Sunday, June 10, 2018

യാഗത്തിന്റെ നടപ്പിന് നാലുവിധത്തിലുള്ള ആചാര്യന്മാരെ യജമാനന്‍ വരിക്കണം. ഹോതാവ്, ഉദ്ഗാതാവ്, അധ്വുര്യു, ബ്രഹ്മന്‍ എന്നിങ്ങനെയാണ് ആ നാലുവിധ ആചാര്യന്മാരും അറിയപ്പെടുന്നത്. ദേവതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള വിശിഷ്ടദ്രവ്യങ്ങളുടെ ത്യാഗമാണ് യാഗത്തിന്റെ മുഖ്യകര്‍മ്മങ്ങളില്‍ പ്രാധാന്യമേറിയത്. യാഗത്തിലെ നാലുവിധ ആചാര്യന്മാര്‍ക്കും പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ വേദമന്ത്രങ്ങള്‍കൊണ്ട് ദേവതയെ ആഹ്വാനം ചെയ്യുകയാണ് ഹോതാവിന്റെ പ്രധാന ചുമതല. യജമാനനുവേണ്ടി യാഗദേവതകളെ ക്ഷണിക്കുകയും സ്തുതിക്കുകയും പ്രീതരാക്കുകയും ചെയ്യുവാന്‍ മന്ത്രങ്ങളെ ശസ്ത്രീയമായി ഉദ്ഗതാവ് ഗാനം ചെയ്യുന്നു. യാഗാഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുന്നത് അധ്വുര്യുവാണ്. ബ്രഹ്മന്‍ എല്ലാത്തിന്റേയും മേല്‍ നോട്ടം വഹിക്കുകയും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
യാഗത്തില്‍ പ്രയോഗിക്കുന്ന മന്ത്രങ്ങളുടെ പരിശുദ്ധി ഉദ്ഗാതാവിനെ ആശ്രയിച്ചിരിക്കും. വര്‍ണ്ണങ്ങളെ (മന്ത്രങ്ങളെ)വേണ്ടുംവണ്ണം ഉച്ചരിക്കുവാന്‍ അസാധാരണമായ കഴിവ് ആവശ്യമാണ്. വാഗ്ദേവതയുടെ ഈ കര്‍മ്മം യാഗത്തിന്റെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്.

No comments: