Friday, January 10, 2020

ശ്രീ ചർമശൈലനിലയാ ശരണം .
റേഷൻ കടയിൽ ചെല്ലുമ്പോൾ കാർഡില്ലാത്തവർക്കു റേഷൻ കിട്ടില്ല. പാസ്‌പോർട്ടും വിസയും ഇല്ലാത്തവർക്ക് വിദേശ യാത്ര അനുവദനീയമല്ല. അതുപോലെ തന്നെ ആണ് ഈശ്വരാനുഗ്രഹവും. ഭക്തിയും സമർപ്പണവും ഇല്ലാത്തവരെ ഈശ്വരൻ കടാക്ഷിക്കില്ല. കഷ്ടകാലം വരുമ്പോൾ മാത്രം  ഈശ്വരനെ വിളിച്ചിട്ടോ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടോ ഒരു ഫലവും ഉണ്ടാകില്ല. സദാപി ഈശ്വരനെ ആത്മ സമർപ്പണത്തോടെ സ്മരിക്കുന്നവർക്കൊപ്പം ഈശ്വര സാന്നിധ്യം ഉണ്ടാകും.  അങ്ങനെ ഉള്ളവർക്ക് കഷ്ടകാലം ഉണ്ടാകും മുൻപ് തന്നെ ഈശ്വരൻ അത് നീക്കിക്കളഞ്ഞിരിക്കും. അവർക്കു ഹിതമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും. ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ഞാനെത്ര നാമം ജപിച്ചിട്ടും അമ്പലങ്ങളിൽ വഴിപാടുകൾ നടത്തിയിട്ടും ഈശ്വരൻ എന്നെ സഹായിച്ചില്ല. നോക്കൂ ഇവിടെ ഈശ്വരനെ കുറ്റപ്പെടുത്തും മുൻപ് ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങൾ നാമം ജപിച്ചപ്പോളും വഴിപാടുകൾ നടത്തിയപ്പോളും ഭഗവാനിൽ ആത്മസമർപ്പണം ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. ഭഗവാന് നാമജപകീർത്തനങ്ങളോ വിലകൂടിയ വഴിപാടുകളോ ആവശ്യമില്ല. അതെല്ലാം നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. ഒരു കരാർ അടിസ്ഥാനത്തിൽ നിങ്ങളുദ്ദേശിക്കുന്ന ജോലി ഏറ്റെടുക്കുന്ന കോൺട്രാക്റ്ററോ നിങ്ങളുടെ വേലക്കാരനോ അല്ല ഈശ്വരൻ എന്ന് മനസിലാക്കുക, ഹിതമായതു വരുത്താൻ മാത്രം പ്രാർത്ഥിക്കുക. സ്വന്തം കാര്യലാഭത്തിനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന ഭക്തരെക്കാൾ ഈശ്വരന് കൂടുതൽ ഇഷ്ടം മറ്റുള്ളവർക്ക് നന്മയുണ്ടാകാൻ പ്രാര്ഥിക്കുന്നവരോടാകും. കാരണം നിങ്ങളെക്കാൾ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരും ഭഗവാന്റെ മക്കൾ തന്നെ ആണല്ലോ. നാല് കുട്ടികൾ ഉള്ള ഒരച്ഛൻ ഒരു ആപ്പിൾ കൊണ്ട് വന്നു മൂത്ത കുട്ടിയെ ഏൽപ്പിക്കുന്നു എന്ന് സങ്കൽപ്പിക്കുക. ആ ഒരേയൊരു ആപ്പിൾ തുല്യമായി മുറിച്ചു തന്റെ സഹോദരങ്ങൾക്ക് കൂടി  ആ കുട്ടി വീതിച്ചു നൽകുമ്പോൾ ആ അച്ഛനുണ്ടാകുന്ന സംതൃപ്തിയും സന്തോഷവും തന്നെയാണ് ഈശ്വരൻ നിങ്ങള്ക്ക് ഒരു അനുഗ്രഹം നൽകുമ്പോൾ പ്രതീക്ഷിക്കുക എന്ന് തിരിച്ചറിയുക. എന്നും ഈശ്വരനെ വിളിക്കുന്നത് കൊണ്ട് എന്ത് ഫലമെന്ന് ചോദിക്കുന്നവരുണ്ട്. ഫലമുണ്ട്. എന്നും ഫോൺ ചെയ്യുന്നവരുടെ ശബ്ദം കേട്ടാൽ ആരാണ് എന്ന് നിങ്ങൾ തിരക്കാറില്ലല്ലോ. എന്താണ് കാര്യമെന്നും എളുപ്പം മനസ്സിലാവുകയും ചെയ്യും. അതുപോലെ എന്നും ഈശ്വരനാമജപം കൊണ്ട് ഫലമുണ്ട്. ആത്മാർത്ഥതയോടെ ജപിക്കുന്നവർ അത് സാക്ഷ്യപ്പെടുത്തിയിട്ടും ഉണ്ട്. നാമജപ തരംഗങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അതി ശക്തമായ പോസിറ്റിവ് ഊർജ്ജത്തെ കുറിച്ചും അത് എങ്ങനെ നമ്മുടെ ജീവിതത്തെ ഐശ്വര്യ സമാധാന പൂർണമാക്കുന്നു എന്നതിനെ കുറിച്ചും സാക്ഷാത്കാരങ്ങൾ നിരവധി. ജപിക്കൂ. ഭഗവൽ നാമ സങ്കീർത്തനം കൊണ്ട് മുഖരിതമാകട്ടെ, ധന്യമാകട്ടെ  മനസ്സും  വപുസ്സും, തപസ്സും.
ശംഭോ മഹാദേവ .
രക്ഷ രക്ഷ മഹേശ്വരാ
രക്ഷ രക്ഷ മഹേശ്വരീ.

No comments: