Thursday, August 02, 2018

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഡ്വ.പ്രേരണ കുമാരി, അഡ്വ.സുധ പാല്‍ എന്നിവര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങള്‍.  50 വയസ്സ് വരെ കാത്തിരിക്കാന്‍ തയ്യാറായിട്ടുള്ള സ്ത്രീകളുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കുന്നു. ശബരിമലയില്‍ നിലവിലുള്ള ആചാരം തുടരണമെന്ന് അതിയായി ആഗ്രഹിക്കുന്നതായും ഇരുവരും വ്യക്തമാക്കി. ഇവരടക്കം യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന അഞ്ച് വനിതകളാണ് ഹര്‍ജിക്കാര്‍. ശബരിമലയെ വിവാദ കേന്ദ്രമാക്കി സുപ്രീം കോടതിയിലെത്തിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് തുറന്നുപറച്ചില്‍. 
 
 ശബരിമലയിലെ പ്രത്യേകമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചോ താന്ത്രിക രീതികളെക്കുറിച്ചോ ഹര്‍ജി നല്‍കുമ്പോള്‍ കാര്യമായ അറിവുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് അവിടം സന്ദര്‍ശിച്ച് പൂജ നടത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡ് തടയുന്നു എന്നുമാണ് മനസിലാക്കിയിരുന്നത്. നടിയായ ജയമാല ശബരിമല സന്ദര്‍ശിച്ചത് അക്കാലത്ത് വിവാദമായത് ഇതുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങള്‍ കണ്ടത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ലിംഗ വിവേചനമാണെന്ന തെറ്റിദ്ധാരണയാണ് കോടതിയെ സമീപിക്കുന്നതിലേക്ക് എത്തിച്ചത്. 50 വയസ്സ് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് വിശ്വാസികളായ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ 'റെഡി റ്റു വെയ്റ്റ്' എന്ന പേരില്‍ അടുത്തിടെ പ്രചാരണം ആരഭിച്ചപ്പോഴാണ് വസ്തുത ബോധ്യപ്പെട്ടത്. 
 
ഹര്‍ജി പിന്‍വലിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇരുവരും വ്യക്തമാക്കി. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് കോടതി വാദം തുടങ്ങി. രാജ്യം മുഴുവന്‍ വിഷയം ചര്‍ച്ചയായി. വലിയ വിവാദമായതോടെ തുറന്നുപറയാനും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായി. വിധി വരാനിരിക്കെ സത്യം വെളിപ്പെടുത്താതിരിക്കുന്നത് ആത്മവഞ്ചനയാണെന്ന് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ എല്ലാം പറയുന്നത്. സംഘടനയില്‍ ഇപ്പോള്‍ ഞങ്ങള്‍ അംഗമല്ല. സനാതന ധര്‍മ്മത്തിലെ വൈവിധ്യത്തെക്കുറിച്ച് അറിവില്ലാത്തതായിരുന്നു പ്രശ്‌നത്തിന് കാരണം. വ്യത്യസ്തമായ ആചാര രീതികള്‍ നമുക്കുണ്ട്. ശബരിമല ഇപ്പോഴുള്ളത് പോലെ തന്നെ നിലനില്‍ക്കാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു. അവര്‍ വ്യക്തമാക്കി.

No comments: