രാമായണസുഗന്ധം-14
Sunday 5 August 2018 3:05 am IST
ലക്ഷ്മണനെ ഇപ്രകാരം സ്‌നേഹപൂര്‍വം ശാസിച്ചശേഷം രാമന്‍ നമ്രശിരസ്‌കനായി മാതാവിനോട് വനത്തിലേക്കു പോകുവാന്‍ അനുമതി തേടി. പതിന്നാലു വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അയോദ്ധ്യയിലേക്കു മടങ്ങിവരുമെന്നും ഇക്കാലമത്രയും മാതാവായ കൗസല്യാദേവിയും സുമിത്രാദേവിയും ഭ്രാതാവായ ലക്ഷ്മണനും എന്റെ പത്‌നിയായ സീതാദേവിയും പിതാവിന്റെ ആജ്ഞകളെ പാലിക്കണമെന്നതാണ് ധര്‍മനീതി എന്നും രാമന്‍ പറയുകയുണ്ടായി.
ലക്ഷ്മണനും മാതാവും സ്‌നേഹം കൊണ്ടും തന്റെ മനസ്സിനെ വായിക്കുവാന്‍ കഴിയാതെയും തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നായിരുന്നു രാമന്റെ പക്ഷം. ക്രൂരനല്ലാത്ത ഏതൊരാള്‍ പിതാവിന്റെ ആജ്ഞയെ, ആ ആജ്ഞ കോപം
കൊണ്ടുള്ളതോ, ആഹ്ലാദം കൊണ്ടുള്ളതോ, വിഷയലമ്പടത്വം കൊണ്ടുള്ളതോ, എന്തുമാകട്ടേ, പാലിക്കാതെയിരിക്കും? എന്നേയും ഭരതനേയും ആജ്ഞാപിക്കുവാനുള്ള അധികാരം പിതാവിനുണ്ട്. എനിക്ക് ആ ആജ്ഞ പാലിച്ചേതീരൂ. പിതാവ് രാജാവു മാത്രമല്ല, ഈ ജീവിതത്തിലും അതിനുശേഷവും മാതാവിന്റെ ആഹ്ലാദത്തിന്റെ കാരണവുമത്രേ. മാതാവ് അദ്ദേഹത്തോടൊപ്പമാണ് എല്ലാ അവസ്ഥയിലും കഴിയേണ്ടത്, മകനോടൊപ്പമല്ല.
അങ്ങനെയുള്ള രാജാവ് മകനെ ഉപേക്ഷിക്കേണ്ടി വരുന്നത് സത്യത്തിനു വേണ്ടിയാണ്. അപ്പോള്‍ രാജ്ഞി എങ്ങനെയാണ് അദ്ദേഹത്തെ വിട്ട് വനത്തിലേക്കു പോവുക. ദേവീ, പതിന്നാലു വര്‍ഷം കഴിയുമ്പോള്‍, യയാതിരാജാവ് സത്യത്തിലൂടെ രണ്ടാമതൊരിക്കല്‍ സ്വര്‍ഗത്തിലേക്കു പോയതുപോലെ, ഞാന്‍ മടങ്ങിവരും. ഹ്രസ്വമായ ഈ ജീവിതത്തില്‍ നിസ്സാരമായ രാജ്യഭരണം കയ്യാളുവാനായി ധര്‍മത്തില്‍നിന്നും വ്യതിചലിക്കുവാന്‍ ഞാനൊരുക്കമല്ല. മാതാവിനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ച രാമന്‍ തന്റെ വാക്കുകളിലൂടെ ലക്ഷ്മണന് ധര്‍മത്തിന്റെ വ്യാഖ്യാനമാണ് നല്‍കിയത്. രാമന്‍ വനയാത്രക്കൊരുങ്ങി മാതാവിനെ പ്രദക്ഷിണം ചെയ്തു.
ക്രോധം കൊണ്ടു ജ്വലിക്കുന്ന കണ്ണുകളുമായി നിന്ന ലക്ഷ്മണനെ സമീപിച്ച് രാമന്‍ ഉപദേശിച്ചു 'ഈ ക്രോധമെല്ലാം ഉപേക്ഷിക്കൂ. നമ്മുടെ പിതാവിനെ അദ്ദേഹത്തിന്റെ പ്രതിജ്ഞ നിറവേറ്റുവാനായി സഹായിക്കൂ. അതില്‍ ആഹ്ലാദം കണ്ടെത്തൂ. എന്റെ അഭിഷേകത്തിനായി കൊണ്ടുവന്നതെല്ലാം മടക്കി അയക്കൂ. നമ്മുടെ മാതാവായ കൈകേയിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുവാന്‍ പാടില്ല. എന്റെ യാത്രയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യൂ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ കൈകേയിമാതാവ് ഭരതനെ അഭിഷേകം ചെയ്യും. ഞാന്‍ ദൈവനിശ്ചയത്തെ എതിര്‍ക്കുവാനില്ല.
'ദൈവനിശ്ചയമല്ലെങ്കില്‍ പിന്നെ എന്നെ വനത്തിലേക്കയക്കണമെന്ന തോന്നല്‍ മാതാവിന്റെ മനസ്സില്‍ എങ്ങനെയുണ്ടായി. വിധി വൈപരീത്യത്താല്‍ ഋഷികള്‍പോലും ധര്‍മത്തില്‍നിന്നും വ്യതിചലിക്കാറില്ലേ. എന്റെ വനയാത്രയ്ക്ക് പിതാവോ മാതാവോ കാരണക്കാരല്ല. വിധിയാണ് അവരെയെല്ലാം നിയന്ത്രിക്കുന്നത്. വിധിയുടെ നിയന്ത്രണശക്തി അപാരമത്രേ'.
വി.എന്‍.എസ്. പിള്ള
No comments:
Post a Comment