Monday, August 06, 2018

കുടുംബജീവിതം അത്ര എളുപ്പമുള്ളതല്ലെന്ന് പലരും പറയാറുണ്ട്. ദൈനംദിന ജീവിതത്തില്‍ നാംനേരിടുന്ന പ്രതിസന്ധികള്‍ അത്രയധികമാണ്. നമുക്ക് ജീവിതമെന്ന യാഥാര്‍ഥ്യത്തെ തള്ളിക്കളയാനാവില്ല. അതില്‍നിന്ന് ഒളിച്ചോടുന്നതും ധര്‍മമല്ല. മറിച്ച് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് പ്രതിസന്ധികളെ നേരിടാനും
 അതിന്റെ വേരറുക്കാനും നമുക്ക് കഴിയണം. പ്രാചീനഭാരതത്തിലെ ഋഷിമാര്‍ ഇത്തരത്തില്‍ കുടുംബജീവിതം നയിച്ചതിന്റെ രേഖാചിത്രങ്ങള്‍ പുരാണങ്ങളിലും മറ്റും കാണാം.
ജീവിതത്തിലെ അനേകവിധങ്ങളായ പ്രതിസന്ധികളെ ഇല്ലാതാക്കി സര്‍വ ഐശ്വര്യങ്ങളും നേടി ഭാര്യയോടും കുഞ്ഞുങ്ങളോടും ഒപ്പമിരുന്ന് ജീവിതം ആനന്ദമയമാക്കണമെന്നാണ് വേദങ്ങളുടെ ഉപദേശം. മഹത്തായ അത്തരമൊരു ഉപദേശം അഥര്‍വവേദത്തിലുണ്ട്. ഒരുപക്ഷേ ജീവിതത്തെ ശ്രേയസ്‌കരമാക്കാന്‍പോന്ന മാന്ത്രികവടിയാണ് ഈ മന്ത്രമെന്ന് വേണമെങ്കില്‍ പറയാം. ആ മന്ത്രത്തിലേക്കും അതിന്റെ ഉള്ളറകളിലേക്കും നമുക്കൊന്ന് പ്രവേശിച്ചുനോക്കാം.
''ഓം ഉദേഹി വേദിം പ്രജയാ വര്ധയൈനാം
നുദസ്വ രക്ഷഃ പ്രതരം ധേഹ്യേനാമ്.
ശ്രിയാ സമാനാനതി സര്‌വാന്ത്‌സ്യാമാ-
ധസ്പദം ദ്വിഷതസ്പാദയാമി.''
(അഥര്‍വവേദം 11.1.21)
അര്‍ഥം: (വേദിം ഉദേഹി=) യജ്ഞവേദിയില്‍ കയറൂ, (ഏനാമ്=) ഈ വധുവിനെ (പ്രജയാ=) സന്താനത്താല്‍ (വര്‍ധയ=) വര്‍ധിപ്പിച്ചാലും. (രക്ഷഃ=) രാക്ഷസന്മാരെ (നുദസ്വ=) ഓടിച്ചകറ്റിയാലും (ഏനാമ്=) ഈ വധുവിനെ (പ്രതരമ്=) ഉല്‍കൃഷ്ടാവസ്ഥയില്‍ (ധേഹി=) ധരിച്ചാലും. (സര്‍വാന്‍=) എല്ലാ (സമാനാന്=)
 സമാനസ്ഥിതിയിലിരിക്കുന്നവരേക്കാള്‍ (ശ്രിയാ=) ഐശ്വര്യത്താല്‍ (അതി സ്യാമ=) അതിക്രമിക്കട്ടെ. (ദ്വിഷതഃ=) ദ്വേഷിക്കുന്നവരെ (അധസ്പദമ്=) കാല്‍ച്ചവുട്ടില്‍ (പാദയാമി=)  മെതിക്കുന്നു.
ഈശ്വരന്‍ ഭര്‍ത്താവിനു നല്‍കുന്ന ഉപദേശമാണ് മന്ത്രം. നീ യജ്ഞവേദിയില്‍ കയറിച്ചെന്ന് യജ്ഞം ചെയ്യൂ. ഈ വധുവിനെ, നിന്റെ ഭാര്യയെ സന്താനങ്ങളാല്‍ സമൃദ്ധിയാക്കിയാലും. പാപി
കളെ ദൂരത്തേക്ക് അകറ്റിക്കളഞ്ഞാലും. ഈ വധുവിനെ ഉല്‍കൃഷ്ടയാക്കിയാലും. നാം ഐശ്വര്യത്താല്‍ സമാനരായവരേക്കാള്‍ ഉയരത്തിലെത്തുമാറാകട്ടെ. എന്റെ ശത്രുക്കളെ ചവിട്ടി മെതിക്കുവാന്‍ കഴിയട്ടെ.
നോക്കൂ, നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഈ മന്ത്രത്തിലുണ്ട്. വീടിന്റെ നാഭി വാസ്തവത്തില്‍ യജ്ഞമണ്ഡപമാണ്. യജ്ഞം കര്‍മത്തിന്റെ പ്രതിസ്വരൂപമാണ്. പ്രതിദിനം യജ്ഞം അനുഷ്ഠിക്കുന്നത് നമ്മിലെ കര്‍മകുശലത വളര്‍ത്തുന്നു. ഉയരുന്ന യജ്ഞാഗ്നിപോ
ലെ നമ്മിലെ ക്രിയാത്മകത്വവും വളരണം. നമ്മില്‍നിന്ന് ചീത്ത ഭാവനകളെ അകറ്റി ശുഭഭാവനകളെ നിറയ്ക്കാന്‍ യജ്ഞം നമ്മെ സഹായിക്കുന്നു. നെഗറ്റീവായ ചിന്തകളാണല്ലോ നമ്മെ നശിപ്പിക്കുന്നത്. ആ നിഷേധചിന്തകളെ നമുക്ക് ശത്രുക്കളെന്നോ അസുരന്മാരെന്നോ വിളിക്കാം. 
ഉദാത്തഭാവനകള്‍ക്കുവേണ്ടി ഹൃദയം തുറക്കുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യാദികള്‍ വര്‍ധിച്ചുവരുമെന്ന് ആധുനികമനഃശാസ്ത്രജ്ഞരും പറയുന്നു. അതിനാല്‍ പ്രതിദിനം മന്ത്രോച്ചാരണത്തോടെ യജ്ഞം അനുഷ്ഠിക്കാന്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തയ്യാറാകണം. രണ്ടാമത്തെ ഉപദേശം സന്താനങ്ങള്‍ ഉണ്ടാകണമെന്നാണ്. സമൃദ്ധിയുടെ അടയാളമാണ് കുഞ്ഞുങ്ങള്‍. നമ്മുടെ വംശപരമ്പര നിലനില്‍ക്കുന്നത് സല്‍സന്താനങ്ങളിലൂടെയാണ്. വേദമന്ത്രം ഉപദേശിക്കുന്നതും അതുതന്നെ. നാമിന്ന് കുഞ്ഞുങ്ങള്‍ ഭാരമെന്നു കരുതുന്നു. എന്നാല്‍ പ്രാചീനഭാരതീയരോ വേദങ്ങളോ, ഋഷിമാരോ ആരും തന്നെ സന്താനങ്ങളുണ്ടാകുന്നത് ഭാരമാണെന്നു കരുതിയില്ല. അവര്‍ ധാരാളം സന്താനങ്ങളെ കൊതിച്ചു.
കുടുംബജീവിതത്തിലെ വിജയത്തിന് മറ്റൊരു പ്രധാന ഉപദേശം വേദം തരുന്നുണ്ട്. അത് നമ്മുടെ കൂട്ടുകെട്ടുമായി ബന്ധപ്പെട്ടതാണ്. നമ്മോട് കൂട്ടുകൂടാന്‍ വരുന്ന ദുഷ്ചിന്തകരെ, ചീത്ത മനസ്‌കരെ നമുക്ക് അസുരന്മാര്‍ എന്നു വിളിക്കാം. ആ അസുരന്മാരെ ഓടിച്ചകറ്റണമെന്നാണ് വേദോപദേശം. സജ്ജനങ്ങളോട് കൂട്ടുകൂടുന്നതോടൊപ്പം ദുര്‍ജനങ്ങളെ അകറ്റുകയും വേണം. അല്ലാത്തപക്ഷം അവര്‍ നമ്മുടെ കുടുംബം കലക്കുന്നവരായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കൂടാതെ മറ്റൊരു പ്രധാന ഉപദേശം ഈ മന്ത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. സ്വന്തം ഭാര്യയെ ഉല്‍കൃഷ്ടമായ സ്ഥാനത്ത് നിലനിര്‍ത്താന്‍ ഓരോ ഭര്‍ത്താക്കന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഈ മന്ത്രം ഉപദേശിക്കുന്നു. സ്ത്രീകള്‍ക്ക് സര്‍വമാന്യതയും ശ്രേഷ്ഠതയും നല്കാന്‍ നാം ബാധ്യസ്ഥരാണ്. അവര്‍ കരഞ്ഞാല്‍ നമ്മുടെ കുടുംബം ശാപഗ്രസ്തമാകും.  
കൂടാതെ നമ്മുടെ കുടുംബജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ ഐശ്വര്യാദികള്‍ ഉണ്ടാക്കണമെന്നും ഈ മന്ത്രം ഉപദേശിക്കുന്നു. നമ്മോട് ഒപ്പമുളളവരേക്കാള്‍ ഉന്നതിയിലെത്താനാണ് വേദോപദേശം. ഇതിന് അശ്രാന്തപരിശ്രമം ആവശ്യമാണ്. ജീവിതത്തില്‍ വിജയിച്ചേ പറ്റൂവെന്ന ചിന്ത നമ്മുടെ ഉള്ളില്‍ അടിയുറയ്ക്കണം. നാം നിരന്തരം ഉന്നതി കൈവരിക്കുമ്പോള്‍ അലസത മുതല്‍ സര്‍വരൂപത്തിലും നമ്മെ എതിര്‍ക്കുന്ന ശത്രുക്കളുടെ ബലം കുറഞ്ഞുവരും. അവ നമ്മുടെ കാല്‍ക്കല്‍ കുമ്പിട്ടിരിക്കും. ശത്രു നമ്മുടെ കാല്‍ച്ചുവട്ടില്‍ ചവിട്ടി അരക്കാന്‍ പാകത്തിനും സ്വയം പരാജയത്തെ ഏറ്റുവാങ്ങും.
ചുരുക്കത്തില്‍ കുടുംബജീവിതത്തെ വിസ്മയകരമാംവണ്ണം വിജയത്തിലെത്തിക്കാന്‍ വേണ്ട സൂത്രവാക്യങ്ങള്‍ ഈ വേദമന്ത്രം പഠിച്ചാല്‍ മതി. ഈ മന്ത്രത്തിലെ ആറ് വിജയസൂത്രങ്ങള്‍ ചുരുക്കി എഴുതാം.
1. ജീവിതവിജയത്തിന് ഭാര്യ-ഭര്‍ത്താക്കന്മാര്‍ ദിവസവും ഒരുമിച്ചിരുന്ന് യജ്ഞം ചെയ്യുക.
2. സല്‍സന്താനങ്ങള്‍ കുടുംബത്തില്‍ ധാരാളമുണ്ടാകണം.
3. ദുര്‍ജനങ്ങളെ ജീവിതത്തില്‍നിന്ന് അകറ്റണം.
4. ഭാര്യയുടെ സ്ഥിതി ഉന്നതമായിരിക്കണം.
5. ഐശ്വര്യത്തില്‍ സര്‍വരെക്കാളും ഉല്‍കൃഷ്ടരായിരിക്കണം.
6. അലസത മുതലുള്ള സര്‍വശത്രുക്കളേയും ചവിട്ടി അരയ്ക്കണം.
ഇങ്ങനെ അനേകം അമൂല്യരത്‌നങ്ങള്‍ അടങ്ങുന്നതാണ് നമ്മുടെ ധര്‍മം. അതു പഠിക്കാന്‍ നാം തയ്യാറാവണം.
acharya rajesh

No comments: