കാലടി ശ്രീകൃഷ്ണക്ഷേത്രം
വർഷത്തിലൊരിക്കൽ ഐശ്വര്യപൂർണ്ണമായ സ്വർണ നെല്ലിക്ക പ്രസാദമായി നൽകും ഈ തൃക്കാലടിയപ്പനായ ശ്രീ കൃഷ്ണഭഗവാൻ
കാലടിയെന്ന പേരു കേൾക്കാത്ത ഹിന്ദുക്കൾ വളരെ വിരളമാവും. ആദിശങ്കരന്റെ, ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് പരിപാവനമായ കേരളത്തിലെ കാലടിയെന്ന ഗ്രാമത്തെ തഴുകിയൊഴുകുന്ന പെരിയാർ (പൂർണ്ണാനദി ) നദിയുടെ തീരത്താണ് പ്രസിദ്ധമായ കാലടി ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാട് നിന്നും അദ്വൈത സിദ്ധാന്തത്തിന്റേയും ഉപനിഷത്ദർശനങ്ങളുടേയും പ്രചുരപ്രചാരകനായിരുന്ന ആദിശങ്കരന്റെ ജന്മസ്ഥലത്തെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ പ്രിയപ്പെട്ട ആരാധനാലയമാണ് ഈ ശ്രീകൃഷ്ണക്ഷേത്രം. മാത്രമല്ല, എ.ഡി.795ൽ ആദി ശങ്കരനാൽ പുനഃപ്രതിഷ്ഠിക്കപ്പെട്ട ശ്രീകൃഷ്ണവിഗ്രഹമാണ് ഇവിടെയുള്ളത് എന്നത് ഈ ക്ഷേത്രത്തിന്റെ വിശിഷ്ടമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആദിശങ്കരൻറെ അമ്മയുടെ ദേഹവിയോഗവും അതേ തുടർന്ന്‍ ആ പ്രദേശത്തെ ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുണ്ടായ ബഹിഷ്കരണവും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അക്കാലത്തുണ്ടായിരുന്ന പത്ത് നമ്പൂതിരി കുടുംബങ്ങളിൽ ചടങ്ങിൽ പങ്ക് കൊണ്ട രണ്ട് ബ്രാഹ്മണ കുടുംബങ്ങളായ തലയാറ്റുമ്പള്ളിമനയുടേയും കാപ്പിള്ളി മനയുടേയും ഭരണനേതൃത്വത്തിലാണ് ക്ഷേത്രമിപ്പോൾ നിലകൊള്ളുന്നത്. ആദിശങ്കര മാതാവിൻറെ മരണാനന്തര ചടങ്ങിൽ, കാൽ (പാദം) പിടിക്കുകയും തല (ശിരസ്സ്) പിടിക്കുകയും ചെയ്ത പൂക്കാട്മനയും എടമന മനയും യഥാക്രമം തലയാറ്റുമ്പള്ളി മനയെന്നും കാപ്പിള്ളി മനയെന്നും പിന്നീട് അറിയപ്പെട്ടു എന്ന്‍ കുടുംബനാമചരിത്രം. തൃക്കാലടിയപ്പൻ" എന്ന്‍ കൂടി നാമമുള്ള ഇവിടുത്തെ ശ്രീകൃഷ്ണഭഗവാൻ കുലദൈവം ആയിരുന്നതിനാൽ ബാലനായിരുന്ന ശങ്കരനും അമ്മയും തൊട്ടടുത്തുള്ള പൂര്‍ണ്ണ നദിയിലെ സ്നാനത്തിന് ശേഷം ക്ഷേത്രത്തിലെത്തി നിത്യവും ഭജിച്ചു പോന്നിരുന്നു. ഒരിക്കൽ നിത്യസ്നാനത്തിനായി പൂര്‍ണ്ണ നദിയിലേക്ക് പോകുന്ന സമയം, ക്ഷീണിതയായിരുന്ന അമ്മയുടെ നടന്നെത്താനുള്ള ബുദ്ധിമുട്ട് കണ്ട് ശ്രീകൃഷ്ണഭഗവാനോട് അതിനൊരു അറുതി വരുത്തുവാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയുമുണ്ടായി. കൃഷ്ണഭഗവാൻ ഉടൻ തന്നെ "നിൻറെ കാലടികൾ കൊണ്ട് അടയാളപ്പെടുത്തുന്ന സ്ഥലം വരെ നദി ഒഴുകിയെത്തട്ടെ" എന്ന്‍ പറഞ്ഞ് അനുഗ്രഹിച്ചു. അങ്ങനെ അദ്ദേഹം കാലടികളാൽ സ്ഥലം അടയാളപ്പെടുത്തുകയും പൂർണ്ണാനദി തൽക്ഷണം അവിടേയ്ക്ക് തിരിഞ്ഞൊഴുകുകയും ചെയ്തത്രെ! അതു വരെ സസലം എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം പിന്നീട് കാലടി എന്ന പേരിലും ആപൽബാന്ധവനായ ഭഗവാനെ "തൃക്കാലടിയപ്പൻ" എന്നും ഭഗവൽപ്പാദങ്ങൾ പതിഞ്ഞ പുഴക്കടവിനെ "ആറാട്ടുകടവെ"ന്നും അറിയപ്പെട്ടുവരുന്നു. മറ്റൊരിക്കൽ, ബാലനായ ശങ്കരൻ തന്റെ ഉപനയനവുമായി ബന്ധപ്പെട്ടുള്ള ഭിക്ഷാടനത്തിനിടെ നിത്യദാരിദ്ര്യത്തിലും അങ്ങേയറ്റം ദുഖത്തിലും വിഷമിക്കുന്ന ഒരു പ്രായമായ സ്ത്രീയുടെ വീട്ടിൽ ചെല്ലുവാനിടയായി. ഒരു ഉണങ്ങിയ നെല്ലിക്കയല്ലാതെ മറ്റൊന്നും ഭിക്ഷ നൽകുവാനില്ലാതെ വിഷമിച്ച ആ സാധുസ്ത്രീയുടെ ദുഃഖം, ആദിശങ്കരന്റെ അതിപ്രശസ്തമായി തീര്‍ന്ന, "കനകധാരാസ്തവം സ്തോത്ര"മായി പുറപ്പെടുകയും ശ്ലോകം തീന്ന്‍ കഴിഞ്ഞപ്പോൾ, ആ ഭവനത്തിന്റെ വാതിൽപ്പടികളിലേക്ക് ഐശ്വര്യദായകവും സമ്പൽസമൃദ്ധവുമായ സ്വർണ്ണനെല്ലിക്കകൾ വർഷിക്കുവാനും തുടങ്ങി. അന്ന് മുതൽ ആ ഭവനം സ്വർണ്ണത്തുമന എന്ന പേരിൽ അറിയപ്പെട്ടു വരുന്നു. ഈ അത്ഭുത പ്രവർത്തിയുടെ ഓർമ്മയ്ക്കായി ഇപ്പോൾ എല്ലാ വർഷവും അക്ഷയതൃതീയദിനത്തിൽ ഈ ക്ഷേത്രത്തിൽ കനകധാരായജ്ഞം നടത്തുകയും യജ്ഞക്രിയകളിൽ പൂർണമായി പങ്കെടുക്കുന്നവർക്ക് ഭഗവത്പ്രസാദമായി കനകധാരാസ്തവസ്തോത്രം കൊണ്ട് പൂജിക്കപ്പെട്ട ഈ വിശിഷ്ടമായ സ്വർണ്ണനെല്ലിക്കകൾ നൽകുകകയും ചെയ്ത് വരുന്നു. അതിവിശിഷ്ഠമായ ഈ സ്വർണ്ണനെല്ലിക്കകൾ കൈവശം സൂക്ഷിച്ചാൽ സാമ്പത്തിക ക്ളേശങ്ങൾ മാറി ശിഷ്ടജീവിതത്തിൽ സർവൈശ്വര്യസിദ്ധി ലഭ്യമാകും എന്നാണ് വിശ്വാസം. അതിനാൽ എല്ലാ വർഷവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഈ യജ്ഞത്തിൽ പങ്ക്ചേരുക പതിവാണ്. പ്രധാന ദേവതയായ ഭഗവാൻ ശ്രീകൃഷ്ണനോടോപ്പം, ശിവപാർവതിമാർ, ഗണപതി, ശ്രീധർമ്മശാസ്താവ് എന്നീ ഉപദേവതകളും ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ടിക്കപ്പെട്ടിട്ടുണ്ട്. അക്ഷയതൃതീയദിനത്തിൽ നടത്തപ്പെടുന്ന കനകധാരായജ്ഞം , ശ്രീശങ്കരജയന്തി , തിരുവുത്സവം എന്നിവയാണ് വർഷം തോറും നടത്തി വരുന്ന ക്ഷേത്രത്തിലെ പ്രധാന വാര്‍ഷികാഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും സുപ്രധാന റോഡുകളില്‍ ഒന്നായ എം.സി. റോഡില്‍ ഉള്ള കാലടി ജംഗ്ഷനില്‍ നിന്നും കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ ക്ഷേത്രത്തിലേക്ക്. മാത്രമല്ല, ക്ഷേത്രത്തിന് വളരെയടുത്തായി (ഏകദേശം 7 കിലോ മീറ്റര്‍) കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും അങ്കമാലി-കാലടി റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നതിനാല്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് സുഖമായി എത്തിച്ചേരുവാന്‍ സാധിക്കും. രാവിലെ 5 മണി മുതൽ പത്ത് വരെയും വൈകിട്ട് 5 മണിമുതൽ 7.30 വരെയുമാണ് ദർശനസമയം.
Mohan
No comments:
Post a Comment