Sunday, January 12, 2020

*പ്രാണശക്തികളും, അവയുടെ ധർമ്മങ്ങളും*
----------------------------------------

നമ്മുടെ ശരീരത്തിൽ കുടികൊള്ളുന്ന  ദൈവീക ശക്തിയാണ്  പ്രാണൻ.  നമ്മെ ജീവിപ്പിക്കുന്ന/ നിലനിർത്തുന്ന / നയിക്കുന്ന / നിയന്ത്രിക്കുന്ന ശക്തി വിശേഷം  #പ്രാണനാണ്. ഒരു ഓഫീസിൽ വിവിധ ജോലികൾ ചെയ്യാൻ മാനേജർ, ക്ലർക്ക്, അക്കൗണ്ടന്റ്, പ്യൂൺ, സെക്യൂരിറ്റി എന്നിവർ ഉള്ളതുപോലെ, അവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ കൃത്യമായി നിറവേറ്റുന്നതു പോലെ നമ്മുടെ ശരീരത്തിൽ നടക്കുന്ന കോടാനുകോടി ജൈവ - രാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന / നയിക്കുന്ന / ഏകോപിപ്പിക്കുന്ന / ആരോഗ്യവത്താക്കുന്ന സൂഷ്മ ശക്തികളാണ് പ്രാണനുകൾ.

*10 പ്രാണശക്തികൾ*

1. *പ്രാണൻ*

നമ്മുടെ ശരീരത്തിന്റെ  ഹൃദയ ഭാഗത്ത്, സൂഷ്മ ശരീരത്തിൽ #അനാഹത ചക്രത്തിലിരുന്ന് നെഞ്ചിന്റെ ഭാഗത്തുള്ള സർവ്വനാഡീഞരമ്പുകളേയും, അംഗങ്ങളേയും, വിശിഷ്യ ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങൾക്കും ചൈതന്യം പകരുന്നതും , പ്രവർത്തിപ്പിക്കുന്നതും ഈ പ്രാണശക്തിയാണ്.

2. *അപാനൻ*

ഈ പ്രാണൻ കുടികൊള്ളുന്നത് #മൂലാധാര ചക്രസ്ഥാനമായ ഗുദ ഭാഗത്താണ്. അത് ചെറുകുടലിന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച് ശരീരത്തിലേയ്ക്ക് പോഷകങ്ങളെ വലിച്ചെടുക്കുകയും, വൻകുടലിനെ സ്വാധീനിച്ച് മലമൂത്ര വിസർജ്ജനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

3. *സമാനൻ*

ഭക്ഷണത്തിന്റെ ദഹനപ്രക്രിയയെ സ്വാധീനിക്കുന്ന ഈ പ്രാണശക്തി അധിവസിക്കുന്നത് സൂര്യചക്രത്തിന്റെ / #മണിപൂരക ചക്രത്തിന്റെ സ്ഥാനമായ നാഭി പ്രദേശത്താണ്. ഈ പ്രാണനാണ് ജoരാഗ്നിയെ ജ്വലിപ്പിച്ച് ഭക്ഷണത്തെ ദഹിപ്പിക്കുന്നത്.

4. *ഉദാനൻ*

നമ്മുടെ ശരീരത്തിൽ കഴുത്തിൽ തൊണ്ടക്കുഴിയുടെ ഭാഗത്തുള്ള #വിശുദ്ധി ചക്രത്തിൽ നിലകൊള്ളുന്ന ഈ പ്രാണശക്തി കണ്ണ്, മൂക്ക്, വായ്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കുകയും, നിർവഹിക്കുകയും ചെയ്യുന്നു.

5. *വ്യാനൻ*

ശരീരത്തിൽ നടക്കുന്ന രക്തചംക്രമണ വ്യവസ്ഥയെ കൃത്യമായി നിർവഹിക്കുക, ശരീരത്തിന് സ്പർശന ശക്തി നൽകുക, കൈകാലുകളുടെ പ്രവർത്തനങ്ങൾക്ക് ചേതന നൽകുക എന്നീ ചുമതലകൾ വ്യാനൻ നിർവഹിക്കുന്നു. വ്യാനൻ ശരീരമാകെ വ്യാപിച്ച് നിൽക്കുന്ന പ്രാണ ചൈതന്യമാണ്.

6. *നാഗൻ*

ഉപപ്രാണനായ നാഗൻ ഭക്ഷണത്തോടൊപ്പം അകത്ത് കടന്ന് ഏമ്പക്കത്തിലൂടെ പുറത്ത് വന്ന് ശരീരത്തിൽ നടത്തുന്ന ദഹനക്രിയയയെ സഹായിക്കുന്ന ശക്തിയാണ്.

7. *കൃകരൻ*

ഈ ഉപപ്രാണവായു മൂക്കിൽ സ്ഥിതി ചെയ്യുന്നു. അനാവശ്യമായ  സൂഷ്മ കണങ്ങളെ മൂക്കിലൂടെ ശരീരത്തിൽ കടക്കാൻ അനുവദിക്കാതെ തടയുകയും, അവയെ തുമ്മലിലൂടെ പുറം തള്ളി ശ്വാസോച്ഛാസ പ്രക്രിയയെ എളുപ്പമുള്ളതാക്കുന്നു.

8. *ദേവദത്തൻ*

കോട്ടുവാ നൽകി ശരീരത്തിന് വിശ്രമത്തിന്റെ ആവശ്യ ഗതയെ ഓർമ്മിപ്പിക്കുന്ന ഉപപ്രാണശക്തിയാണിത്.

9. *കൂർമ്മൻ*

നയന രക്ഷയാണ് പ്രധാന ചുമതല.രാവുംപകലുമില്ലാതെ നടക്കുന്ന കണ്ണിന്റെ ഇമവെട്ടൽ ഈ പ്രാണന്റെ നിയന്ത്രണത്തിലാണ്.

10. *ധനജ്ഞയൻ*

മരണസമയത്ത് പഞ്ചപ്രാണനുകളും, ഉപപ്രാണനുകളിൽ നാലെണ്ണവും ശരീരത്തെ വിട്ടു പോയ ശേഷവും ധന ജ്ഞയ പ്രാണൻ അൽപസമയം ശരീരത്തിൽ തങ്ങി അതിന്റെ ചൂടാറാതെ സൂക്ഷിക്കുന്നു. ശേഷം സ്ഥൂല ശരീരത്തിൽ നിന്നും സൂഷ്മ ശരീരത്തെ / ആത്മാവിനെ വേർപ്പെടുത്തി സൂഷ്മ ലോകത്തേയ്ക്ക് നയിക്കുന്നതും ഈ പ്രാണനാണ്.

ചുരുക്കത്തിൽ നമ്മുക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെല്ലാം തന്നെ ഒരു തരത്തിൽ പറഞ്ഞാൽ പ്രാണന്റെ ഏറ്റക്കുറച്ചിലുകൾ മൂലമാണെന്ന് പറയാം. പ്രാണശക്തികൾ ശരിയായി സമതുലിതമായി പ്രവർത്തിക്കുമ്പോഴാണ് പൂർണ ആരോഗ്യം  ലഭിക്കുന്നതെന്ന് സ്പഷ്ടം. പ്രാണായാമ പരിശീലനത്തിലൂടെ പ്രാണശക്തികൾ ശരിയായി പ്രവർത്തിക്കുകയും സമ്പൂർണ ആരോഗ്യം സിദ്ധിക്കുകയും ചെയ്യുമെന്ന് യോഗിമാർ പറയുന്നു.

പ്രാണായാമം ചെയ്യൂ... പൂർണ ആരോഗ്യം നേടൂ..

No comments: