Wednesday, January 15, 2020

[15/01, 21:00] +91 94955 57148: ഹരിനാമകീർത്തനം - 64

അരയന്നങ്ങളും കാക്കയും

ഏകാന്തയോഗം സ്വതഃസിദ്ധമായിത്തീരുംമുമ്പ് ഒരാളതനുകരിക്കാൻ
മുതിർന്നാൽ കടലിനുമീതെ
പറന്നുകടന്ന അരയന്നങ്ങളുടെ പിന്നാലെ കടൽ കടക്കാൻ ശ്രമിച്ച കാക്കയുടെ സ്ഥിതി വന്നു ചേരുമെന്നു മുന്നറിയിപ്പു നല്കുകയാണ് ഒടുവിലത്തെ രണ്ടു വരികളിലൂടെ. മഹാഭാരത
യുദ്ധത്തിൽ കർണ്ണന്റെ തേർ തെളിക്കാൻ ദുര്യോധനനാൽ ശല്യർ നിയുക്തനായി. കർണ്ണന്റെ അഹന്ത കണ്ട് ശല്യർ കർണ്ണനോടു പറയുന്നതാണ് അരയന്നങ്ങളുടെയും കാക്കയുടെയും ഈ കഥ. എഴുത്തച്ഛൻ തന്നെ മഹാഭാരതം കർണ്ണപർവ്വത്തിൽ ഈ കഥ വിശദമായി വിവരിച്ചിട്ടുണ്ട്. വൈശ്യന്മാർ കൊടുത്ത എച്ചിൽ തിന്നു വളർന്ന ഒരു കാക്ക തടിച്ചുകൊഴുത്ത് അഹങ്കരിച്ച് അരയന്നങ്ങളോടൊപ്പം പറന്നു കടൽ കടക്കാൻ കൊതിച്ചു. അരയന്നങ്ങൾ കടലിനു മീതെ നിഷ്പ്രയാസം പറന്നുപോയി. കാക്കയുടെ സ്ഥിതി എഴുത്തച്ഛൻ തന്നെ ഇങ്ങനെ വർണിച്ചിരിക്കുന്നു. കുറേ ദൂരം പറന്നതോടെ,

തളർന്നു കാകനും ചിറകു മന്ദിച്ചു
കുഴഞ്ഞു വെള്ളത്തിൽ പിടഞ്ഞുവീണുടൻ
കഴിഞ്ഞു കാകൻതന്നഹങ്കാരമെല്ലാം
വിധിബലമല്ലോ മരിച്ചാനപ്പോഴെ.

     സച്ചിദാനന്ദസമുദ്രത്തിൽ അനായാസം നീന്തിക്കളിക്കുന്ന ഏകാന്തിയോഗികളായ പരമഹംസന്മാരെ വൃഥാ അനുകരിക്കാൻ ശ്രമിക്കുന്ന സന്യാസി കാകന്മാർക്കും ഈ സ്ഥിതി വന്നുചേരാനിടയാകുമെന്നാണ് ആചാര്യൻ ദൃഷ്ടാന്തംകൊണ്ടു വെളിപ്പെടുത്തിയിരിക്കുന്നത്.

     സർവ്രത ഏകവസ്തുവിനെ കണ്ടനുഭവിക്കുകയാണ് പരമലക്ഷ്യം. എന്നാൽ മായ പലതു കാട്ടുന്നതുകൊണ്ട് ഏകത്വബോധം അത്യന്തം
ദുഷ്കരമായിരിക്കുന്നു. അതുകൊണ്ട് ആദ്യമായി അനന്തപ്രപഞ്ചമായി
കാണപ്പെടുന്ന ദ്വൈതം ഏതാനും അടിസ്ഥാനതത്വങ്ങളിൽ ഒതുക്കിനിറുത്താമോ എന്നന്വേഷിക്കാം. അവിടെയും ആചാര്യന്മാർക്കു മതഭേദമുണ്ട്.
മതഭേദരഹസ്യം നാം പത്താംക്ലോകത്തിന്റെ വ്യാഖ്യാനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും എഴുത്തച്ഛൻ എല്ലാ അഭിപ്രായഭേദങ്ങളെയും ഉൾക്കൊള്ളത്തക്കവണ്ണം തൊണ്ണൂറ്റാറെന്ന ഏറ്റവും വലിയ സംഖ്യ അംഗീകരിച്ചുകൊണ്ട് തത്ത്വങ്ങളെ എണ്ണിപ്പറയുകയാണ് അടുത്ത പദ്യത്തിൽ

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെഞ്ചുന്നു
മേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്ന നാഥ ഹരിനാരായണായ നമഃ

     ഇരുപത്തിയഞ്ചും, പിന്നെയൊരഞ്ചും, ഒരു പതിനൊന്നും, പിന്നെയൊരെട്ടും, അതുപോലെ വീണ്ടും ഒരെട്ടും, പിന്നെ ഇരുപത്തിനാലും,
പിന്നെ ഏഴും, വേണ്ടപോലെ പിന്നെ ഒരഞ്ചും, ഒരു മൂന്നും ഇങ്ങനെ തൊണ്ണൂറ്റാറു തത്ത്വങ്ങളിൽ നിറഞ്ഞു വർത്തിക്കുന്ന നാഥനായ ഹരിനാരായണനു നമസ്കാരം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[15/01, 21:01] +91 94955 57148: വിവേകചൂഡാമണി - 145

വിഷമവിഷയമാർഗ്ഗൈർ ഗച്ചതോऽനച്ഛബുദ്ധേഃ
പ്രതിപദമഭിയാതോ മൃത്യുരപ്യേഷ വിദ്ധി
ഹരിതസുജനഗുരുക്ത്യാ ഗച്ഛതഃ സ്വസ്യ യുക്ത്യാ
പ്രഭവതി ഫലസിദ്ധിഃ സത്യമിത്യേവ
വിദ്ധി                                               (81)

     വിഷമമായ വിഷയ മാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുന്ന മുഢ ബുദ്ധിയായ മനുഷ്യന്റെ ഓരോ കാൽവെപ്പിലും മൃത്യു  കൂടെത്തന്നെയുണ്ടെന്നറിയുക. ശുഭകാംക്ഷികളായ സജ്ജനങ്ങളുടേയും ഗുരുവിന്റേയും ഉപദേശമനുസരിച്ചും സ്വന്തം യുക്തി ഉപയോഗിച്ചും ദിവ്യജീവിതം നയിക്കുന്നവന് ഫലസിദ്ധി ഉണ്ടാവുകയും ചെയ്യുന്നു. ഇത് സത്യം തന്നെയെന്നറിഞ്ഞാലും.

     ആത്മസാക്ഷാത്കാരത്തിന് വേദാന്തം നിഷ്കർഷിക്കുന്ന
സാധന ധ്യാനമാണ്. മനസ്സ് പ്രസന്നമായിരിക്കുമ്പോൾ മാത്രമേ -- കാമനകളാൽ വിക്ഷിപ്തമാവാതെ പ്രശാന്തമായിരിക്കുമ്പോൾ
മാത്രമേ --- ധ്യാനം വിജയകരമാവുകയുള്ളൂ. വിഷയജീവിതം നയിക്കുന്നവന്റെ ചിത്തത്തിൽ വിക്ഷേപഹേതുക്കളായ ബഹുവിധ കാമങ്ങൾ സദാ മാറിമാറി വന്നുകൊണ്ടിരിക്കും. അയാൾക്ക് ധ്യാനജീവിതത്തിലോ വിഷയജീവിതത്തിലോ വിജയം കൈവരിക്കാൻ സാധിക്കയില്ല. നടന്നു ക്ഷീണിച്ചവന് തളർച്ച മാറി ആശ്വാസം കിട്ടണമെങ്കിൽ വിശ്രമിക്കണം -- നടന്നുകൊണ്ടുതന്നെയിരുന്നാൽ പറ്റില്ല. നിത്യവും ഇഞ്ചക്ഷൻ, എടുക്കുന്നുണ്ടെങ്കിലും, പഞ്ചസാര കഴിക്കുന്നത് തുടരുകയാണെങ്കിൽ പ്രമേഹരോഗിയുടെ ദേഹത്തിൽ
പഞ്ചസാരയുടെ അംശം കുറയില്ല.

     വിക്ഷേപഹേതുക്കളായ ബഹുവിധകാമങ്ങളാലാണ് ചിത്തം ശിഥിലമായിത്തീരുന്നത്. അനാരോഗ്യകരമായ ഈ അവസ്ഥ വിട്ട്, മനസ്സ് അരോഗദൃഢമായി പൂർവസ്ഥിതി പ്രാപിക്കണമെങ്കിൽ അതിൽ കടന്നുകൂടിയിരിക്കുന്ന രോഗബീജങ്ങളെ അകറ്റണം -- നശിപ്പിക്കണം. അതിനുവേണ്ടിയാണ് അനിയന്ത്രിതമായി, അത്യാർത്തിയോടെ മനസ്സ് വിഷയങ്ങളിൽ മുഴുകരുത് എന്ന് ശാസ്ത്രം വിലക്കുന്നത്.

    ഈ വസ്തുതയെ വളരെ സമർത്ഥമായി ഇവിടെ പ്രതിപാദിക്കുന്നു. പ്രിയങ്കരങ്ങളായ വിഷയങ്ങളിൽ മുഴുകിക്കൊണ്ടുള്ള ജീവിതം മൃത്യുവിലേക്കും, ആത്മസംയമനത്തോടുകൂടിയ
സദാചാരജീവിതം അമൃതത്വത്തിലേക്കും ജീവനെ നയിക്കും എന്ന് ശ്രുതികൾ പ്രഖ്യാപിക്കുന്നുണ്ട്. അതു തന്നെ
ശ്രീ ശങ്കരൻ ഇവിടെ
ആവർത്തിക്കുകയാണ്. അതിരുകവിഞ്ഞ വിഷയാസക്തി അനാരോഗ്യകരമാണെന്നും, അനിയന്ത്രിതമായ വിഷയഭുക്തിയിലൂടെ ബലവീര്യങ്ങൾ നശിച്ച് ശരീരം ക്ഷയിക്കുമെന്നും "ശരീരശാസ്ത്ര'വും
പ്രഖ്യാപിക്കുന്നുണ്ടല്ലോ. എന്നാൽ വേദാന്തത്തിൽ "മൃത' എന്നതിന് ജീവൻ വെടിയുമ്പോഴുള്ള ശരീരപതനം ആ സമയത്തെ ദേഹനില --- എന്നു മാത്രമല്ല അർത്ഥം. മാറ്റത്തിന് വിധേയവും നശ്വരവുമായ എല്ലാ അവസ്ഥകളും അതുൾക്കൊള്ളുന്നു. പരിണമിക്കുക --  പൂർവ്വരൂപം വെടിയുക -- പുത്തൻരൂപം കൈക്കൊള്ളുക -- കാലത്തിന്
വിധേയമാവുക -- അതത്രെ മൃത്യു.

     പ്രിയങ്കരങ്ങളായ വിഷയങ്ങളിൽ മുഴുകിക്കൊണ്ടുള്ള ഭോഗാലസമായ ജീവിതം മൃഗീയവികാരങ്ങളെ കൂടുതൽ ദൃഢമാക്കിത്തീർക്കുന്നു. രൂഢമൂലമായ ആ സംസ്കാരത്തിനനുസൃതമായി
മാത്രമേ പിന്നീട് ആ വ്യക്തിയുടെ വിചാരധാര പ്രവഹിക്കയുള്ളൂ.
അധാർമ്മികപ്രവൃത്തികൾ ചെയ്യാൻ മൂഢബുദ്ധികൾക്ക് ഒട്ടും
സങ്കോചമുണ്ടാവില്ല. കാമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയാതെ അവർ അധഃപതിച്ച് നശിക്കുന്നു. ഇതാണ് അധഃപതനത്തിനു വഴി തെളിയിക്കുന്ന വിഷയമാർഗ്ഗത്തിന്റെ സ്വരൂപം.

ഓം. സ്വാമി ചിന്മയാനന്ദ.
  • തുടരും.

No comments: