായ സദ്ഗുരുവിന്റെ അനുഗ്രഹത്താലും ഹൃദയത്തില്‍ പ്രകാശിക്കുന്ന ബ്രഹ്മവിദ്യയെ ആര്‍ക്കും തടഞ്ഞിടാനാവുകയില്ലെന്നു ചുരുക്കം. അതു വെളിയില്‍നിന്നു വരുന്നവയല്ല. അവരവരുടെ ഉള്ളില്‍നിന്നു അജ്ഞാനത്തിന്റെ മറ നീക്കി പ്രകാശിക്കുന്നവയാണ്. ശാസ്ത്രഗ്രന്ഥങ്ങളുരുവിട്ടതുകൊണ്ടോ മഹാഗ്രന്ഥങ്ങള്‍ തലനാരിഴ കീറി അപഗ്രഥിച്ചതുകൊണ്ടോ ലഭിക്കുന്ന സമ്മാനമല്ലത്. ശ്രദ്ധയും ഭക്തിയും പൂര്‍ണമായുറച്ചവര്‍ക്കു സ്വയംപ്രകാശിപ്പിച്ചു കിട്ടുന്നതു മാത്രമാണത്. ശാസ്ത്രങ്ങളും  ഇതരഗ്രന്ഥങ്ങളും അത്തരക്കാര്‍ക്കു വഴികാട്ടാന്‍ സഹായകമായിത്തീരുമെന്നേയുള്ളൂ.
ഋക്, യജ്ജുസ്സ്, സാമം, അഥര്‍വം എന്നിവയാണു വേദങ്ങള്‍. ശിക്ഷ, കല്‍പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ വേദാംഗങ്ങളും ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മഹാഗ്രന്ഥങ്ങള്‍ വേദാന്തവുമാകുന്നു. ഇവിടെ വേദാന്ത ശബ്ദം കൊണ്ട് ദര്‍ശനങ്ങളെയെല്ലാം അര്‍ത്ഥമാക്കിയിട്ടുണ്ടെന്നു കരുതുന്നതിനും ന്യായമുണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വ മീമാംസ, ഉത്തരമീമാംസ എന്നിങ്ങനെ പ്രസിദ്ധമായ ആസ്തിക ദര്‍ശനങ്ങള്‍ ആറാണ്. ബൗദ്ധം, ജൈനം തുടങ്ങി നാസ്തികദര്‍ശനങ്ങളും പലതുണ്ട്. അക്കൂട്ടത്തില്‍ ഉത്തരമീമാംസയ്ക്കാണു വേദാന്തമെന്ന പ്രസിദ്ധിയുള്ളത്. ഈ ശാഖകളിലെല്ലാമായി ആയിരക്കണക്കിന് ആധികാരിക ഗ്രന്ഥങ്ങളും അവയ്‌ക്കോരോന്നിനും അനേക വ്യാഖ്യാനങ്ങളും വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്. അവയില്‍ ഏറിയ പങ്കും ഇപ്പോഴും സുലഭമാണ്. രാമായണ മഹാഗ്രന്ഥത്തില്‍ ഇവയ്‌ക്കെല്ലാത്തിനും സമുചിതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. അതതു സന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കപ്പെടുമെന്നതിനാല്‍ മേല്‍പ്പറഞ്ഞവയൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നു മാത്രം.
എങ്കിലും സുപ്രധാനമായൊരു കാര്യമുണ്ട്. ഇവയെല്ലാം ബൗദ്ധികജ്ഞാനം മാത്രമായി (ത്രിപുടീ സഹിതം മാത്രമായി) നിലനിന്നാല്‍ പോരാ. മറിച്ച് പ്രത്യക്ഷാനുഭവമായി (അതായതു ത്രിപുടീ രഹിതമായി) പ്രഭാമയമായി ഹൃദയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതാണ് വേദവേദാംഗവിദ്യകൊണ്ടുണ്ടാകേണ്ട പരമപ്രയോജനം. അതാണു പരമാത്മാവിന്റെ അഥവാ ശ്രീരാമന്റെ പ്രത്യക്ഷാനുഭവം. അലൗകികമായ ആനന്ദപ്രാപ്തിയാണത്. ബൗദ്ധികജ്ഞാനം ഉദരപൂരണത്തിനുതകിയേക്കാം. പക്ഷേ അതല്ല വേദങ്ങളുടെ പരമലക്ഷ്യമെന്നു മറക്കാതിരിക്കുക.
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

No comments: