Friday, April 12, 2019



ശ്രീമദ് ഭാഗവതം 118* 

ഇനി എന്താ പ്രാരബ്ധം? സിന്ധുസൗവീര ദേശം മെയിൻ റോഡ്. അവിടെയാണ്  ജഡഭരതന്റെ അടുത്ത പ്രാരബ്ധം. അടുത്തത് കാത്ത് കൊണ്ട്  അവിടെ ഇരിക്കാണ്. 

അപ്പോഴണ്ട് ദാ, സിന്ധുസൗവീരത്തിലെ രാജാവ് രഹൂഗണനെ ഒരു ചപ്രമഞ്ചത്തിൽ വഹിച്ചു കൊണ്ട് വരണു. നാല് പേരായിട്ട്. അവര് പറഞ്ഞു ഒരാളെ കൂടി വലിക്കാൻ കിട്ടിയെങ്കിൽ വണ്ടി നല്ല വണ്ണം ഓടും. .അപ്പണ്ട് ദാ ബലമായിട്ട് ഒരാള് ഇരിപ്പണ്ട്(ജഡഭരതൻ). വിളിച്ചപ്പോ പോന്നു. ആ മഞ്ചത്തിന്റെ കാല് തോളില് വെച്ച് കൊടുത്തു    നടക്കാൻ പറഞ്ഞപ്പോ നടന്നു. പക്ഷെ പതുക്കെ ആണ് നടപ്പ്. ഒരു ഉറുമ്പിനെ പോലും ചവിട്ടാതെയാണ് നടപ്പ്.

രാജാവിനൊരു വിഷമം. രാജാവ് ഇപ്പൊ എവിടേക്കാ പോകുന്നത്? അതും കൂടി പറയണമല്ലോ. എവിടെയോ കപിലമഹർഷിയുടെ lecture ണ്ട്. അത് കേൾക്കാൻ പോവാ. കപിലമഹർഷിയുടെ സത്സംഗത്തിലേക്ക് പോകുന്ന വഴിയിലാണ് ദാ ഈ ഒരു മഹാത്മാവിനെ കൊണ്ട് മഞ്ചം എടുപ്പിച്ചത്. പോണവഴിയിൽ രാജാവ് ചോദിച്ചു എന്താ ഇങ്ങനെ പതുക്കെ പോണത്? അപ്പോ കൂടെയുള്ളവർ പറഞ്ഞു. രാജാവേ ഞങ്ങളുടെ കുഴപ്പം അല്ല. ഇപ്പൊ പുതിയ ആള് വന്നിരിക്കണു. അയാള് നടക്കുന്നത് കണ്ടാൽ അയാള്  തനിച്ചാണ് ഈ മഞ്ചം വഹിക്കാ ന്ന് തോന്നും. 

ഒരു പക്ഷേ വൃദ്ധനായിരിക്കോ?
രാജാവ് തല പുറത്തേക്കിട്ട് നോക്കി. അപ്പോ ദാ നല്ലൊരു യുവാവ്. ബലമുള്ള ശരീരം. രാജാവിന് പരിഹാസ ബുദ്ധി തോന്നി അത്രേ. ഏറ്റവും സ്ഥൂലമനസ്സിന്റെ സ്വഭാവം ആണ് ഈ പരിഹാസബുദ്ധി. പരിഹാസബുദ്ധി തോന്നി രാജാവ് ജഡഭരതനെ പരിഹസിച്ചു പറഞ്ഞു. 
 
അഹോ കഷ്ടം! ഭ്രാത: വ്യക്തമുരു പരിശ്രാന്ത:
ദീർഘമധ്യാനമേക ഏവ ഊഹിവാൻ സുചിരം. 
 നാതിപീവാ ന സംഹനനാംഗോ ജരസാ ചോപ ദ്രുത:

ഓ സഹോദരാ ഇത്ര ദൂരം നീ തനിച്ച് ചുമന്ന് നീ ക്ഷീണിച്ചു ല്ലേ. പാവം നീ വൃദ്ധനാണല്ലോ. മെലിഞ്ഞ ശരീരം. വാർദ്ധക്യം ആയിരിക്കണുവല്ലോ. എന്നൊക്കെ കുറേ പരിഹസിച്ചിട്ടും ഇദ്ദേഹം തിരിഞ്ഞേ നോക്കിയില്ല്യ. എന്താച്ചാൽ ആരെയാ പറയണത്. എന്നെ അല്ലല്ലോ. ശരീരത്തിനെ അല്ലേ.

രമണമഹർഷിയോട് ഒരു ഭക്തൻ ചോദിച്ചു. നമ്മളെ ആളുകൾ ചീത്ത പറഞ്ഞാൽ എന്തു വേണം? അപ്പോ മഹർഷി പറഞ്ഞു. നീയും അവന്റെ കൂടെ ചേർന്ന് നിന്നെ ചീത്ത പറയൂ. അവൻ എന്തിനെയാ ചീത്ത പറയണേ. ശരീരത്തിനെ ല്ലേ നിന്നെ അല്ലല്ലോ. ഈ ശരീരത്തിനെ നീ തന്നെ നിഷേധിച്ചു നീക്കേണ്ടതാണ്. അതിന് അവൻ ഒരു ഉപകാരം ചെയ്തു തരണു. നീയും കൂടെ ചേർന്നോളാ അവന്റെ കൂടെ!!

ഇതി ബഹു വിപ്രലബ്ധോഽപ്യവിദ്യയാ രചിത ദ്രവ്യഗുണ കർമ്മാശയ സ്വ ചരമകളേബരേ അവസ്തുനി സംസ്ഥാന വിശേഷേ അഹം മമേത്യന അധ്യാരോപിത മിഥ്യാ പ്രത്യയ: 

ഇവിടെ രാജാവ് കുറേ ചീത്ത പറഞ്ഞു ജഡഭരതനെ. 

ഞാൻ എന്റെ എന്നുള്ള ഒരു ഭാവം അദ്ദേഹത്തിന് ഇല്ല്യേ ഇല്ല്യ. അതുകൊണ്ട് ശരീരത്തിനെ ചീത്ത വിളിച്ചതോ പരിഹസിച്ചതോ ഒന്നും അദ്ദേഹം കൂട്ടാക്കിയതും ഇല്ല്യ. തിരിഞ്ഞു നോക്കിയതുമില്ല്യ. 

ഞാനാരാ അറിയോ നിനക്ക്?  ഇവിടുത്തെ രാജാവാണ്. ഞാൻ പറയുന്നത് കേൾക്കാതെ ബഹുമാനിക്കാതെ നടക്കുന്നോ? തന്നെ ഞാൻ ദണ്ഡിക്കും. കുറേ ശകാരിച്ചു. 

ഒരു പക്ഷേ ജഡഭരതൻ ഈ ജന്മത്ത് ആരേയും നോക്കീട്ടേ ണ്ടാവില്ല്യ. കണ്ണൊക്കെ തുറന്നണ്ടല്ലാതെ ഉദാസീനഭാവാണ്. ഒരാളെയും ശ്രദ്ധിച്ചിട്ടേ ണ്ടാവില്ല്യ. അദ്ദേഹത്തിന് ഒന്നിലും താത്പര്യമില്ല്യ. ഒരു പക്ഷേ ആദ്യായിട്ട് രഹൂഗണനെ ഒന്ന് നോക്കി. ആ ദൃഷ്ടിയിൽ രാജാവ് ചൂളിപ്പോയി☺
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi Prasad

No comments: