തുളസി മഹാത്മ്യം*
*തുളസിയിറുത്ത് എന്തിനാണ് ചെവിയ്ക്ക് പിറകില്‍ വയ്ക്കുന്നത്?.*
*മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണ ശക്തിയുള്ള സ്ഥലം* ചെവിക്കു പിറകിലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. *തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. അത് കൊണ്ടാണ് ചെവിക്ക് പിറകിൽ തുളസി വെക്കുന്ന രീതി അനുവർത്തിച്ചു വന്നത്.
ഹൈന്ദവ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.
*സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത് നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു*.വീട്ടിലെ തറയുയരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയി ല്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.
തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചു കൊണ്ടായിരിക്കണം തുളസിയുടെ പരിസരത്ത് ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്ക്കേണ്ടതാണ്.എന്നെല്ലാം പൂർവ്വികർ നിർദേശിച്ചിരുന്നതും തുളസി നമുക്ക് നൽകുന്ന ഔഷധ ഗുണം കൊണ്ടാണെന്നു രോഗപ്രതിരോധ ശക്തി നൽകുന്നത് മൂലമാണെന്നും മനസിലാക്കാവുന്നതാണ്.
*പ്രസീദ തുളസീദേവീ*
*പ്രസീദ ഹരിവല്ലഭേ*
*ക്ഷീരോദമഥനോദ്ഭൂതേ*
*ക്ഷീരോദമ ത്വം നമാമ്യഹം*
തുളസിച്ചെടിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ടുന്ന മന്ത്രമിതാണ്.
തുളസിപ്പൂവിറുക്കോമ്പോഴും മന്ത്രം ചൊല്ലണം.
*തുളസ്വമുത സംഭൂതാ*
*സദാ ത്വം കേശവപ്രിയ*
*കേശവാര്‍ത്ഥം ലുനാമി ത്വാം*
*വരദാ ഭവ ശോഭനേ.*
സ്ത്രീകൾ തുളസി കതിർ മുടിയിൽ ചൂടുന്നത് സുഗന്ധം ലഭിക്കുവാൻ ആണ്. എന്നാൽ തുളസി മുടിയിൽ ചൂടുവാൻ പാടില്ല. ആയുർവേദത്തിൽ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വര പദമാണു നൽകിയിരിക്കുന്നത്.
ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്, മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി എന്നു ദേവീഭാഗവതത്തിൽ പറയുന്നു. *തുളസി കണ്ടു മരിക്കുന്നവർക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.*
*കഥ- ഐതീഹ്യം*
ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെ എന്നു സരസ്വതി ശപിച്ചു. ഇതു കേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി. അതിനു പകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്നു സരസ്വതിയും ശപിച്ചു. ശാപ കോലാഹലം തീർന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തു വിളിച്ചു. അല്ലയോ ദേവി, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുളളൂ. സങ്കടപ്പെടരുത്. ഭൂമിയിൽ പോയി ധർമധ്വജന്റെ ഗൃഹത്തിൽ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെ നിന്നും ദൈവയോഗം നിമിത്തം മൂന്നു ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും.
തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ധർമധ്വജന്റെ പുത്രിയായി കഴിയുന്ന കാലഘട്ടത്തിൽ വിഷ്ണുവിന്റെ അംശമായി ശംഖുചൂഡൻ എന്ന പേരോടു കൂടിയ അമൃതസ്വരൂപി ജനിക്കുകയും ഭവതിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യും. അതിലൂടെ ഭവതിക്കു തിരിച്ചു പോരാം എന്നും അരുളി ചെയ്തു. അങ്ങനെ ധർമധ്വജൻ എന്ന രാജാവിന്റെ മാധവി എന്ന സുന്ദരിയും സുശീലയുമായ ഭാര്യ ഗർഭി ണിയായി. മഹാവിഷ്ണുവിന്റെ നിർദേശപ്രകാരം പരാ ശക്തിയുടെ അംശം മാധവിയുടെ ഗർഭത്തിൽ ജന്മമെടുത്തത് തുലാമാസത്തിലെ പൗർണമിയിലായിരുന്നു. അങ്ങനെ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അങ്ങനെ തുളസി വളർന്നുവന്നു. തുളസിയുടെ വലിയ മോഹമായിരുന്നു മഹാവിഷ്ണുവിന്റെ പത്നിയാകണമെന്നത്. അതിനു ബദരി ആശ്രമത്തില്‍ തപസ്സനുഷ്ഠിച്ചു. സുദാമാ ഗോപൻ ശംഖുചൂഡൻ എന്ന നാമത്തിൽ ഭംഭാസുരന്റെ മകനായി പുനർജനിച്ചു. ശംഖുചൂഡനെ തുളസി വിവാഹം കഴിച്ചു. അങ്ങനെ ശംഖുചൂഡൻ പത്നീസമേതം കൊട്ടാരത്തിലെത്തുകയും രാജാവാകുകയും ചെയ്തു. ദേവന്മാരെ ജയിക്കാൻ ശംഖുചൂഡൻ ബ്രഹ്മാവിൽ നിന്ന് ഒരു വരം നേടിയിരുന്നു ഒപ്പം വിഷ്ണുകവചവും സമ്പാദിച്ചിരുന്നു. ഇതിന്റെ അഹങ്കാരത്തിൽ ദേവലോകം കീഴ്പ്പെടുത്തിയും ത്രിലോകവും ശംഖുചൂഡൻ അടക്കി ഭരിക്കാൻ തുടങ്ങി. ഇതിൽ പരിഭ്രാന്തരായി ദേവന്മാർ ഭയന്നോടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിൽ അഭയം പ്രാപിച്ചു. ദുഃഖിതരായ ദേവന്മാരോട് മഹാവിഷ്ണു പറഞ്ഞു- താങ്കൾ കുറേക്കൂടി ക്ഷമിക്കുക. ഇപ്പോൾ ശംഖുചൂഡനെ ഒന്നും ചെയ്യാനാവില്ല. ആയുസ്സ് തീർന്നിട്ടില്ല, വരബലത്താൽ ശക്തനുമാണ്. കൃഷ്ണാവതാരകാലത്ത് എന്റെ ഭക്തനായിരുന്ന സുദാമാ ഗോപനാണ് ഈ അസുര രാജാവ്. മഹാലക്ഷ്മിയുടെ അംശാവതാരമായ തുളസിയാണ് ഭാര്യ. തുളസിക്ക് ചാരിത്രഭംഗം വന്നാൽ മാത്രമേ അയാൾക്ക് മരണം സംഭവിക്കൂ. കാമദേവൻ നൽകിയ വരമാണിത്. കൃഷ്ണഭക്തി മൂലം അവന്റെ ഹൃദയം എന്നിൽ ലയിച്ചിരിക്കുകയുമാണ്. ശ്രീമഹാദേവൻ തന്നെ ഇക്കാര്യത്തിൽ പ്രവർത്തിക്കണം. ദേവന്മാർ മഹാദേവനെ അഭയം പ്രാപിച്ച് മഹാദേവൻ ശംഖുചൂഡന്റെയടുത്ത് ദൂതന്മാരെ അയച്ച് ദേവന്മാരുടെ പിടിച്ചെടുത്ത മുതലുകൾ തിരിച്ചു നൽകാനാവശ്യപ്പെട്ടു. ശംഖുചൂഡനത് അനുസരിച്ചില്ല. പകരം യുദ്ധത്തിനു പറഞ്ഞയച്ചു.
അതിഭയങ്കരയുദ്ധം നടന്നിട്ടും വിജയം ആരുടെ ഭാഗത്തുമായില്ല തൃശൂലം 5 പ്രാവശ്യം പരാജയപ്പെടുകയും തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടാതെ ശംഖുചൂഡനെ പരാജയപ്പെടുത്താനാവില്ലെന്ന സത്യം ദേവകൾക്ക് മനസ്സിലായി. ഒടുവിൽ മഹാവിഷ്ണുവിനെ തന്നെ അംശാവതാരമായി ശംഖുചൂഡന്റെ രൂപമെടുത്ത് വിജയം നേടിയ ഭാവത്തിൽ മഹാവിഷ്ണു തുളസിയുടെ അരികിലെത്തി. സന്തോഷാധിക്യത്താൽ ശംഖുചൂഡനാണെന്നു കരുതി തുളസി ആലിംഗനം ചെയ്തു. തൽസമയം പരമശിവന്റെ അസ്ത്രം ജ്വലിച്ചുകൊണ്ട് ശംഖുചൂഡന്റെ നേരെ പാഞ്ഞു ചെല്ലുകയും വൈഷ്ണവാസ്ത്രം ശംഖുചൂഡൻ കാണുകയും പരമഭക്തനായ ശംഖുചൂഡനു കാര്യം മനസ്സിലാകുകയും അസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് തന്റെ ഇഷ്ടദേവനും അംശവുമായ മഹാവിഷ‍്ണുവിൽ മനസ്സർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
ശംഖുചക്രഗദാപത്മധാരിയായ സാക്ഷാൽ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുവില്‍ ലയിക്കുകയും ചെയ്തു. ആലിംഗനം ചെയ്ത മഹാവിഷ്ണുവായ ശംഖുചൂഡനിൽ തുളസിക്ക് പന്തികേടു തോന്നുകയും സത്യം ആരായുകയും ഇല്ലെങ്കിൽ താങ്കളെ നശിപ്പിക്കുമെന്ന് ക്രോധാകുലയായി പറയുകയും ചെയ്തു. അന്നേരം വിഷ്ണു തന്റെ യഥാർഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഭഗവദ് ദർശനത്തിൽ ഭക്തപരവശയായ തുളസി ഭഗവാനെ പ്രണമിച്ചു. ഭഗവാനെ അങ്ങ് ഈ ചതി ചെയ്തതെന്തിന്? പതിവ്രതയായ എന്റെ ചാരിത്രം നശിപ്പിക്കാൻ തുനിഞ്ഞതു ശരിയാണോ? അങ്ങയുടെ പരമഭക്തനായ സാധുവിനെ കൊല ചെയ്ത സർവാന്തര്യാമിയായ അങ്ങേയ്ക്ക് ഈ ചതി വേണമായിരുന്നോ എന്നു വിലപിക്കുകയും ചെയ്തു. തുളസി സത്യം മനസ്സിലാക്കുകയും ലോക പരിപാലനത്തിനു വേണ്ടിയും ശാപമോചനത്തിനു വേണ്ടിയുമാണു ഞാനിതു ചെയ്യേണ്ടിവന്നത്. ഇതു ധര്‍മ ധ്വംസനമല്ല മഹത്തായ ധര്‍മപരിപാലനമാണ് എന്നു പറഞ്ഞു.
*ഈ സമയം തുളസി ശരീരം നിശ്ചലമായി നിലം പതിച്ചു. ആത്മാവ് ലക്ഷ്മീരൂപത്തിൽ ലയിച്ചു. ഇതു ദ്രവിച്ച് മണ്ണിൽ ലയിച്ചു ചേരുന്ന സ്ഥലം ഗണ്ഡകി എന്ന പുണ്യ നദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായിത്തീരുമെന്നും തുളസിമാല ഞാനെന്നുമെന്റെ കഴുത്തിലണിയുമെന്നും വിഷ്ണു പറഞ്ഞു.*
നവഗ്രഹസാന്നിധ്യമുളളതിനാൽ എല്ലാ ഐശ്വര്യങ്ങളുമുണ്ടായിരിക്കും. മൃതദേഹം ലയിച്ച ഗണ്ഡകി നദിയായ സ്ഥാനത്ത് മഹാവിഷ്ണു ശിലാരൂപ ത്തിൽ വളർന്നു. ആ ശിലപൊട്ടിപ്പിളർന്നു പല കഷണങ്ങളായി ഈ നദിയിൽ പതിക്കുകയും ചെയ്തു. അതിനെ സാളഗ്രാമമെന്ന പേരിൽ ഭക്തന്മാർ പൂജിക്കുന്നു.
തുളസിയോടൊപ്പം വിഷ്ണു വൈകുണ്ഠത്തിലേക്കു പോയി. *പത്മപുരാണം, ശിവപുരാണം, തുളസി ഉപനിഷത്, തുളസി മാഹാത്മ്യം, ദേവീ ഭാഗവതം തുടങ്ങിയവയിൽ തുളസിയുടെ കഥ വിശദമായി പറയുന്നുണ്ട്.*
തുളസി നാലു തരമുണ്ട്- വെളുത്ത തുളസി, കൃഷ്ണ തുളസി, രാമതുളസി, കാട്ടുതുളസി. കാട്ടുതുളസി ഒന്നിനും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമനു പ്രധാനം. സംക്രാന്തിക്കും ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുർഥി, അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും അഴുക്കു വസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുളളപ്പോഴും തുളസിദളം ഇറുക്കരുത്. തുളസിയിൽ നഖം കൊളളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.
*തുളസിത്തറ*
വീടിന്റെ മുന്‍വശത്ത് ഗൃഹമദ്ധ്യത്തിലായി ഏകദേശം ഏഴ് അടി വിട്ട് തുളസിത്തറയുണ്ടാകും. കിഴക്കുവശത്തുനിന്നുള്ള മുഖവാതായനത്തിന് നേര്‍ക്കാവുന്നതാണുത്തമം. വീടിന്റെ തറയുയരത്തേക്കാള്‍ താഴ്ന്നാവരുത്. നിത്യവും പരിപാലിക്കുകയും അശുദ്ധമായി പ്രവേശിക്കാതിരിക്കുകയും വേണം. സന്ധ്യ, ഏകാദശി, ചൊവ്വ, വെള്ളി എന്നീ സമയങ്ങളിലും ദിവസങ്ങളിലും തുളസി പറിക്കാന്‍ പാടുള്ളതല്ല. നാമം ജപിച്ചുകൊണ്ടാണ് തുളസിയെ സമീപിക്കേണ്ടത്.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തുളസിയെ പ്രദക്ഷിണം വെക്കുകയും സന്ധ്യക്ക് തുളസിത്തറയില്‍ തിരിവെച്ച് ആരാധിക്കുകയും വേണം. ഈശ്വരാംശവും ഔഷധമൂല്യങ്ങളും ഒത്തുചേര്‍ന്നതാണ് തുളസി. ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളമായി വളരുന്നത് അവിടെ യമദൂതന്മാര്‍ അടുക്കുകയിലെന്നും തുളസിമാല ധരിച്ചവരെ നശിപ്പിക്കുവാന്‍ യമദൂതന്മാര്‍ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നുണ്ട്.
പൂജാപുഷ്പങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി.
*തുല (ഉപമ)യില്ലാത്തവള്‍ എന്നര്‍ത്ഥത്തിലാണ് തുളസി എന്ന നാമമുണ്ടായത്.*
*തുലാന അസ്യതി ഇതി തുളസി*
*തുളസി, ചെടികളില്‍ ശ്രേഷ്ഠയായും വിഷ്ണുപ്രിയയായും തീരുന്നതാണ്. നിന്നെ കൂടാതുള്ള പൂജകളെല്ലാം വിഫലങ്ങളായിരിക്കും.* എന്ന് ബ്രഹ്മാവ് അരുളിയതായും പുരാണങ്ങള്‍ പ്രതിപാദിക്കുന്നു.
മുപ്പത്തിയേഴോളം തരങ്ങളും അത്രതന്നെ ഔഷധമൂല്യങ്ങളുമുള്ള തുളസിയുടെ മാഹാത്മ്യം തുലോം വര്‍ണ്ണനാതീതമാണ്. പ്രാണോര്‍ജം ധാരാളമായി പ്രവഹിക്കുന്ന തുളസി ഒരു അണു സംഹാരി കൂടിയാണ്.
*തുളസി നശിച്ചാലോ ഉണങ്ങിയാലോ വേറെ തുളസി വച്ചു വളര്‍ത്തുക. തുളസി നന്നായി വളരുന്ന വീട്ടില്‍ ഭഗവാന്‍ വിഷ്ണു വസിയ്ക്കുമെന്നാണ് വിശ്വാസം.*
*തുളസിയുടെ വൈശിഷ്‌ട്യം*
പദ്‌മപുരാണം ഉത്തരകാണ്ഡത്തില്‍ തുളസിയുടെ മഹത്വത്തെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നത് ! കാര്‍ത്തികമാസത്തില്‍ തുളസിയുടെ ദര്‍ശന സ്‌പര്‍ശന പൂജകള്‍ കൊണ്ടു അന്നുവരെയുണ്ടായ പാപം പരിഹരിക്കുപ്പെടും. തുളസി കൊണ്ടുള്ള വിഷ്‌ണുപൂജ വൈകുണ്‌ഠ പ്രാപ്‌തിക്കു വഴിയൊരുക്കും. തുളസിയില്‍ തട്ടി വരുന്ന കാറ്റിനു ദിവ്യൗഷധ ശക്തിയുണ്ട്. തുളസിച്ചെടി നിഴല്‍ വിരിക്കുന്ന സ്ഥാനത്തു വെച്ചു നടത്തുന്ന പിണ്ഡക്രിയ പിതൃക്കള്‍ക്കു പരമ പ്രീതികരമാണ്. തുളസിത്തറയിലെ മണ്ണുകൊണ്ടു തിലകം തൊട്ടാല്‍ കലിബാധയകലും.
ബ്രഹ്മവൈവര്‍ത്ത പുരാണത്തിലെ ഗണേശകാണ്ഡത്തില്‍ ഗണപതി തുളസിയെ കീര്‍ത്തിക്കുന്ന ഒരു ഭാഗമുണ്ട്.
*പുഷ്‌പാണാം സാരഭൂതാത്വം*
*ഭവിഷ്യതിമനോരമേ!*
*കലാംശേന മഹാഭാഗേ!*
*സ്വയം നാരായണപ്രിയേ!*
*പ്രിതാത്വം സര്‍വ്വദേവാനാം*
*കൃഷ്‌ണസ്യഹി വിശേഷത:*
*പൂജാവിമുക്തിദാ നൃണാം*
*മമത്യാജ്യാച സര്‍വദാ*
തുളസിയുടെ ഓരോ ഇലകളായിട്ടല്ല ഇതര്‍പ്പിന്റെ തലപ്പുകളാണു കിള്ളിയെടുക്കേണ്ടതെന്നാണു വിധി. അതു തന്നെ നിഷിദ്ധ ദിവസങ്ങളും സന്ദര്‍ഭങ്ങളും ഒഴിവാക്കി ക്കൊണ്ടുവേണം.
*പൂര്‍ണ്ണിമായാം അമായാം ച*
*ദ്വാദശ്യാം രവിസംക്രമേ*
*തൈലാഭ്യാംഗേന സ്‌നാതേന*
*മദ്ധ്യാഹ്‌നേ നിശി സന്ധ്യായോ:*
*അശൗചേ ശുചികാലേ ച*
*രാത്രിവാസാവൃതേ പിവാ*
*തുളസീം യേ ചാവഛിന്ദന്തി*
*തേ ഛിന്ദന്തീ ഹരേ: ശിര:*
താഴേകാണുന്ന പ്രാര്‍ത്ഥന ഉരുക്കഴിച്ചുകൊണ്ടു വേണം തുളസിപ്പൂവ് ഇറുക്കാന്‍.
*മാതാതുളസീ ഗോവിന്ദ*
*ഹൃദയാനന്ദകാരിണി!*
*നാരായണസ്യപൂജാര്‍ത്ഥം*
*ലുനാമി ത്വാം നമോസ്‌തുതേ*
*ത്വയാവിനാ മഹാഭാഗേ*
*സമസ്‌തം കര്‍മ്മനിഷ്‌ഫലം*
*അതസ്‌തുളസി ദേവി ത്വാം*
*ചിനോമി വരദാഭവ*
*ലവനോദ്‌ഭവദുഃഖം യദ്*
*ദേവി! തേഹൃദിവര്‍ത്തതേ*
*തല്‍ക്ഷമസ്വ ജഗന്മാത:*
*തുളസി ത്വം നമാമ്യഹം*
ഭഗവല്‍ പ്രിയയായ തുളസീമാതാവെ! അടിയന്‍ ഈ പൂകിള്ളുന്നത് ദേവപൂജക്കാണ്. അവിടുത്തെ കൂടാതെയുള്ള പൂജാ കര്‍മ്മമേതും നിഷ്‌ഫലമാണു ദേവീ! അതുകൊണ്ടാണ് ഈയുള്ളവന്‍ ഈ പൂ ശേഖരിക്കുന്നത്. അടിയനെ അനുഗ്രഹിക്കണെ! അടിയന്റെ കൈക്കുറ്റപ്പാടുകൊണ്ടു അവിടുത്തേക്കു തട്ടുന്ന നൊമ്പരമുണ്ടല്ലോ അത് ലോകമാതാവായ അവിടുന്നു ക്ഷമിക്കണേ!
ഈ പ്രാര്‍ത്ഥന ചൊല്ലികൊണ്ടു തുളസിതറക്കു വലത്തുവെച്ചതിനു ശേഷം മൂന്നു പ്രാവശ്യം കൈകൊട്ടി മുന്നറിയിപ്പ് കൊടുത്തുവേണം തുളസിപ്പു ഇറുത്തു തുടങ്ങാന്‍. അലക്ഷ്യഭാവത്തിലൊ അഹങ്കാരത്തോടുകൂടിയോ തുളസിയെ സ്‌പര്‍ശിക്കുപോലും ചെയ്യരുത്.
തുളസിച്ചെടിയുടെ മൂത്ത തടി ചെത്തിയുരുട്ടി ഉണ്ടാക്കുന്ന തുളസിക്കുരുമാല ധരിക്കുന്നവര്‍ക്കു അശ്വമേധം ചെയ്‌താലുണ്ടാകുന്ന പുണ്യം കിട്ടുമെന്നാണു പറയപ്പെടുന്നത്.
തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് പാപ വിമുക്തിയുണ്ടായി വിഷ്ണുലോകത്തിൽ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം.
തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തിൽ പ്രസ്താവിക്കുന്നു.
No comments:
Post a Comment