Thursday, August 23, 2018

ആകാശത്തുകൂടെ എത്ര ജീവാത്മാക്കളാണ്‌ - പക്ഷികളാണ്‌ - പറക്കുന്നത്‍, ഒന്നും പഠിയ്ക്കാതെ... അവരൊന്നും യാതൊന്നും അഭ്യസിക്കാതെ തന്നെ ആ വിദ്യ കൈക്കലാക്കി. അത്‍ അവയില്‍ ഉള്ളതാണ്‌, നിത്യോപലബ്ധമാണ്‌. ആ നിത്യാപലബ്ധമായതിനെ അവ വെളിവാക്കി എടുത്തു. അതിന്‌ ഒരു വിശേഷ പരിശ്രമമൊന്നും ചെയ്യേണ്ടി വന്നില്ല. 
വെള്ളത്തിനു മുകളിലൂടെ നടക്കുക, ആകാശത്തുകൂടെ പറക്കുക തുടങ്ങിയ സിദ്ധികള്‍ കിട്ടാനാണ്‌ മിക്കവരുടെയും പ്രയത്നം. ഏതൊന്ന്‍ നേടുന്നുവോ അതെല്ലാം നമ്മെ വിട്ട്‍ പോകാനുള്ളതാണ്‌. ആരെയും ഒരിക്കലും വിട്ടുപോകാത്ത ഒന്ന്‍ സദാ ഏവരിലും തിളങ്ങിക്കൊണ്ടിരിക്കുന്നു. നേടുക എന്നതോ നേടുക എന്ന ചിന്തയോ അധ്യാത്മമേ അല്ല. എന്ത്‍ നേടിയാലും ഒന്നുകില്‍ അത്‍ നമ്മെ വിട്ടുപോകും, അല്ലെങ്കില്‍ നാം അതിനെ വിട്ടുപോകും. അതിനെയൊന്നും ഒരിയ്ക്കലും ആശ്രയിക്കാന്‍ പറ്റില്ല. ആശ്രയയോഗ്യമായത്‍ എപ്പോഴും നമ്മുടെ കൂടെത്തന്നെ ഉണ്ട്‍. നമ്മുടെ കൂടെത്തന്നെ ഉണ്ട്‍ എന്ന്‍ പറയുന്നതിനേക്കാള്‍, നാം അതിലാണ്‌ നില്‍ക്കുന്നത്‍ എന്ന്‍ പറയുന്നതാവും ഉത്തമം. നമ്മില്‍ അതല്ല, അതില്‍ നാം നില്‍ക്കുന്നു. സിദ്ധികളൊന്നും വേണ്ടാ വേണ്ടാ എന്നല്ല സൂചിപ്പിച്ചതിന്റെ ഉദ്ദേശം. അത്‍ നേടേണ്ടതല്ല മറിച്ച്‍ അതിനുമപ്പുറത്തുള്ള സ്വാത്മാവിനെ അറിയുന്നതിനുള്ള ഗതിയില്‍ അതൊക്കെ വഴിയരികിലെ വ്ര്‌ക്ഷത്തണലുകള്‍ പോലെ അനുഭവപ്പെടുന്നതാണ്‌. അവിടെ ഇരുന്ന്‍ വിശ്രമിക്കാന്‍ പാടില്ല. ആത്മാവിലേക്കുള്ള ഗതീയതയില്‍ അത്തരത്തില്‍ എത്രയെത്ര സിദ്ധികളാണുള്ളത്‍ എന്ന്‍ സാധകനുതന്നെ ബോധ്യപ്പെടാന്‍ പ്രയാസമാണ്‌. അത്‍ ഒട്ടനവധിയുണ്ടത്രെ. ശാസ്ത്രങ്ങളില്‍ സൂചിപ്പിച്ചതൊക്കെ എത്രയോ കുറച്ചാണ്‌, അതും സൂത്രരൂപത്തിലേ എടുക്കാന്‍ പാടു. ഓരോ സൂത്രത്തെയും വ്യാഖ്യാനിക്കാനുണ്ട്‍...
lal kumar

No comments: