ശ്രീമദ് ഭാഗവതം 116
പൂർവ്വ ജന്മത്തിലുള്ള യോഗസ്മൃതി അപൂർവ്വമായി ഇങ്ങനെ മൃഗങ്ങളിലും കാണാം.
ഗുരുവായൂർ കേശവന്റെ കഥ പ്രസിദ്ധം ആണ്. എത്രയോ മൃഗയോനികളിൽ ശ്രദ്ധിച്ചാൽ നമുക്ക് കാണാം മൃഗത്തിന്റെ രൂപത്തിൽ മഹാത്മാക്കളുണ്ടാവും.
ഉത്ക്രാമന്തം സ്ഥിതം വാപി
ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി
പശ്യന്തി ജ്ഞാനചക്ഷുഷ:
ഭരതൻ, ഈ മാനിന്റെ ശരീരം ഉപേക്ഷിച്ച് അംഗിരസ്സ് ഗോത്രത്തിൽ ഒരു ബ്രാഹ്മണന് പുത്രനായി ജനിച്ചു. അദ്ദേഹത്തിന് മൂത്ത ഭാര്യയില് കുറച്ച് മക്കളുണ്ടായിരുന്നു. അവര് വേദാദ്ധ്യയനം ഒക്കെ ചെയ്തു നല്ല വൈദികന്മാരായിട്ട് തീർന്നു.
രണ്ടാമത്തെ ഭാര്യയിൽ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അതിൽ ആൺകുട്ടി ആയിട്ട് ഭരതൻ ജനിച്ചു. അതാണ് *ജഡഭരതൻ.* ആ ജന്മത്തില് എന്താ പേര് എന്നൊന്നും ശ്രീശുകമഹർഷി പറഞ്ഞില്ല്യ. അത്ര വലിയ മഹാപുരുഷൻ ആയതു കൊണ്ട് ഒന്നും മിണ്ടീല്ല്യ. ജഡം പോലെ ആചരിച്ചതുകൊണ്ടോ ജഡഭരതൻ എന്ന് നമ്മളൊക്കെ പറയണു.
ഈ ജന്മത്തില് ഒരു കർമ്മവും ഞാനായിട്ട് ചെയ്യില്ല എന്നങ്ങട് തീരുമാനിച്ചു അദ്ദേഹം. ഉദാസീന ചക്രവർത്തി. വേദാദ്ധ്യയനം ഇല്ല്യ സന്ധ്യാവന്ദനം ഇല്ല്യ .ഗായത്രി പോലും ചൊല്ലില്ല്യ.പിതാവിന് ആകെ വിഷമം. ഒരു ബ്രാഹ്മണന് ഇതിന് മേലെ ദു:ഖം വരാനുണ്ടോ. നമുക്ക് ഇവിടെ കേരളത്തിൽ കാക്കശ്ശേരി ഭട്ടതിരിയുടെ കഥ പറയും. സന്ധ്യാവന്ദനം കഴിക്കാതിരിക്കുമ്പോ ചോദിക്കും അത്രേ. "ന്താ ഭട്ടതിരി സന്ധ്യൃവന്ദനം കഴിക്കണില്ലേ?" "സൂര്യൻ അസ്തമിക്കട്ടെ." "ഹേ സന്ധ്യ ആയി." "ഹൃദാകാശേ ചിദാവിദ്യ സദാ ഭാസതി." ഹൃദയമാകുന്ന ആകാശത്തിൽ ബോധസൂര്യൻ സദാ പ്രകാശിച്ചു കൊണ്ടിരിക്കുണു. ഉദിക്കണുമില്ല്യ അസ്തമിക്കണുമില്ല്യ. എങ്ങനെ സന്ധ്യാവന്ദനം ചെയ്യും? അപ്പോ ബാക്കിയുള്ള അനുഷ്ഠാനങ്ങളോ എന്ന് ചോദിച്ചാൽ അതിന് പുല ണ്ടെന്നാണ്. ന്താ പുല ഉള്ളതെന്ന് വെച്ചാൽ,
"മൃതാ മോഹമയി മാതാ ജാത: ബോധമയോഽശിശു: "
കുട്ടി ജനിക്കയും ചെയ്തു. അമ്മ മരിക്കയും ചെയ്തു. മോഹം ആകുന്ന അമ്മ മരിച്ചു. ജ്ഞാനം ആകുന്ന കുഞ്ഞ് ജനിച്ചു. അതുകൊണ്ട് പുല ണ്ട് വാലായ്മ ണ്ട്. അപ്പോ കർമ്മം വയ്യാന്നാണ്.
അത്തരത്തിൽ ഒരു സ്ഥിതിയിൽ ആണ് ഇവിടെ ജഡഭരതൻ. യാതൊരു കർമ്മാനുഷ്ഠാനവും ഇല്ല്യ. അച്ഛൻ ഇത് കണ്ടിട്ട് തന്നെ വേദന കൊണ്ട് മരണം ആയി. മൂത്ത മക്കളെ ഒക്കെ വിളിച്ചു പറഞ്ഞു. പാവം മന്ദബുദ്ധി, നല്ലവണ്ണം ശ്രദ്ധിച്ച് കൊള്ളണം. അവർക്കും ഇദ്ദേഹത്തിനെ മനസ്സിലായില്ല്യ.
ത്രയ്യാം വിദ്യായാം ഏവ പര്യവസിതമതയോ ന പരവിദ്യായാം
പരമാത്മവിദ്യയിൽ അവർക്കും വ്യുത്പത്തി പോരാ.
വേദാധ്യയനം ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഈ ജ്ഞാനിയുടെ ആഴം അളക്കാൻ അവർക്ക് കഴിഞ്ഞില്ല്യ.
ജഡമതി: ഇയാള് വെറും ജഡമതി ആണ്. ഇയാൾക്ക് ഒന്നും അറിയില്ല്യ. മഠയൻ. മന്ദബുദ്ധി എന്നൊക്കെ കരുതി. എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുക്കും. പഴയതൊക്കെ തിന്നാൻ കൊടുക്കും. ഒക്കെ ഭക്ഷിച്ചോളും. എന്താ കൊടുക്കാ വെച്ചാൽ അത് ഭക്ഷിച്ചു കൊള്ളും. അപമാനിച്ചാൽ അത് സഹിച്ചുകൊള്ളും. യാതൊന്നും അദ്ദേഹത്തിന് പ്രശ്നല്ല.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
ReplyForward
|
No comments:
Post a Comment