ദക്ഷിണാമൂർത്തി സ്തോത്രം-10
ഈ ജ്ഞാനപരമ്പരയിലെ മഹാൻമാരായ ആചാര്യൻമാർക്കെല്ലാം ദക്ഷിണാ മൂർത്തിയുടെ ദർശനം ഉണ്ടായിട്ടുണ്ട്. രമണഭഗവാനും പറയാതെ പറഞ്ഞ കാര്യമാണ് അരുണാചലത്തിൽ ഭഗവാനെ സിദ്ധരൂപിയായി കണ്ടു എന്ന്. സാധാരണ മനുഷ്യരെ കാണുന്നതു പോലെ ആ പരമ്പരയിലുള്ള മൂർത്തിയുടെ ദർശനം ഉണ്ടായി.
അദ്രാക്ഷം അക്ഷീണം ദയാനിധാനം
നമ്മൾ കാണിക്കുന്ന തോന്നിവാസങ്ങളൊന്നും കണക്കിലെടുക്കാതെ കാരുണ്യം പൊഴിക്കുന്നു ഭഗവാൻ. എന്നെ എത്ര വേണമെങ്കിലും തല്ലിക്കോളു ഞാൻ നന്നാവില്ല എന്ന മട്ടിൽ നമ്മൾ എത്ര സംസാര ദുഃഖം വന്നാലും പഴയ സ്വഭാവവും വാസനകളും കൈവിടുന്നില്ല. എന്നിരുന്നാലും ഇതെല്ലാം വച്ചു പൊറുപ്പിച്ച് ഭഗവാൻ നമ്മുടെ മേൽ അക്ഷീണം കരുണ പൊഴിച്ചു കൊണ്ടേയിരിക്കുന്നു.
അക്ഷീണ ദയാനിധാനം ആചാര്യമാദ്യം വട മൂല ഭാഗേ മൗനേന മന്ദസ്മിത ഭൂഷേത
പ്രഥമാചാര്യൻ വടവൃക്ഷ ചുവട്ടിലിരിക്കുന്നു പ്രബലമായ മൗനവും, ഹൃദയത്തിൽ നിന്നുമുദിക്കുന്ന അലങ്കാരമാകുന്ന മന്ദസ്മിതവും ആ മുഖത്ത് വിരിഞ്ഞിട്ടുണ്ട്.
മഹർഷി ലോകശ്ച തമോ നുദന്തം
മഹർഷിമാരൊക്കെ മുന്നിലിരിക്കുന്നു. അവരുടെ അജ്ഞാനമാകുന്ന ആവരണം ആചാര്യന്റെ ഒരു മന്ദഹാസത്താൽ നീങ്ങുന്നതാണ്.
പ്രഹസിതം പ്രിയ പ്രേമ വീക്ഷണം
ഗോപസ്ത്രീകൾ പറയും കൃഷ്ണനൊന്ന് നോക്കി ചിരിച്ചപ്പൊഴേയ്ക്കും ഉള്ളിൽ ജ്ഞാനമുദിച്ചു. വാക്കു കൊണ്ട് പറയാൻ കഴിയാത്തതെല്ലാം ഹൃദയത്തിൽ പ്രകാശിച്ചു ആത്മാനുഭൂതിയുണ്ടായി. അങ്ങനെയാണ് ആചാര്യനും.
വിദ്രാ വിദാശേഷ തമോ ഗണേന
മുദ്രാ വിശേഷേണ മുഹുർ മുനീനാം
നിരസ്യ മായാം ദയയാ വിദത്തേ
ദേവോ മഹാൻ തത്ത്വമസീ വിബോധം
ഭഗവാൻ തത്ത്വമസി എന്ന് പറഞ്ഞു. എങ്ങനെയെന്നാൽ സനകാദികൾ ദക്ഷിണാ മൂർത്തിയുടെ മുന്നിലായി ഇരുന്നു.
സനകാദികൾ അൻമ്പൊടു കുമ്പിടും പ്രിയമെന്നൊരു വാക്കിന് നീ പൊരുൾ.
സനകാദികൾ ചെന്ന് നമസ്കരിച്ചപ്പോൾ മുന്നിൽ പരബ്രഹ്മ വസ്തുവിനെ കാണുന്നു. ശിഷ്യരോ വെറും ജീവൻ. ശരീരവും, മനസ്സും, അജ്ഞാനത്തോടും വിഷമതകളോടും കൂടിയിരിക്കുന്ന ജീവൻ. ഈ അജ്ഞാനം എങ്ങനെ അകറ്റും എന്ന് ശിഷ്യർ ചോദിച്ചപ്പോൾ ആചാര്യൻ നല്കിയ മുദ്രയാണ് ചിന്മുദ്ര. അതിൽ എല്ലാം അടങ്ങിയിരിക്കുന്നു. ചൂണ്ടു വിരൽ അഹങ്കാരത്തെ സൂചിപ്പിക്കുന്നു. അവൻ, ഇവൻ എല്ലാം ഈ വിരൽ കൊണ്ടാണ് ചൂണ്ടുന്നത്. തള്ള വിരൽ ബ്രഹ്മ വാചിയാണ്. അതില്ലാതെ ഒരു വിരലും പ്രവർത്തിക്കില്ല. അത് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുമില്ല.
ചില അസുഖങ്ങൾക്ക് പ്രായശ്ചിത്തമായി ഈ അംഗുഷ്ടത്തിന് മേൽ ശ്രീ രുദ്രം ചൊല്ലി അഭിഷേകം ചെയ്ത് ആ തീർത്ഥ ജലം കുടിക്കാറുണ്ട്. അംഗുഷ്ടത്തിന് എന്താ ഇത്ര പ്രത്യേകത? അത് ശിവലിംഗമാണ്. അതിന് ഹൃദയസ്ഥാനവുമായി നേരിട്ട് ബന്ധം ഉണ്ട്. അംഗുഷ്ടം ബ്രഹ്മ വാചിയാകുന്നു. അംഗുഷ്ട മാത്രനാണ് പുരുഷൻ എന്ന് പറയുന്നു.
അംഗുഷ്ടം ച സമാശ്രിത:
വേദത്തിൽ പറയുന്നത് അംഗുഷ്ടത്തിൽ ഇരിക്കുന്നു എന്നാണ്. അങ്ങനെ ഒരു മുദ്രയാൽ ആചാര്യൻ തത്ത്വമസി എന്ന് പറയാതെ പറഞ്ഞു. അതോടെ ജന്മ ജന്മാന്തരങ്ങളായുള്ള അജ്ഞാനത്തിന്റെ ഇരുട്ട് ഒരു ക്ഷണത്തിൽ ഇല്ലാതായി അവിടെ തത്ത്വമസിയെന്ന മഹാ വാക്യത്തിന്റെ പൊരുൾ പ്രകാശിച്ചു. ഇവിടെ ഒരു വാക്ക് പോലും ആചാര്യൻ പറഞ്ഞിട്ടില്ല. എല്ലാം മുദ്രാ വിശേഷേണ മുഹുർ മുനീനാം. ഒരു മുദ്രയാൽ വിശേഷിപ്പിച്ചിരിക്കുന്നു.
Nochurji.
Malini dipu
No comments:
Post a Comment