Tuesday, August 21, 2018

ധര്‍മോ രക്ഷതി രക്ഷിതഃ

സ്വാമി ഭൂമാനന്ദ തീര്‍ഥര്‍
Wednesday 22 August 2018 2:34 am IST
ഭീഷ്മര്‍ ആദ്യം മുതല്‍ക്കെ മറ്റുള്ളവര്‍ക്കു വേണ്ടി സ്വഹിതങ്ങള്‍ ത്യജിച്ചുപോന്നിട്ടുള്ള അപൂര്‍വ മഹാത്മാവാണ്. പിതാവ് ശന്തനുവിന് സത്യവതിയെ കല്യാണം കഴിക്കാന്‍ വേണ്ടി താന്‍ ജീവിതത്തില്‍ വിവാഹമേ കഴിക്കില്ലെന്നു പ്രതിജ്ഞ ചെയ്തു. തന്റെ കഴിവു മുഴുവനും കുരുവംശത്തിന്റെ അഭിവൃദ്ധിക്കായി വിനിയോഗിച്ചുപോ
ന്ന ഭീഷ്മരുടെ മുമ്പില്‍ കൗരവ-പാണ്ഡവ യുദ്ധം വന്നെത്തി. അന്നേവരെ ജീവിച്ചുപോന്ന രാജധാനിയില്‍, അതിലെ അന്തേവാസികളോടൊപ്പം തന്നെ നില്‍ക്കാനാണ് ആ മഹാത്മാവിനു തോന്നിയത്. 
അതേസമയം, ദുര്യോധനന്റെ ദുര്‍മോഹവും അസഹിഷ്ണുതയും പിതാമഹന്റെ ദൃഷ്ടിയിലും കൊടിയ തെറ്റും പാപവുമാണ്. ആരെന്തു പറഞ്ഞുനിന്നാലും, തെറ്റ് അങ്ങനെയല്ലാ താകില്ല. ദുര്യോധനന്റെ മാര്‍ഗവും ലക്ഷ്യവും വിജയം വരിക്കില്ലെന്ന് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കാന്‍ താന്‍ മറന്നില്ല; എന്നാലും ദുര്യോധനപക്ഷത്തില്‍ത്തന്നെ നിന്നു പോരാടുകയാണ് അദ്ദേഹം ചെയ്തത്. യുദ്ധാരംഭത്തിനു മുമ്പേ യുധിഷ്ഠിരന്‍ വന്നു തന്നെ നമസ്‌കരിച്ചു പടയ്ക്ക് അനുമതിയും ആശീര്‍വാദവും ചോദിച്ചപ്പോള്‍, ഭീഷ്മര്‍ക്കു വലിയ സന്തോഷമായി 'നീ ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍, ദേഷ്യം തോന്നി ഞാന്‍ നിന്നെ ശപി
ച്ചേനേ. എനിക്കെതിരെ യുദ്ധം ചെയ്തുകൊള്‍ക, വിജയം വരിക്കുക. നിന്റെ ഭാഗത്തു യുദ്ധം ചെയ്യാന്‍ മാത്രം എന്നോട് ആവശ്യപ്പെടരുത്, അതൊഴികെ എന്തും ചോദിച്ചുകൊള്‍ക.'അദ്ദേഹം പറഞ്ഞു. തന്റെ ജയത്തിനു വേണ്ടി പ്രാര്‍ഥിക്കണം, അനുഗ്രഹിക്കണം, എന്നായിരുന്നു യുധിഷ്ഠിരന്റെ അപേക്ഷ, അതു പിതാമഹന്‍ സമ്മതിക്കയും ചെയ്തു. 
വിഭീഷണന്‍ രാവണനെയും ലങ്കയെയും വിട്ടുപോയതു രാവണന്റെ രീതികള്‍ അധര്‍മമായിരുന്നതിനാലും, ആ വസ്തുത ചൂണ്ടിക്കാണിച്ചപ്പോള്‍, ഉടന്‍ ലങ്കവിട്ടു പോകാന്‍ രാവണന്‍ ആജ്ഞാപിച്ചതിനാലുമാണ്. ഭീഷ്മരുടെ സ്ഥാനം, നിര്‍ദ്വന്ദ്വവീക്ഷണം, ഒന്നു വേറെയാണ്. താന്‍ ഇരിക്കുന്ന ഇടംവിട്ടു പോകത്തക്കവണ്ണം തനിക്കു പാ
പഭീതിയോ ആത്മച്യുതിയോ ഒന്നും വരാനില്ല. പക്ഷേ, ദുര്യോധനന്റെ രീതിയും ഉദ്ദേശ്യവും തെറ്റാണ്, അവ ജയംവരിക്കില്ല, എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. 
ഏതു മഹാത്മാവിന്റെ സാന്നിധ്യമുണ്ടായാല്‍പ്പോലും, അധര്‍മം ധര്‍മമാകില്ല, അതിനു വിജയം സംഭവിക്കില്ല, എന്നു സംശയാതീതമായി തെളിയുമ്പോഴാണ് ധര്‍മത്തിന്റെ പ്രസിദ്ധി അന്യൂനവും പൂര്‍ണവുമാകുക.  സൈന്യത്തലവനായി നിന്നു ദുര്യോധനസൈന്യത്തിന്റെ പരാജയത്തില്‍ ഭാഗഭാക്കായി, കഠിനയാതനയല്ലേ അദ്ദേഹം അനുഭവിച്ചത്. സ്വന്തം യോഗ്യത കൊണ്ട് ദുര്യോധനപക്ഷത്തെ ജയിപ്പിക്കണമെന്നല്ല അദ്ദേഹത്തിനു തോന്നിയത്. ധര്‍മമുള്ളേടമേ ജയംവരിക്കൂ. അധര്‍മം പിന്തുടരുന്നവര്‍ ആരുതന്നെ തുണച്ചാലും പരാജയപ്പെടാതെ നിവൃത്തിയില്ലെന്നതാണ് അന്തിമവാസ്തവം. 
www.Sw-amiBhoomanandaTirtha.org

No comments: